Categories
Kerala news

ആലുവയിൽ കൊല്ലപ്പെട്ട അഞ്ച് വയസുകാരിയുടെ കുടുംബത്തിൻ്റെ പണം തട്ടിയ മഹിളാ കോണ്‍ഗ്രസ് നേതാവും ഭര്‍ത്താവും ഒളിവിൽ

പരാതിയെ തുടർന്ന് ഹസീനയെ ജില്ലാ കമ്മിറ്റി സസ്പെൻഡ് ചെയ്‌തിരുന്നു

കൊച്ചി: ആലുവയിൽ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ പിതാവിൽ നിന്ന് പണം തട്ടിയ പ്രതിക്കായി പൊലീസ് അന്വേഷണം തുടരുന്നു. ഒളിവിൽ പോയ മഹിളാ കോൺഗ്രസ് ജില്ലാ നേതാവ് ഹസീനയുടെ ഭർത്താവ് മുനീറിനായാണ് പൊലീസ് അന്വേഷണം. തട്ടിപ്പിൽ പങ്കുണ്ടെന്ന് ആരോപണം നേരിടുന്ന ഹസീനയും ഒളിവിലാണ്.

കഴിഞ്ഞ ശനിയാഴ്ച്ച കേസുമായി ബന്ധപ്പെട്ട് ഹസീനയുടെ വീട്ടിൽ പൊലീസ് എത്തിയെങ്കിലും ഇരുവരേയും കണ്ടെത്താനായില്ല. ഇരുവരും എത്താന്‍ സാധ്യതയുള്ള ഇടങ്ങളില്‍ പോലീസ് തിരച്ചില്‍ നടത്തുന്നുണ്ട്.

Photo Courtesy: The New Indian Express

ചൂര്‍ണിക്കര കമ്പനിപ്പടി തായിക്കാട്ടുക്കര കോട്ടക്കല്‍ വീട്ടില്‍ മുനീര്‍ (50) നെതിരെയാണ് പൊലീസ് കേസെടുത്തത്. അഞ്ചുവയസുകാരിയുടെ കുടുംബത്തെ വഞ്ചിച്ച് പണം തട്ടിയെന്നാണ് മുനീറിനെതിരായ പരാതി. മഹിളാ കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറിയായിരുന്ന അഡ്വ. ഹസീനയുടെ ഭർത്താവാണ് ഇയാൾ. പരാതിയെ തുടർന്ന് ഹസീനയെ ജില്ലാ കമ്മിറ്റി സസ്പെൻഡ് ചെയ്‌തിരുന്നു.

കുട്ടി കൊല്ലപ്പെട്ട് ആദ്യ ദിവസങ്ങളിൽ കുടുംബത്തെ സഹായിക്കാൻ ഒപ്പം കൂടിയാണ് മുനീർ എന്നയാൾ പണം തട്ടിയത്. എ.ടി.എം ഉപയോഗിക്കാൻ അറിയാത്ത കുട്ടിയുടെ അച്ഛനെ കബളിപ്പിച്ചായിരുന്നു തട്ടിപ്പ്. ഓഗസ്റ്റ് അഞ്ച് മുതൽ പത്ത് വരെ ഇരുപതിനായിരം രൂപ വീതം അക്കൗണ്ടിൽ നിന്ന് പിൻവലിച്ചു. സംഭവം തട്ടിപ്പ് ആണെന്ന് മനസിലായതോടെ കുടുംബം പണം തിരികെ ആവശ്യപ്പെട്ടു. ഇതോടെ 70000 രൂപ ആലുവ എം.എൽ.എ അൻവർ സാദത്ത് ഇടപെട്ട് തിരികെ നൽകി. ബാക്കി 50000 നവംബറിൽ തിരികെ നൽകാമെന്നാണ് മുനീർ രേഖാമൂലം എഴുതി നൽകിയത്. പറഞ്ഞ തീയതി കഴിഞ്ഞിട്ടും പണം തിരികെ നൽകാത്തതോടെയാണ് കുടുംബം പരാതിയുമായി രംഗത്തെത്തിയത്.

വാർത്ത പുറത്തായതിന് പിന്നാലെ, സംഭവം കളവാണെന്ന് പറയാൻ കുട്ടിയുടെ അച്ഛനെ മുനീർ നിർബന്ധിക്കുന്ന ഓഡിയോ സംഭാഷണം പുറത്തു വന്നിരുന്നു. പണം തിരിച്ചു കിട്ടാതെ പരാതിയിൽ നിന്ന് പിൻമാറില്ലെന്ന് കുടുംബം ഉറച്ച് നിന്നതോടെയാണ് മുനീർ തുക നൽകിയത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *