Categories
health Kerala news

ജലജന്യരോഗങ്ങള്‍: കരുതലെടുക്കാം; തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക

വയറിളക്കരോഗ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുമ്പോള്‍ തന്നെ പാനീയ ചികിത്സ ആരംഭിക്കണം.

കൊല്ലം : ജില്ലയില്‍ ജലജന്യരോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.എസ്.ഷിന് അറിയിച്ചു. വയറിളക്ക രോഗങ്ങള്‍, മഞ്ഞപ്പിത്തം, ടൈഫോയിഡ്, ഷിഗല്ല തുടങ്ങിയവയാണ് സാധാരണയായി കാണുന്ന ജലജന്യരോഗങ്ങള്‍. വൃത്തിയില്ലാത്ത സാഹചര്യത്തില്‍ തയ്യാറാക്കിയ ഭക്ഷണവും പഴകിയ ഭക്ഷണവും കഴിക്കുക, തിളപ്പിക്കാത്ത വെള്ളം കുടിക്കുക തുടങ്ങിയവയാണ് പ്രധാന കാരണങ്ങള്‍.

പാനീയ ചികിത്സ പ്രധാനം

വയറിളക്കത്തിന് ശരിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ ശരീരത്തിലെ ജലവും ലവണങ്ങളും നഷ്ടപ്പെടുന്ന അവസ്ഥയായ നിര്‍ജലീകരണം സംഭവിച്ച്‌ മരണകാരണമായേക്കാം. വയറിളക്കരോഗ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുമ്പോള്‍ തന്നെ പാനീയ ചികിത്സ ആരംഭിക്കണം.

ഇതിനായി ഒ ആര്‍ എസ് ലായനി, ഉപ്പിട്ട കഞ്ഞി വെള്ളം, കരിക്കിന്‍ വെള്ളം, തിളപ്പിച്ചാറ്റിയ വെള്ളത്തില്‍ ഉപ്പും പഞ്ചസാരയും ചേര്‍ത്ത നാരങ്ങാ വെള്ളം, മോരിന്‍വെള്ളം നല്‍കാം. അതിയായ വയറിളക്കം, ഛര്‍ദി, കടുത്ത പനി, മൂത്രം പോകാതിരിക്കുക, ക്ഷീണം, മയക്കം, കുഞ്ഞിൻ്റെ തലയിലെ പതിപ്പ് കുഴിഞ്ഞിരിക്കുക, അപസ്‌മാരം എന്നിവ ഉണ്ടായാല്‍ പാനീയ ചികിത്സ തുടരുന്നതോടൊപ്പം അടിയന്തര വൈദ്യസഹായവും തേടണം.

ടൈഫോയ്‌ഡ്, മഞ്ഞപ്പിത്തം; ശ്രദ്ധിക്കേണ്ടവ

ദിവസങ്ങളോളം ഉള്ള പനി, ശരീരവേദന, ക്ഷീണം, വിശപ്പില്ലായ്‌മ എന്നിവയാണ് ടൈഫോയ്ഡിൻ്റെ രോഗലക്ഷണങ്ങള്‍. ശരീരവേദനയോടു കൂടിയ പനി, തലവേദന, ക്ഷീണം, ഓക്കാനം, ഛര്‍ദി തുടങ്ങിയവയാണ് മഞ്ഞപ്പിത്തത്തിൻ്റെ പ്രാരംഭ ലക്ഷണങ്ങള്‍. പിന്നീട് മൂത്രത്തിലും കണ്ണിലും, ശരീരത്തും മഞ്ഞനിറം പ്രത്യക്ഷപ്പെടാം. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനെ ചികിത്സ തേടുന്നതിലൂടെ രോഗം മാരകമാകുന്നത് തടയാം.

പ്രതിരോധമാര്‍ഗങ്ങള്‍

  • നന്നായി തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. ഒരിക്കലും തിളച്ചവെള്ളത്തില്‍ പച്ചവെള്ളം ചേര്‍ത്ത് കുടിക്കരുത്.
  • പുറമേ നിന്നുള്ള ഭക്ഷണവും ശീതളപാനീയങ്ങളും കഴിവതും ഒഴിവാക്കുക. പുറത്തു പോകുമ്പോള്‍ കൈയില്‍ കുടിവെള്ളം കരുതുക.
  • ആഹാര സാധനങ്ങള്‍ ചൂടോടെ പാകം ചെയ്‌തു കഴിക്കുക. പഴകിയ ഭക്ഷണം കഴിക്കരുത്.
  • ഈച്ച കടക്കാതെ ആഹാരസാധനങ്ങള്‍ അടച്ച്‌ സൂക്ഷിക്കുക.
  • പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയതിന് ശേഷം ഉപയോഗിക്കുക.
  • ആഹാരത്തിന് മുമ്പും, ശുചിമുറി ഉപയോഗിച്ചതിന് ശേഷവും, രോഗീപരിചരണത്തിന് ശേഷവും സോപ്പ് ഉപയോഗിച്ച്‌ കൈ കഴുകുക.
  • കിണര്‍ ജലം മലിനമാകാതെ സൂക്ഷിക്കുക. ഇടയ്ക്കിടെ ക്ലോറിനേറ്റ് ചെയ്യുക.
  • വീടിൻ്റെ പരിസരത്ത് ചപ്പുചവറുകള്‍ കുന്നുകൂടാതെ ശ്രദ്ധിക്കുക. ഈച്ച ശല്യം ഒഴിവാക്കുക.
  • വൃത്തിയില്ലാത്ത സാഹചര്യത്തില്‍ തയ്യാറാക്കിയ ഭക്ഷണവും പഴകിയ ഭക്ഷണവും കഴിക്കുക, തിളപ്പിക്കാത്ത വെള്ളം കുടിക്കുക തുടങ്ങിയവയാണ് പ്രധാന കാരണങ്ങള്‍.

0Shares

Leave a Reply

Your email address will not be published. Required fields are marked *