Categories
Kerala news

വാഹനത്തിന് തീപിടിച്ചാല്‍ എന്തു ചെയ്യണം? കണ്ണൂരിൽ കാറിന് തീപിടിച്ചതിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട്?കരളലയിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു

തീപിടിച്ചാല്‍ വാഹനം ഓഫ് ചെയ്ത് സുരക്ഷിത അകലം പാലിക്കുക

കാസർകോട്: കണ്ണൂരിൽ ഗര്‍ഭിണിയായ യുവതിയും ഭര്‍ത്താവും ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് ദാരുണമായി മരിച്ച സംഭവത്തിൻ്റെ കരളലയിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്‌. കാറിന് തീപിടിച്ചതിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെന്നാണ് പ്രാഥമിക കണ്ടെത്തൽ. തീപിടിച്ചത് ഡാഷ് ബോര്‍ഡില്‍ നിന്നാണെന്നാണ് നിഗമനം. സീറ്റ് ബെല്‍റ്റ് അഴിക്കാന്‍ സാവകാശം കിട്ടുന്നതിന് മുമ്പ് തന്നെ രണ്ടുപേരും അഗ്നിക്കിരയായിരുന്നു. കാറില്‍ സാനിറ്റൈസര്‍ പോലെ പെട്ടെന്ന് തീപിടിക്കുന്ന എന്തെങ്കിലും വസ്തു ഉണ്ടായിരുന്നോ എന്ന നിഗമനവുമുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തിപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് വാഹനം പരിശോധിച്ച ആര്‍.ടി.ഒ പറഞ്ഞു.

ബോണറ്റിലോ പെട്രോള്‍ ടാങ്കിലേക്കോ തീ പടര്‍ന്നിട്ടില്ല. പ്രത്യേകം സൗണ്ട് ബോക്‌സും ക്യാമറയും വണ്ടിയില്‍ ഘടിപ്പിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നാലെ ഫോറന്‍സിക് വിഭാഗം പരിശോധന നടത്തി. പ്രസവവേദനയെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്കുള്ള യാത്ര മാധ്യേ ആണ് അപകടം. ആശുപത്രിയുടെ തൊട്ടടുത്ത് വച്ചായിരുന്നു തീപിടിത്തം. കുറ്റിയാട്ടൂരിലെ വീട്ടില്‍ നിന്നും പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

കാറിൻ്റെ മുന്‍സീറ്റിലിരുന്ന റീഷയും ഭര്‍ത്താവ് പ്രജിത്തുമാണ് മരിച്ചത്. പിന്‍സീറ്റിലിരുന്ന മകള്‍ ശ്രീപാര്‍വതിയും റീഷയുടെ അച്ഛന്‍ വിശ്വനാഥന്‍, അമ്മ ശോഭന, ഇളയമ്മ സജ്‌ന എന്നിവര്‍ വാഹനത്തില്‍ നിന്ന് ഉടന്‍ പുറത്തിറങ്ങിയത് കൊണ്ട് രക്ഷപ്പെട്ടു.

തൃശൂര്‍ സിറ്റി പോലീസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

വാഹനത്തിന് തീപിടിച്ചാല്‍ ഉടന്‍തന്നെ വാഹനം ഓഫ് ചെയ്ത് വാഹനത്തില്‍ നിന്ന് സുരക്ഷിത അകലം പാലിക്കുക. ഡോര്‍ തുറക്കാനാകുന്നില്ലെങ്കില്‍ സീറ്റിന്‍റെ ഹെഡ്റെസ്റ്റ് ഊരിയെടുത്ത് ഗ്ലാസ് തകര്‍ക്കാവുന്നതാണ്. ബോണറ്റിലാണ് തീ കാണുന്നതെങ്കില്‍ ഒരിക്കലും ബോണറ്റ് തുറക്കരുത്. തീ കൂടുതല്‍ പടരാന്‍ കാരണമാകും.
ഇത്തരം സന്ദര്‍ഭങ്ങളില്‍ ആത്മവിശ്വാസം കൈവിടരുത്. എമര്‍ജന്‍സി ടെലിഫോണ്‍ നമ്പര്‍ ഓര്‍ത്തു വയ്ക്കുക. 112ല്‍ വിളിക്കാന്‍ മറക്കരുത്. വാഹനത്തില്‍ നിന്ന് കരിഞ്ഞ മണം വരുന്നുണ്ടെങ്കില്‍ ഒരിക്കലും അവഗണിച്ച്‌ ഡ്രൈവിംഗ് തുടരരുത്. വാഹനം ഓഫ് ചെയ്ത് ദൂരെ മാറി നിന്ന് സര്‍വീസ് സെന്‍ററുമായി ബന്ധപ്പെടുക.

വാഹനങ്ങള്‍ കൃത്യമായ ഇടവേളകളില്‍ സര്‍വീസ് ചെയ്യുക. എളുപ്പം തീപിടിക്കാവുന്ന വസ്തുക്കള്‍ വാഹനത്തില്‍ കൊണ്ടുപോകരുത്. വാഹനത്തിലിരുന്ന് പുകവലിക്കരുത്. വാഹനം പാര്‍ക്ക് ചെയ്യുന്ന സ്ഥലത്ത് ചപ്പുചവറുകളും കരിയിലകളും ഉണ്ടെങ്കില്‍ അത്തരം സ്ഥലങ്ങള്‍ ഒഴിവാക്കുന്നത് ഉചിതം.
പരിചയമില്ലാത്ത സ്വയം സര്‍വീസിംഗ്, അനുവദനീയമല്ലാത്ത ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ ഘടിപ്പിക്കല്‍ തുടങ്ങിയവ ഷോര്‍ട്ട് സര്‍ക്യൂട്ടിന് കാരണമാകും. വാഹനത്തില്‍ അനാവശ്യ മോഡിഫിക്കേഷനുകളും കൂട്ടിച്ചേര്‍ക്കലുകളും ഒഴിവാക്കുക.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest