Categories
local news news

എന്‍ഡോസള്‍ഫാന്‍ മേഖലയിലെ അമ്മമാര്‍ക്കായി പബ്ലിക് ഹിയറിങ് നടത്തും; വനിതാ കമ്മീഷന്‍

കാസർകോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത മേഖലയിലെ അമ്മമാര്‍ക്കായി കേരള വനിത കമ്മീഷന്‍ ഈ മാസം പബ്ലിക് ഹിയറിങ് നടത്തുമെന്ന് വനിതാ കമ്മീഷന്‍ അംഗം അഡ്വ.പി.കുഞ്ഞായിഷ പറഞ്ഞു. പതിനാല് ജില്ലകളുടെയും പ്രത്യേകതകള്‍ കണ്ടെത്തി വ്യത്യസ്ത മേഖലകളില്‍ ഹിയറിങ്‌ നടത്തുന്നതിൻ്റെ ഭാഗമായാണ് ഇത്. ആസൂത്രണ സമിതി ഹാളില്‍ നടന്ന കമ്മിഷൻ്റെ ജില്ലാ സിറ്റിങിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. കുടുംബബന്ധങ്ങളിലെ നിസ്സാര പ്രശ്‌നങ്ങള്‍ പോലും സങ്കീര്‍ണ്ണമാക്കുന്ന പ്രവണത കമ്മീഷൻ്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഗാര്‍ഹിക പീഡനം സംബന്ധിച്ച വിഷയം കഴിഞ്ഞ ദിവസം ചേർന്ന സിറ്റിങില്‍ പരിഗണിച്ചു. ഭാര്യയും ഭർത്താവും തമ്മിൽ ചെറിയ അഭിപ്രായഭിന്നതകളുണ്ടായാൽ സംസാരിച്ച് പരിഹരിക്കുന്നതിന് പകരം രണ്ടു വ്യക്തികൾ തമ്മിലുള്ള മത്സരമായി പ്രശ്നങ്ങളെ കാണുന്ന പ്രവണത വർധിക്കുന്നു. ഇത് കുടുംബപ്രശ്നങ്ങൾ സങ്കീർണ്ണമാകൻ കാരണമാകുന്നുവെന്ന് കമ്മീഷൻ അംഗം പറഞ്ഞു. വനിതാ കമ്മീഷന്‍ ഇത് ഗൗരവമായാണ് കാണുന്നതെന്നും ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കൂടുതല്‍ കൗണ്‍സിലിങുകള്‍ നല്‍കുമെന്നും കമ്മീഷന്‍ അംഗം പറഞ്ഞു.

സിറ്റിങ്ങില്‍ ആകെ 39 പരാതികള്‍ പരിഗണിച്ചു. രണ്ട് പരാതികള്‍ തീര്‍പ്പാക്കി. നാല് പരാതികളിൽ
റിപ്പോര്‍ട്ട് തേടി. 37 പരാതികള്‍ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റിവെച്ചു. സിറ്റിങ്ങില്‍ കാസര്‍കോട് ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി ഉത്തംദാസ്, അഡ്വ. പി. സിന്ധു, വനിതാ സെല്‍ എസ്.ഐ എം. ശരന്യ, വനിതസെല്‍ എ.എസ്.ഐ ടി. ശൈലജ, ഫാമിലി കൗണ്‍സിലര്‍ രമ്യമോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest