Categories
Kerala local news

‘നയി ചേതന’ ദേശീയതല കാമ്പയിൻ്റെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷൻ കാസർഗോഡ് ഓപ്പൺ ഫോറം നടത്തി; അഡീഷണൽ എസ്പി പി.ബാലകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു

കാസർഗോഡ്: സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളെ പ്രതിരോധിക്കുന്നതിന് നവംബര്‍ 25 മുതല്‍ ഡിസംബര്‍ 23 വരെ ഇന്ത്യയൊട്ടാകെ നടത്തുന്ന ദേശീയതല ക്യാമ്പയിനായ ‘നയി ചേതന’. ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍റെ നേതൃത്വത്തില്‍ നടത്തുന്ന ക്യാമ്പയിനിൻ്റെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷൻ പോലീസ് വകുപ്പുമായി സഹകരിച്ച് ഓപ്പൺ ഫോറം നടത്തിയത്. ഓപ്പൺ ഫോറം കാസർഗോഡ് അഡീഷണൽ എസ്പി പി.ബാലകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ ടി.ടി.സുരേന്ദ്രൻ അധ്യക്ഷനായി. കാസർഗോഡ് എ.എസ്പി അപർണ ഐ.പി.എസ് വിശിഷ്ടാതിഥിയായി. കേരള കേന്ദ്ര സർവകലാശാല അസിസ്റ്റൻറ് പ്രൊഫസർ ഡോ ആശാലക്ഷ്മി ഓപ്പൺ ഫോറത്തിൽ മോഡറേറ്റർ ആയിരുന്നു. സ്ത്രീകള്‍, വിവിധ ലിംഗവിഭാഗത്തിലുള്ള വ്യക്തികള്‍ എന്നിവര്‍ക്ക് വിവേചനങ്ങളും അതിക്രമങ്ങളും നേരിടാതെ സ്വന്തം അവകാശത്തില്‍ അധിഷ്ഠിതമായി നിര്‍ഭയം ജീവിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുകയാണ് ഓപ്പൺ ഫോറം സംഘടിപ്പിച്ചതിലൂടെ ലക്ഷ്യമിടുന്നത്. കാഞ്ഞങ്ങാട് ഡി.വൈ.എസ്പി ബാബു പെരിങ്ങത്ത്, എസ്.എച്ച് ഓമാരായ പി.അജിത് കുമാർ, എം.മുകുന്ദൻ, കെ.രാജേഷ്, തുടങ്ങിയവർ സംസാരിച്ചു. എ.ഡി.എം.സി സൗദ സ്വാഗതവും ഡി.പി.എം എസ് മനു നന്ദിയും പറഞ്ഞു. ഡിസംബര്‍ 23 ന് സമാപിക്കുന്ന ക്യാമ്പയിനിൻ്റെ ഭാഗമായി കുടുംബശ്രീ സി.ഡി.എസുകളില്‍ ജെന്‍ഡര്‍ കാര്‍ണിവല്‍ സംഘടിപ്പിക്കും. ക്യാമ്പയിനിന്‍റെ ഭാഗമായി കഴിഞ്ഞ മൂന്ന് ആഴ്ചകളിലായി അയല്‍ക്കൂട്ട, എ.ഡി.എസ്, സി.ഡി.എസ്, ഓക്സിലറി ഗ്രൂപ്പുകള്‍, 854 ജെന്‍ഡര്‍ റിസോഴ്സ് സെന്‍ററുകള്‍, വിജിലന്‍റ് ഗ്രൂപ്പുകള്‍ എന്നിവ കേന്ദ്രീകരിച്ച് ഒട്ടനവധി പ്രവര്‍ത്തനങ്ങളാണ് സംഘടിപ്പിച്ചുവരുന്നത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *