Categories
news

വിശന്നപ്പോള്‍ രണ്ടും കല്‍പിച്ച്‌ വീടിന്‍റെ അടുക്കള പൊളിച്ച ആന സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ഇതിനിടെ വിശപ്പ് സഹിക്കാന്‍ കഴിയാതെ വന്ന ബുഞ്ചുവേ ഒരു പ്ലാസ്റ്റിക് ബാഗ് എടുത്ത് ചവയ്ക്കുകയും ചെയ്തു.

വിശന്നപ്പോള്‍ രണ്ടും കല്‍പിച്ച്‌ അടുക്കള പൊളിച്ച ആനയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. നൗ ദിസ് എന്ന പേരിലുള്ള ഒരു ട്വിറ്റര്‍ അക്കൗണ്ട് ആണ് ഈ വീഡിയോ ഇപ്പോള്‍ പങ്കുവെച്ചത്. തായിലാന്‍ഡിലെ ഹുവാ ഹിന്‍ ജില്ലയയിലെ ചലെംകിയാപട്ടണ ഗ്രാമത്തിലെ താമസക്കാരനായ രത്ചധവാന്‍ പ്യുങ്പ്രസോപന്‍ എന്നയാളുടെ വീട്ടിലാണ് സംഭവം നടന്നത്.

ശനിയാഴ്ച അതിരാവിലെ അടുക്കള ഭാഗത്ത് ഒരു വലിയ ശബ്ദം കേട്ടതോടെയാണ് ഇദ്ദേഹം നോക്കുന്നത്. എന്താണ് സംഭവിക്കുന്നത് എന്നറിയാന്‍ അടുക്കള ഭാഗത്ത് എത്തി നോക്കിയപ്പോഴാണ് ആനയെ കണ്ടത്. ഭക്ഷണം അന്വേഷിച്ച്‌ എത്തിയ ആന അടുക്കളയുടെ മതില്‍ തകര്‍ക്കുകയായിരുന്നു.എന്തൊക്കെ സംഭവിച്ചാലും ആനയുടെ വിക്രിയകള്‍ ഫോണില്‍ കൃത്യമായി പകർത്താൻ അന്തംവിട്ടുനിന്ന രത്ചധവന്‍ മറന്നില്ല.

ബുഞ്ചുവേ എന്ന ആനയാണ് അടുക്കളയില്‍ കയറി തനിക്ക് കഴിക്കാന്‍ ഭക്ഷണം വല്ലതുമുണ്ടോ എന്ന് അന്വേഷിച്ചതെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിനിടെ വിശപ്പ് സഹിക്കാന്‍ കഴിയാതെ വന്ന ബുഞ്ചുവേ ഒരു പ്ലാസ്റ്റിക് ബാഗ് എടുത്ത് ചവയ്ക്കുകയും ചെയ്തു.

ഇത് ആദ്യമായല്ല ബുഞ്ചുവേ രത്ചധവാന്‍റെ വീട്ടിലെ അടുക്കളയില്‍ എത്തുന്നത്. ഇതിനു മുന്‍പും ഭക്ഷണം അന്വേഷിച്ച്‌ എത്തിയ രത്ചധവാന്‍റെ വീട്ടില്‍ ബുഞ്ചുവേ എത്തിയിട്ടുണ്ട്. അന്നും വലിയ നാശനഷ്ടം ഉണ്ടാക്കിയിരുന്നു. അതേസമയം, നാഷണല്‍ പാര്‍ക്കിലെ ആനകള്‍ ഭക്ഷണം അന്വേഷിച്ച്‌ പുറത്തിറങ്ങി നടക്കാറുണ്ടെന്ന് ന്യൂയോര്‍ക്ക് സിറ്റി യൂണിവേഴ്സിറ്റിയിലെ ഹണ്ടര്‍ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ആയ ഡോ ജോഷ്വ പ്ലോട്നിക് പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *