Categories
education local news news trending

കലാപത്തിൻ്റെ ഭീതിയില്ലാതെ പഠിക്കാം; വിന്‍സന്‍ ഹോകിപിൻ ഇനി മുന്നാട് കോളേജില്‍, താമസവും പഠനവും ഉള്‍പ്പെടെയുള്ള മുഴുവന്‍ ചെലവുകളും സൗജന്യം

വിന്‍സണ്‍ ഹോകിപ്പിന് സ്വീകരണം നല്‍കി

ബേഡകം / കാസർകോട്: മണിപ്പൂര്‍ കലാപത്തില്‍ തുടര്‍വിദ്യാഭ്യസം തടസ്സപ്പെടുകയും ജീവിതം ദുരിതത്തിലാവുകയും ചെയ്‌ത വിന്‍സണ്‍ ഹോകിപ്പിന് തുടര്‍പഠനത്തിന് അവസരമൊരുക്കി മുന്നാട് പീപ്പിള്‍സ് കോഓപറേറ്റീവ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്. സംസ്ഥാന സര്‍ക്കാറിൻ്റെ തീരുമാനപ്രകാരം തുടര്‍വിദ്യാഭ്യാസ സൗകര്യം നല്‍കിയ മണിപ്പൂരിലെ വിദ്യാര്‍ത്ഥികള്‍ക്ക് കണ്ണൂര്‍ സര്‍വ്വകലാശാല കോളേജുകളില്‍ പഠനത്തിന് അവസരം ഒരുക്കിയിരുന്നു.

സര്‍വ്വകലാശാല കുട്ടികളെ ഏറ്റെടുക്കുകയും മുന്നാട് പീപ്പിള്‍സ് കോളേജില്‍ പഠന സൗകര്യമൊരുക്കുകയും ചെയ്‌തു. ബി.എസ്.സി ജിയോഗ്രാഫിയിലാണ് വിന്‍സണ്‍ ഹോകിപ്പിന് കോളേജില്‍ പ്രവേശനം നല്‍കിയത്.

വിന്‍സണ്‍ ഹോകിപ്പിൻ്റെ താമസവും പഠനവും ഉള്‍പ്പെടെയുള്ള മുഴുവന്‍ ചെലവുകളും കോളേജിന് നേതൃത്വം നല്‍കുന്ന കാസര്‍കോട് കോ-ഓപറേറ്റീവ് എഡ്യുക്കേഷണല്‍ സൊസൈറ്റി വഹിക്കും.

കോളേജിലെത്തിയ വിന്‍സണ്‍ ഹോകിപ്പിന് കോളേജ് അധികൃതരും വിദ്യാർത്ഥികളും നാട്ടുകാരും സ്വീകരണം നല്‍കി. കാസര്‍കോട് കോ- ഓപറേറ്റീവ് എഡ്യൂക്കേഷണല്‍ സൊസൈറ്റി പ്രസിഡണ്ട് ഇ.പത്മാവതി ഉദ്ഘാടനം ചെയ്‌തു.

കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. സി.കെ. ലൂക്കോസ് അധ്യക്ഷത വഹിച്ചു. മുന്‍ പ്രസിഡണ്ട് എം.അനന്തന്‍, സൊസൈറ്റി സെക്രട്ടറി ഇ.കെ. രാജേഷ്, ഡയറക്ടര്‍മാരായ പായം വിജയന്‍, സജിത് അതിയാമ്പൂര്‍, എം.ലതിക സംസാരിച്ചു. ജിയോഗ്രാഫി വിഭാഗം തലവന്‍ എം.ടി ബിജുമോന്‍ സ്വാഗതം പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest