Categories
international news trending

കുതിപ്പിനൊരുങ്ങി ഊര്‍ജ്ജ മേഖല; ലോകത്തിലെ ഏറ്റവും വലിയ ‘വൈറ്റ് ഹൈഡ്രജൻ’ ശേഖരം കണ്ടെത്തി, 1250 മീറ്റര്‍ താഴ്‌ചയില്‍ 250 മില്യണ്‍ മെട്രിക് ടണ്‍ ഹൈഡ്രജൻ

പരമ്പരാഗത ഇന്ധനങ്ങള്‍ക്ക് ബദലായി വൈറ്റ് ഹൈഡ്രജനെ ഉപയോഗപ്പെടുത്താം

ഊര്‍ജ്ജ മേഖലയില്‍ വിപ്ലവത്തിനുള്ള സാധ്യതയിലേക്ക് വിരല്‍ ചൂണ്ടി ‘വൈറ്റ് ഹൈഡ്രജൻ’ ശേഖരം കണ്ടെത്തി. ഫ്രാൻസിലെ ശാസ്ത്രജ്ഞരാണ് കണ്ടെത്തലിന് പിന്നില്‍. ശാസ്ത്രജ്ഞരായ ജാക്വസ് പിറോണനും ഫിലിപ്പ്.ഡി ഡൊണാറ്റോയും ഫ്രാൻസില്‍ ഫോസില്‍ ഇന്ധനങ്ങള്‍ക്കായി തിരച്ചില്‍ നടത്തുന്നതിനിടെയാണ് വൈറ്റ് ഹൈഡ്രജൻ ശേഖരം കണ്ടെത്തിയത്.

ഭൂമിയില്‍ നിന്ന് 1,250 മീറ്റര്‍ താഴെയായി ഹൈഡ്രജൻ്റെ ഉയര്‍ന്ന സാന്ദ്രത കണ്ടെത്തി. ഏകദേശം ആറ് ദശലക്ഷം മുതല്‍ 250 ദശലക്ഷം മെട്രിക് ടണ്‍ ഹൈഡ്രജൻ അടങ്ങിയിട്ടുണ്ടാകാം എന്നാണ് കണക്കുകൂട്ടല്‍. ശുദ്ധ ഊര്‍ജമായാണ് വൈറ്റ് ഹൈഡ്രജനെ കണക്കാക്കുന്നത്. ഭൂവല്‍ക്കത്തിലാണ് ഇത് ഉത്പാദിപ്പിക്കപ്പെടുന്നത്. ഹൈഡ്രജൻ്റെ മറ്റ് രൂപങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് വൈറ്റ് ഹൈഡ്രജൻ. കത്തുമ്പോള്‍ മാത്രമാണ് വൈറ്റ് ഹൈഡ്രജൻ ജലം ഉത്പാദിപ്പിക്കുന്നത്. ഹൈഡ്രജൻ്റെ ഈ വകഭേദം ഉത്പാദിപ്പിക്കപ്പെടുന്ന സമയത്ത് ഹരിതഗൃഹ വാതകങ്ങള്‍ സൃഷ്ടിക്കുന്നില്ല. അതുകൊണ്ടാണ് ‘വൈറ്റ് ഹൈഡ്രജൻ’ എന്ന് പേര് വന്നത്.

ഒരു ലബോറട്ടറിയില്‍ മാത്രമാണ് വൻ തോതില്‍ വൈറ്റ് ഹൈഡ്രജൻ ഉത്പാദിപ്പിക്കാൻ കഴിയുവെന്നാണ് ഇതുവരെ ശാസ്ത്രലോകം കരുതിയിരുന്നത്. ഈ സാഹചര്യത്തില്‍ ഈ കണ്ടെത്തല്‍ കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നു. ഗ്രീൻ ഹൈഡ്രജൻ, ഗ്രേ ഹൈഡ്രജൻ തുടങ്ങി ഹൈഡ്രജൻ്റെ മറ്റ് രൂപങ്ങള്‍ വൈദ്യുത വിശ്ലേഷണത്തിലൂടെ ലാബില്‍ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. പരമ്പരാഗത ഇന്ധനങ്ങള്‍ക്ക് ബദലായി വൈറ്റ് ഹൈഡ്രജനെ ഉപയോഗപ്പെടുത്താവുന്നതാണ്. വാഹനങ്ങള്‍ക്കുള്ള ഇന്ധന സെല്ലുകളിലും മറ്റ് വ്യവസായിക പ്രക്രിയകളിലും ഇത് ഉപയോഗപ്പെടുത്താൻ കഴിയും.

റഷ്യ, ഒമാൻ, മാലി തുടങ്ങി രാജ്യങ്ങളിലാണ് ഇതിന് മുമ്പ് വൈറ്റ് ഹൈഡ്രജൻ ശേഖരം കണ്ടെത്തിയിട്ടുള്ളത്. ഇതില്‍ ഭൂരിഭാഗവും വളരെ ചെറിയ ശേഖരണങ്ങളിലോ ഉള്‍ക്കടലിലോ ആയിരുന്നു. ഇവ ഖനനം ചെയ്‌ത്‌ കണ്ടെത്താനുള്ള സാമ്പത്തിക ചെലവ് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. എന്നാല്‍ ഇത്തവണ കണ്ടെത്തിയ ശേഖരം കണ്ടെത്തിയതില്‍ ഏറ്റവും വലിയ ശേഖരവും ഒപ്പം ഭൂമിയില്‍ നിന്ന് വളരെ കുറച്ച്‌ ആഴത്തിലുമാണ് കാണപ്പെടുന്നത്.

വൈറ്റ് ഹൈഡ്രജനെ എങ്ങനെ വാണിജ്യ വത്കരിക്കാമെന്ന് നിരവധി സ്റ്റാര്‍ട്ടപ്പുകള്‍ ഇതിനകം പര്യവേക്ഷണം ചെയ്യുന്നുണ്ട്. കേവലം ഒരു ശതമാനം കണ്ടെത്തുകയോ ഉത്പാദിപ്പിക്കുകയോ ചെയ്‌താല്‍ 200 വര്‍ഷത്തേക്ക് 500 ദശലക്ഷം ടണ്‍ ഹൈഡ്രജൻ നല്‍കുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ഒരു കിലോഗ്രാം ഗ്രീൻ ഹൈഡ്രജൻ ഉത്പാദിപ്പിക്കാൻ ആറ് ഡോളര്‍ ആവശ്യമായി വരുമ്പോള്‍ വൈറ്റ് ഹൈഡ്രജൻ ഉത്പാദിപ്പിക്കാനായി ഒരു ഡോളര്‍ മാത്രമാണ് ചെലവായി വരുകയുള്ളൂ.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest