Trending News


പ്രതികള്‍ സിസ്‌റ്റര്‍ അഭയയെ കൊലപ്പെടുത്തിയതിൻ്റെ ലക്ഷ്യം സമൂഹത്തെ പറഞ്ഞുപഠിപ്പിച്ചതിന് ശേഷം നടത്തിയ ക്രൂരവും മനുഷ്യത്വ ഹീനവുമായ നടപടിയായിരുന്നു സിസ്‌റ്റര്‍ സെഫിയുടെ കന്യകാത്വ പരിശോധന. അത് നിര്‍വഹിച്ച ഡോക്‌ടര്‍മാര്‍ തങ്ങള്‍ക്ക് തരിമ്പും വൈദഗ്‌ധ്യമില്ലാത്ത കാര്യത്തില്‍ തെറ്റും അശാസ്‌ത്രീയവുമായ അഭിപ്രായം എഴുതിവച്ചു. അവര്‍ കണ്ട സത്യം തുറന്നുപറഞ്ഞില്ലെന്നു മാത്രമല്ല, സത്യത്തെ ദുര്‍വ്യാഖ്യാനം ചെയ്‌തു. ഓര്‍ക്കണം, സിസ്‌റ്റര്‍ സെഫി കന്യകയാണെങ്കില്‍, അവരുടെ കന്യാചര്‍മത്തിന് കേടുപാടില്ലെങ്കില്‍ പിന്നെ അഭയ കൊലക്കേസ് ഇല്ല. ആലപ്പുഴ ഗവ. ടി.ഡി. മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗം മേധാവി ഡോ. കൃഷ്‌ണന്‍ ബാലേന്ദ്രന്‍ അഭിപ്രായപ്പെട്ടു. ഒരു ഡോക്ടറുടെ പുതിയ വാദങ്ങൾ രാജ്യത്തെ പരമോന്നത കുറ്റാന്വേഷണ അജൻസിയായ സി.ബി.ഐയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതും കൂടിയാണ്.
Also Read

അഭയ കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന കോടതിവിധിക്ക് പിന്നാലെയായിരുന്നു അവര്‍ നിരപരാധികളാണെന്ന് തനിക്കു ബോധ്യമുണ്ടെന്ന് അദ്ദേഹം സ്വന്തം കര്‍മമേഖലയായ ഫോറന്‍സിക് മെഡിസിനെ ആസ്‌പദമാക്കി ദീര്‍ഘമായി എഴുതിയത്. സിസ്‌റ്റര്‍ സെഫിയുടെ കന്യാചര്‍മം ശസ്‌ത്രക്രിയയിലൂടെ പുനര്‍നിര്‍മിച്ചത് ആകാമെന്ന (ഹൈമെനോപ്ലാസ്‌റ്റി) റിപ്പോര്‍ട്ടാണ് പരിശോധന നടത്തിയ രണ്ടു ഡോക്‌ടര്‍മാര്‍ കോടതിക്ക് നല്‍കിയത്. ഈ ഡോക്‌ടര്‍മാര്‍ ഹൈമെനോപ്ലാസ്‌റ്റി എന്ന ശസ്‌ത്രക്രിയപ്പെറ്റി പഠിക്കുകയോ ശസ്‌ത്രക്രിയ കാണുകയോ ആ പ്രക്രിയയില്‍ സഹായിക്കുകയോ ചെയ്‌തിട്ടുള്ളവരല്ല. ഹൈമെനോപ്ലാസ്‌റ്റി കഴിഞ്ഞ ഒരാളെപ്പോലും അവര്‍ അന്നുവരെ കണ്ടിട്ടുമില്ല. അവരുടെ റിപ്പോര്‍ട്ടിൻ്റെ പിന്‍ബലത്തില്‍ സി.ബി.ഐയുടെ വാദം ശരിവയ്‌ക്കപ്പെട്ടതിനെ ആണ് ഡോ. കൃഷ്‌ണന്‍ ചോദ്യം ചെയ്യുന്നത്.
ഒരു വാദത്തിനുവേണ്ടി, അവര്‍ ഹൈമെനോപ്ലാസ്‌റ്റി നടത്തിയിരുന്നു എന്നു പറഞ്ഞാല്‍പ്പോലും അത് ഏതു ഡോക്‌ടര്‍, എവിടെ വച്ച്, അത് എന്നു ചെയ്‌തു എന്ന അടിസ്‌ഥാന ചോദ്യങ്ങള്‍ക്കു പോലും ഉത്തരമുണ്ടായിട്ടില്ല. സിസ്‌റ്റര്‍ സെഫിയെ അറസ്‌റ്റ് ചെയ്‌തത് 2008 നവംബര്‍ 19-നാണെന്ന് കോടതി വിധിയില്‍ പറയുന്നു. കന്യകാത്വ പരിശോധന നടത്തിയ വിദഗ്‌ധരുടെ റിപ്പോര്‍ട്ടിൻ്റെ വെളിച്ചത്തില്‍, സിസ്‌റ്റര്‍ സെഫി ഹൈമെനോപ്ലാസ്‌റ്റി നടത്തിയെന്ന നിഗമനത്തിലാണ് കോടതി എത്തിയത്.

ഹൈമെനോപ്ലാസ്‌റ്റി നടത്തിയത് അറസ്‌റ്റിലാകുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിലാണെന്നും വിധിയിലുണ്ട്. അങ്ങനെയെങ്കില്‍ ശസ്‌ത്രക്രിയ നടത്തിയത് എവിടെ വെച്ചാണെന്ന് കണ്ടുപിടിക്കാന്‍ എന്താണു പാട്? അറസ്‌റ്റിൽ ആകുന്നതിൻ്റെ തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ അവര്‍ ഉണ്ടായിരുന്ന സ്‌ഥലത്തുള്ള ആശുപത്രിയിലാകണം. അത് എവിടെയാണെന്ന് കണ്ടുപിടിക്കാന്‍ രാജ്യത്തെ ഏറ്റവും പ്രമുഖമായ കുറ്റാന്വേഷണ ഏജന്‍സിക്ക് സാധാരണഗതിയില്‍ ഒരു ബുദ്ധിമുട്ടും ഉണ്ടാകേണ്ടതല്ല. പക്ഷേ, ഹൈമെനോപ്ലാസ്‌റ്റി നടന്നിട്ടില്ലെങ്കില്‍ എത്ര അന്വേഷിച്ചാലും പറ്റത്തുമില്ലെന്ന് ഡോ. കൃഷ്‌ണന്‍ പരിഹസിക്കുന്നു.
സിസ്‌റ്റര്‍ സെഫിയെ ആരോപിക്കപ്പെട്ട കുറ്റകൃത്യവുമായി ബന്ധിപ്പിക്കാനുള്ള തെളിവുകളൊന്നും പോളിഗ്രാഫ്, ബ്രെയിന്‍ ഫിംഗര്‍പ്രിന്റിങ് പരിശോധനകളില്‍ ലഭിച്ചിരുന്നില്ല. തുടര്‍ന്നാണ് നാര്‍ക്കോ അനാലിസിസ് നടത്തിയത്. അതിൻ്റെ എഡിറ്റ് ചെയ്‌ത ദൃശ്യങ്ങള്‍ ചോര്‍ത്തി പ്രചരിപ്പിച്ച് അവര്‍ കൊടും കുറ്റവാളിയാണെന്ന പൊതുബോധം സൃഷ്‌ടിച്ചെടുത്തു. തുടര്‍ന്നാണ് കന്യകാത്വ പരിശോധനയ്‌ക്ക് സി.ബി.ഐ. ആവശ്യപ്പെട്ടത്. സ്വന്തം നിരപരാധിത്വം തെളിഞ്ഞു കിട്ടാനായി ഏറ്റവും ക്രൂരവും മനുഷ്യത്വ രഹിതവും അവഹേളനാ പൂര്‍ണവുമായ കന്യകാത്വ പരിശോധനയ്‌ക്കും അവര്‍ സമ്മതിച്ചു. കൊള്ളാവുന്ന നീതിന്യായ വ്യവസ്‌ഥയും പരിഷ്‌കൃത സമൂഹവുമുള്ള ഒരു രാജ്യത്തും നടത്താത്ത പരിശോധന.

ഒരു സ്‌ത്രീ, അതും ഒരു കന്യാസ്‌ത്രീ, സ്വന്തം കന്യകാത്വം സ്‌ഥാപിച്ചു കിട്ടാനായി ലോകത്ത് എവിടെയെങ്കിലും ഇത്തരമൊരു പരിശോധനയ്‌ക്ക് വിധേയമാക്കപ്പെട്ടിട്ടുണ്ടോ എന്നറിയില്ല. സ്വന്തം നിരപരാധിത്വവും മാനവും അഭിമാനവും വീണ്ടെടുത്തു കിട്ടാനായി പ്രതീക്ഷയര്‍പ്പിച്ചതു ഫോറന്‍സിക് മെഡിസിനെയാണ്.
എന്നാല്‍, അവരുടെ കന്യാചര്‍മത്തില്‍ ഒരു പാടുണ്ടെന്നും അത് ശസ്‌ത്രക്രിയ ചെയ്‌തത് കൊണ്ടാകാമെന്നും ലൈംഗിക വേഴ്‌ചയില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ എന്നു കൃത്യമായി പറയാന്‍ കഴിയില്ലെന്നുമാണ് പരിശോധന നടത്തിയ ഡോക്‌ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കിയത്. ലൈംഗിക വേഴ്‌ചയിലൂടെയല്ലാതെ, മറ്റു കാരണങ്ങള്‍ കൊണ്ടും കന്യാചര്‍മം മുറിയാമെന്നത് സാമാന്യ വൈദ്യശാസ്‌ത്ര വിവരമാണ്. അങ്ങനെയിരിക്കെ ഈ പരിശോധനയ്‌ക്ക് എന്താണ് പ്രസക്‌തിയെന്ന് മനസിലാക്കാതെയാണോ അതിന് ഒരുമ്പെട്ടിറങ്ങിയത്? കന്യാചര്‍മം മുറിഞ്ഞിട്ടുണ്ടെന്നാണ് കണ്ടതെങ്കില്‍ ഇവര്‍ എന്ത് അഭിപ്രായമായിരിക്കും പറയുക!
മാറിടങ്ങള്‍ പരിശോധിച്ച്, സിസ്‌റ്റര്‍ സെഫി സ്‌ഥിരമായി ലൈംഗിക വേഴ്‌ചയില്‍ ഏര്‍പ്പെട്ടിരുന്നെന്ന ഭൂലോക വിഡ്‌ഢിത്തം കൂടിയാണ് പരിശോധന നടത്തിയ ഡോക്‌ടര്‍മാര്‍ എഴുന്നള്ളിച്ചതെന്നും ഡോ. കൃഷ്‌ണന്‍ ചൂണ്ടിക്കാട്ടുന്നു.

Sorry, there was a YouTube error.