Categories
local news news tourism

സഞ്ചാരികളെ സ്വാഗതം ചെയ്യാൻ ബേക്കല്‍ കോട്ടയിലെ സ്വാഗത കമാനം; ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍

ഉദ്ഘാടന വേദിയോട് ചേര്‍ന്ന് സജ്ജീകരിച്ച പ്രവൃത്തി ഫലകം മുഖ്യമന്ത്രിക്ക് വേണ്ടി കെ. കുഞ്ഞിരാമന്‍ എം.എല്‍.എ അനാച്ഛാദനം ചെയ്തു.

കാസര്‍കോട്: ബേക്കല്‍ കോട്ടയില്‍ ടൂറിസം വകുപ്പ് ഒരുക്കിയ സ്വാഗത കമാനത്തിന്‍റെയും അനുബന്ധ സൗകര്യങ്ങളുടേയും ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. പ്രധാന ടൂറിസം പദ്ധതിയായപൊന്‍ മുടിമുതല്‍ കാസര്‍കോട്ടെ ബേക്കല്‍ കോട്ടയുടെ കമാനവും പാതയോര സൗന്ദര്യ വല്‍ക്കരണ പരിപാടികളും വരെയും സംസ്ഥാനത്തെ കായലുകളും കടല്‍ തീരങ്ങളും ഹില്‍ സ്‌റ്റേഷനുകളും കോട്ടയും ഡാമുകളും അടങ്ങിയ വിവിധ ജില്ലകളിലെ പ്രധാന പദ്ധതികളാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്.

ഉദ്ഘാടന വേദിയോട് ചേര്‍ന്ന് സജ്ജീകരിച്ച പ്രവൃത്തി ഫലകം മുഖ്യമന്ത്രിക്ക് വേണ്ടി കെ. കുഞ്ഞിരാമന്‍ എം.എല്‍.എ അനാച്ഛാദനം ചെയ്തു. ബേക്കല്‍ കോട്ട പരിസരത്ത് പ്രത്യേകം സജ്ജമാക്കിയ പരിപാടിയില്‍ ടൂറിസം വകുപ്പ് മന്ത്രി കടകമ്പള്ളി സുരേന്ദ്രന്‍ അധ്യക്ഷനായി. എം.പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ മുഖ്യാതിഥിയായി. ടൂറിസം വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്ജ് മുഖ്യ പ്രഭാഷണം നടത്തി. ടൂറിസം വകുപ്പ് ഡയറക്ടര്‍ പി. ബാലകിരണ്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ഇന്ദിര, ഡി.ടി.പി.സി എക്‌സിക്യുട്ടീവ് മെമ്പര്‍ കെ.വി കുഞ്ഞിരാമന്‍, വാര്‍ഡ്‌ മെമ്പര്‍ എം.ജി ആയിഷ, ടൂറിസം വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ എന്‍.എസ് ബേബി ഷീജ തുടങ്ങിയവര്‍ സംസാരിച്ചു. കെ. കുഞ്ഞിരാമന്‍ എം.എല്‍.എ സ്വാഗതവും ഡി.ടി.പി.സി സെക്രട്ടറി ബിജു രാഘവന്‍ നന്ദിയും പറഞ്ഞു.

ഉദ്ഘാടനം ചെയ്ത ബേക്കല്‍ കോട്ടയുടെ കമാനവും അനുബന്ധ സൗകര്യങ്ങളും കോട്ടയിലേക്കുള്ള സഞ്ചാരികളെ ആകര്‍ഷിക്കുമ്പോള്‍ ഉടന്‍ തന്നെ കോട്ട പ്രദേശത്ത് ഹൈമാസ്റ്റ് ലൈറ്റും ക്യാമറയും എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് സ്ഥാപിക്കുമെന്ന് കെ. കുഞ്ഞിരാമന്‍ എം.എല്‍.എ പറഞ്ഞു. ബേക്കല്‍ കോട്ടയിലെ ടൂറിസം പദ്ധതികള്‍ക്ക് മികച്ച പിന്‍തുണയും സഹായങ്ങളും നല്‍കിയ ബി.ആര്‍.ഡി.സി അസിസ്റ്റന്റ് മാനേജറും ഡി.ടി.പി.സി പ്രൊജക്ട് മാനേജറുമായ പി. സുനില്‍ കുമാറിന് കെ. കുഞ്ഞിരാമന്‍ എം.എല്‍.എ ഉപഹാരം നല്‍കി.

വടക്കേ മലബാറില്‍ ഏറ്റവും കൂടുതല്‍ വിനോദ സഞ്ചാരികള്‍ എത്തുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നാണ് ബേക്കല്‍. 400 വര്‍ഷത്തോളം പഴക്കമുള്ള കേരളത്തിലെ ഏറ്റവും വലിയ സംരക്ഷിത സ്മാരകമായ ബേക്കല്‍ കോട്ടയും, കോട്ടയോട് ചേര്‍ന്നുള്ള ബീച്ചും സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്ന പ്രധാന ഘടകങ്ങളാണ്. കേന്ദ്ര സര്‍ക്കാര്‍ തിരഞ്ഞെടുത്ത കേരളത്തിലെ ഏക പ്രത്യേക ടൂറിസം മേഖലയാണ് ബേക്കല്‍.

ദക്ഷിണ കര്‍ണ്ണാടകയുടെയും ഉത്തര കേരളത്തിന്‍റെയും ചരിത്രത്തില്‍ പ്രമുഖ സ്ഥാനമുള്ള ബേക്കല്‍ കോട്ട സന്ദര്‍ശിക്കാനെത്തുന്ന നൂറുകണക്കിന് വിനോദ സഞ്ചാരികള്‍ക്ക് സ്വാഗതമേകാനും പാതയോരം സൗന്ദര്യവല്‍ക്കരിക്കാനുമായി 2019 ജൂണ്‍ മാസത്തിലാണ് 99, 94, 176 (തൊണ്ണൂറ്റി ഒന്‍പത് ലക്ഷത്തി തൊണ്ണൂറ്റി നാലായിരത്തി നൂറ്റി എഴുപത്തിയാറ്) രൂപയുടെ പദ്ധതിക്ക് സംസ്ഥാന ടൂറിസം വകുപ്പ് അംഗീകാരം നല്‍കിയത്. സാങ്കേതികാനുമതി ലഭിച്ചയുടന്‍ നിര്‍മ്മാണ പ്രവര്‍ത്തി ആരംഭിച്ചത് കാരണം, സ്വാഗത കമാനം, കോമ്പൗണ്ട് വാള്‍, ഇന്റര്‍ലോക്ക് പതിച്ച നടപ്പാത, കൈവരികള്‍, ട്രാഫിക് സര്‍ക്കിള്‍ എന്നിവ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. നിര്‍മ്മാണ ചുമതല ജില്ലാ നിര്‍മ്മിതി കേന്ദ്രത്തിനായിരുന്നു.

0Shares

Leave a Reply

Your email address will not be published. Required fields are marked *