Categories
local news news

സ്ത്രീ പ്രശ്‌നങ്ങളെ സാമാന്യവത്ക്കരിക്കുന്ന പ്രവണത പാടില്ല; വനിതാ കമ്മീഷൻ

കാസറഗോഡ്: സ്ത്രീ പ്രശ്‌നങ്ങളെ സാമാന്യവത്ക്കരിക്കുന്ന പ്രവണത സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ടെന്നും അത് മാറേണ്ടതാണെന്നും കേരള വനിതാ കമ്മീഷൻ അംഗം പി കുഞ്ഞായിഷ പറഞ്ഞു. മുൻ വർഷങ്ങളിൽ കാസര്‍കോട് ജില്ലയില്‍ പരാതികളുടെ എണ്ണം പൊതുവേ കുറവായിരുന്നുവെന്നും വനിതാകമ്മീഷൻ്റെ നിരന്തരമായ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളുടെ ഫലമായി കമ്മീഷന് മുന്നിലെത്തുന്ന പരാതികളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം പറഞ്ഞു. കാസർഗോഡ് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വനിതാ കമ്മീഷൻ സിറ്റിങ്ങിനു ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു വനിതാ കമ്മീഷൻ അംഗം സ്ത്രീധനം ഗാര്‍ഹിക പീഡനം, വഴിതര്‍ക്കങ്ങള്‍, സ്വത്ത് തര്‍ക്കങ്ങള്‍, ആരോഗ്യരംഗത്തെ കൃത്യവിലോപം തുടങ്ങിയ പരാതികളാണ് കമ്മീഷന് മുന്നിലെത്തിയത്. സൗഹൃദങ്ങള്‍ ചൂഷണം ചെയ്ത് സാമ്പത്തിക ഇടപാടുകള്‍ നടത്തുകയും തുടര്‍ന്ന് സങ്കീര്‍ണമാകുന്ന പ്രശ്‌നങ്ങളും കമ്മീഷന് മുന്നിലെത്തി. സ്വകാര്യ സ്ഥാപനങ്ങളില്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാതെ ജീവനക്കാരെ പിരിച്ചു വിടുന്ന പ്രവണതയും വര്‍ധിക്കുന്നു. വിദ്യാസമ്പന്നരായ സ്ത്രീകള്‍ക്ക് പോലും സ്ഥാപനങ്ങളിലെ ഇന്റേണല്‍ കമ്മറ്റികളെ കുറിച്ചും തദ്ദേശ സ്ഥാപനങ്ങളിലെ ജാഗ്രതാ സമിതികളെക്കുറിച്ചും അറിവില്ലായ്മയുണ്ടെന്നും. കമ്മീഷൻ്റെ വിവിധ ബോധവത്ക്കരണ ക്ലാസുകളും പ്രവര്‍ത്തനങ്ങളും തുടരുകയാണെന്നും കമ്മീഷന്‍ അംഗം പറഞ്ഞു. കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങ്ങില്‍ 43 പരാതികള്‍ പരിഗണിച്ചു. 13 ഫയലുകള്‍ തീര്‍പ്പാക്കി. 30 ഫയലുകള്‍ അടുത്ത് അദാലത്തിലേക്ക് മാറ്റിവച്ചു. വനിതാ സെല്‍ എ.എസ്.ഐ ശൈലജ, വനിതാ സെല്‍ സി.പി.ഒ അമൃത, വനിത കമ്മീഷന്‍ എസ്.ഐ മിനി മോള്‍, രമ്യ മോള്‍, അഡ്വക്കേറ്റ് ഇന്ദിര തുടങ്ങിയവര്‍ പങ്കെടുത്തു.

0Shares

Leave a Reply

Your email address will not be published. Required fields are marked *