Categories
national news

രാജ്യം ആര് ഭരിക്കും? തിരക്കിട്ട ചർച്ചകൾ; സഖ്യകക്ഷികളെ ഒപ്പം കൂട്ടാൻ ബി.ജെ.പി, പ്രതീക്ഷ വിടാതെ ഇൻഡ്യയും

എന്‍.ഡി..എയുടെ ഭാഗമായ ജെ.ഡ.യു, ടി.ഡി.പി പാര്‍ട്ടികളെ ഒപ്പം നിര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്

ഡൽഹി: കേന്ദ്ര മന്ത്രിസഭാ രൂപീകരണ ചർച്ചകൾക്കായി നിർണായക എൻ.ഡി.എ യോഗം ബുധനാഴ്‌ച നടക്കും. തനിച്ച് ഭൂരിപക്ഷം ഇല്ലെങ്കിലും ടി.ഡി.പി, ജെ.ഡി.യു പാർട്ടികൾ മുന്നണിയിൽ ഉറച്ചു നിൽക്കുമെന്ന് ബി.ജെ.പി പ്രതീക്ഷിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജി വയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുമ്പോഴും അങ്ങനെ ഒരു ചോദ്യമേ ഉയരുന്നില്ലെന്നാണ് ബി.ജെ.പിയുടെ മറുപടി.

രാവിലെ 11.30ന് കേന്ദ്ര മന്ത്രിസഭ യോഗം ചേരും. നിലവിലെ മന്ത്രിസഭ പിരിച്ച് വിടാൻ രാഷ്ട്രപതിയോട് ആവശ്യപ്പെടും. അതേസമയം മൂന്നാം മോദി മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്ക് രാഷ്ട്രപതി ഭവനിൽ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.

സർക്കാർ രൂപീകരണ സാധ്യതകൾ കോൺഗ്രസും തള്ളിയിട്ടില്ല. എൻ.ഡി.എയ്ക്ക് കേവല ഭൂരിപക്ഷം ഉണ്ടെങ്കിലും സർക്കാർ രൂപീകരണ ചർച്ചകൾ തുടരാനാണ് ഇൻഡ്യ സഖ്യത്തിൻ്റെ നീക്കം. ബുധനാഴ്‌ച നടക്കുന്ന സഖ്യ യോഗത്തിൽ തീരുമാനം ഉണ്ടാകും എന്ന് രാഹുൽ ഗാന്ധി പറഞ്ഞിട്ടുണ്ട്. ഒരു അവസരം കൂടി മോദിക്ക് നൽകിയാൽ ജനാധിപത്യം തകർക്കും എന്ന് ജനങ്ങൾക്ക് മനസിലായി എന്ന് മല്ലികാർജുൻ ഖർഗെ പ്രതികരിച്ചു.

ഇൻഡ്യ സഖ്യം ഒറ്റക്കെട്ടായി പോരാടി എന്നും ജനാധിപത്യത്തിൻ്റെ വിജയമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ഉത്തർ പ്രദേശിലെ ജനങ്ങൾ രാഷ്ട്രീയ വീക്ഷണം ഏറ്റവും ഉയർന്നത് എന്ന് തെളിയിച്ചു എന്ന് പറഞ്ഞ രാഹുൽ ഗാന്ധി അമേഠിയിലെ കെ.എൽ ശർമ്മയുടെ വിജയത്തെ അഭിനന്ദിച്ചു. റായ്ബറേലി, വയനാട് മണ്ഡലങ്ങളിൽ വിജയിച്ച രാഹുൽ ഏത് മണ്ഡലം നിലനിർത്തും എന്നതിൽ തീരുമാനം പിന്നീട് എടുക്കും.

എന്‍.ഡി..എയുടെ ഭാഗമായ ജെ.ഡ.യു, ടി.ഡി.പി പാര്‍ട്ടികളെ ഒപ്പം നിര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. എന്‍.ഡി.എയ്ക്കൊപ്പം തുടരുമെന്നാണ് ടി.ഡി.പിയും ജെ.ഡി.യുവും നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

അതിനാല്‍ തന്നെ മറ്റു നാടകീയ നീക്കങ്ങളൊന്നും ഉണ്ടായില്ലെങ്കില്‍ വീണ്ടും എന്‍.ഡി.എ സര്‍ക്കാര്‍ തന്നെ അധികാരത്തിലെത്തും. തിരഞ്ഞെടുപ്പിൽ 240 സീറ്റുകളാണ് ബി.ജെ.പിക്ക് ഒറ്റയ്ക്ക് നേടാനായത്. കോണ്‍ഗ്രസ് 99 സീറ്റുകൾ നേടി. യു.പിയിലും, മഹാരാഷ്ട്രയിലും, ബംഗാളിലും എന്‍.ഡി.എക്ക് തിരിച്ചടി നേരിടേണ്ടി വന്നു.

0Shares

Leave a Reply

Your email address will not be published. Required fields are marked *