Categories
articles Kerala local news

ദുർമന്ത്രവാദവും ആഭിചാരക്രിയകളുമായി സ്ത്രീകളെ ചൂഷണം ചെയ്യുന്നവർക്കെതിരെ ജാഗ്രത പാലിക്കണം വനിതാ കമ്മീഷൻ

കാസർഗോഡ്: മലബാറിൽ പലയിടങ്ങളിലും സ്ത്രീകളെ മുൻനിർത്തിയുള്ള ദുർമന്ത്രവാദവും ആഭിചാര ക്രിയകളും രഹസ്യമായി നടക്കുന്നതായി വനിതാ കമ്മീഷൻ്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും സ്ത്രീകളെ ഈ രീതിയിൽ ചൂഷണം ചെയ്യുന്നതിനെതിരെ ജാഗ്രത സമിതികൾക്ക് ഇടപെടുന്നതിനുള്ള നിർദ്ദേശം നൽകുമെന്നും സംസ്ഥാന വനിതാ കമ്മീഷൻ അംഗം പി കുഞ്ഞായിഷ പറഞ്ഞു. ചില ജില്ലകളിൽ ഇത് സംബന്ധിച്ച പരാതികളും ലഭിച്ചിട്ടുണ്ട്. കാസർകോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ വനിതാ കമ്മീഷൻ അദാലത്തിനുശേഷം സംസാരിക്കുകയായിരുന്നു കമ്മീഷൻ അംഗം. പാവപ്പെട്ട സ്ത്രീകളെ ദുർമന്ത്രവാദത്തിൻ്റെയും ആഭിചാരക്രിയകളുടെയും പേരിൽ ചൂഷണം ചെയ്യുന്നവരെ പൊതുജനമധ്യത്തിൽ തുറന്നുകാണിക്കണം. സാധാരണക്കാരായ സ്ത്രീകളുടെ വിശ്വാസത്തെ ചൂഷണം ചെയ്ത് ദുർമന്ത്രവാദത്തിലേക്ക് ആഭിചാരക്രിയകളിലേക്കും നയിക്കുന്നതിന് പ്രേരിപ്പിക്കുന്നവർക്കെതിരെ നടപടി ആവശ്യമാണ്. ഇത്തരം പ്രശ്നങ്ങളിൽ ഇടപെടുന്നതിന് ജാഗ്രത സമിതികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
കാസർകോട് തിങ്കളാഴ്ച നടത്തിയ സിറ്റിങ്ങിൽ 38 പരാതികൾ പരിഗണിച്ചു. ഇതിൽ ഏഴെണ്ണം തീർപ്പാക്കി. 31 പരാതികൾ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റിവെച്ചു. ഇന്ന് പുതിയതായി ഒരു പരാതി ലഭിച്ചു. അഡ്വ. പി സിന്ധു, എ.എസ്.ഐ അനിത, ലീഗൽ അസിസ്റ്റൻറ് രമ്യ, വനിതാ പ്രൊട്ടക്ഷൻ ഓഫീസർ ജ്യോതി എന്നിവരും സിറ്റിങ്ങിൽ പങ്കെടുത്തു. ഗാർഹിക പീഡനങ്ങൾ സംബന്ധിച്ച പരാതികൾ ലഭിച്ചു. കുടുംബ പ്രശ്നങ്ങളെ യുവ തലമുറ വൈകാരികമായി സമീപിക്കുന്നത് വർദ്ധിച്ചു വരികയാണെന്ന് കമ്മീഷൻ അംഗം വിലയിരുത്തി. വിട്ടുവീഴ്ചകൾക്ക് തയ്യാറാകുന്നില്ല. വഴിത്തർക്കങ്ങളും സാമ്പത്തിക ഇടപാടുകളും ഉൾപ്പെടെ സ്ത്രീകളെ മുൻനിർത്തി കൈകാര്യം ചെയ്യുന്ന പ്രവണതയും വർദ്ധിച്ചുവരികയാണ്. മുതിർന്ന സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ നടപടി ആവശ്യപ്പെട്ട് കോടതിയിൽ നിന്ന് ഉത്തരവുണ്ടായിട്ടും പോലീസ് ആവശ്യമായ സംരക്ഷണം നൽകിയില്ലെന്ന പരാതിയും കമ്മീഷൻ്റെ മുന്നിലെത്തി.

0Shares

Leave a Reply

Your email address will not be published. Required fields are marked *