Categories
local news

എന്താണ് എന്‍.ഡി.പി.എസ് ആക്ട്?; സജ്ജമാവാം മയക്കുമരുന്നിനെതിരെ; എക്സൈസ്, പോലീസ് വകുപ്പുകളിലെ ജീവനക്കാര്‍ക്ക് ക്ലാസുമായി സർക്കാർ

എന്‍.ഡി.പി.എസില്‍ 8 അധ്യായങ്ങളും 83 വകുപ്പുകളുമാണുള്ളത്. അതില്‍ നടപടിക്രമങ്ങളെ കുറിച്ച് പറയുന്ന അഞ്ചാമത്തെ അധ്യായമാണ് ക്ലാസില്‍ വിവരിച്ചത്.

കാസർകോട്: മയക്കുമരുന്ന് ഉപയോഗം വളരെയേറെ വ്യാപകമായി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിൻ്റെ നേതൃത്വത്തില്‍ ജില്ലയിലെ എക്സൈസ്, പോലീസ് വകുപ്പുകളിലെ ജീവനക്കാര്‍ക്ക് ഒരു പിഴവും കൂടാതെ എങ്ങനെ എന്‍.ഡി.പി.എസ് (നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോ ട്രോപ്പിക് സബ്സ്റ്റന്‍സസ് ആക്ട് ) കേസുകള്‍ ഫയല്‍ ചെയ്യാം എന്നതിനെ കുറിച്ച് ക്ലാസ് സംഘടിപ്പിച്ചു.

അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ ടി.അനികുമാര്‍ ക്ലാസ്സെടുത്തു. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ക്ലാസ്സിന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ ഡി.ബാലചന്ദ്രന്‍, അസിസ്റ്റന്റ് കമ്മീഷണര്‍ ജോയി ജോസഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപയോഗം സമൂഹത്തില്‍ വിവിധ തരത്തിലുള്ള ദൂഷ്യഫലങ്ങളുണ്ടാക്കി കൊണ്ടിരിയ്ക്കുകയാണ്. യുവാക്കളെയും വരും തലമുറയെയും ലഹരിയില്‍ നിന്നും രക്ഷിയ്ക്കുക എന്ന വലിയ ദൗത്യത്തിനാണ് സര്‍ക്കാരും ബന്ധപ്പെട്ട അധികാരികളും ഏറ്റെടുത്തിട്ടുള്ളത്.
ജില്ലയില്‍ മയക്കുമരുന്ന് കേസുകള്‍ അധികമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ കേസെടുക്കാന്‍ അധികാരപ്പെട്ട ആളുകളെ എല്ലാ തരത്തിലും സജ്ജമാക്കുക എന്നതാണ് ക്ലാസ്സിൻ്റെ ലക്ഷ്യം.

മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ഒരാള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ സമയാധിഷ്ഠിതമായി നിയമനടപടികള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട്. ഹൈക്കോടതി ഉത്തരവുപ്രകാരം എത്ര തെളിവുണ്ടെങ്കിലും നിയമനടപടികള്‍ ശരിയായ രീതിയിലും നിശ്ചിത സമയത്തിനുള്ളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചില്ലെങ്കില്‍ ആ പ്രതിക്ക് ശിക്ഷ നല്‍കുവാന്‍ സാധിക്കുകയില്ല. അതുകൊണ്ടുതന്നെ നടപടിക്രമങ്ങള്‍ എങ്ങനെ സുതാര്യമായിട്ടും ലളിതമായിട്ടും ഉദ്യോഗസ്ഥര്‍ കൈകാര്യം ചെയുന്നു എന്നതിനെ അടിസ്ഥാനമാക്കിയിട്ടാണ് പ്രതികള്‍ക്ക് പരമാവധി ശിക്ഷ ലഭ്യമാവുക.

എന്‍.ഡി.പി.എസില്‍ 8 അധ്യായങ്ങളും 83 വകുപ്പുകളുമാണുള്ളത്. അതില്‍ നടപടിക്രമങ്ങളെ കുറിച്ച് പറയുന്ന അഞ്ചാമത്തെ അധ്യായമാണ് ക്ലാസില്‍ വിവരിച്ചത്. രണ്ട് ഘട്ടമായാണ് ക്ലാസുകള്‍ എടുക്കുന്നത.് രണ്ടാംഘട്ടം ഉടന്‍ ഉണ്ടാകും എന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ അറിയിച്ചു.

എന്താണ് എന്‍.ഡി.പി.എസ് ആക്ട്?

മയക്കുമരുന്ന് നിര്‍മ്മിക്കുക, ഉപയോഗിക്കുക, മറ്റുള്ളവര്‍ക്ക് വിപണനം ചെയ്യുക, പണം കൊടുത്ത് വലിയ അളവില്‍ വാങ്ങുക തുടങ്ങിയവ തടയുക എന്നതാണ് എന്‍.ഡി.പി.എസ് ആക്ട് ഉദ്ദേശിക്കുന്നത്. 1985ല്‍ ആണ് രാജ്യത്ത് എന്‍.ഡി.പി.എസ് ആക്ട് നിലവില്‍ വന്നത്. മയക്കുമരുന്നിന് അടിമപ്പെട്ട ഒരാള്‍ക്ക് പരിരക്ഷ നല്‍കുവാനും ആക്ടിലെ സെക്ഷന്‍ 64 എ യില്‍ പറയുന്നുണ്ട്. എന്നാല്‍ കോടതിക്ക് മാത്രമാണ് ഇതിനുള്ള അധികാരമുള്ളത്.

മയക്കുമരുന്ന് കേസില്‍പ്പെട്ടയാള്‍ ലഹരിക്ക് അടിമയാണെങ്കില്‍ ലഹരിവിമുക്ത ചികിത്സയ്ക്ക് തയ്യാറാണെന്ന് സമ്മതിച്ചാല്‍ മാത്രമാണ് നിയമപരിരക്ഷ ലഭിക്കുക. എന്‍.ഡി.പി.എസ് ആക്ട് പ്രകാരമുള്ള കേസുകളില്‍ കുറ്റകൃത്യങ്ങളുടെ ഗൗരവം അനുസരിച്ചാണ് ശിക്ഷാ നടപടികള്‍ തീരുമാനിക്കുന്നത്. വധശിക്ഷയാണ് ഇത്തരം കേസുകളില്‍ പരമാവധി നല്‍കുന്ന ശിക്ഷ.

0Shares

Leave a Reply

Your email address will not be published. Required fields are marked *