Categories
local news news

അന്നംകൊടുത്ത നാടിന് കൈതാങ്ങായി രാജസ്ഥാന്‍ സ്വദേശി

നീലേശ്വരം(കാസർകോട്): കൊവിഡ്-19 മഹാമാരിയോട് പെരുതുന്ന കേരളത്തിന് രാജസ്ഥാനില്‍ നിന്നുള്ള അതിഥി തൊഴിലാളിയുടെ കൈത്താങ്ങ്. കാസര്‍കോട് ജില്ലയിലെ ബങ്കളം കൂട്ടപ്പുനയില്‍ താമസമാക്കിയ രാജസ്ഥാന്‍ വീരന്‍പുര സ്വദേശിയായ അതിഥി തൊഴിലാളി വിനോദ് ജംഗിതാണ് 5000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് അന്നം കൊടുക്കുന്ന നാടിന് കൈതാങ്ങായത്.

വിനോദ് ജംഗിത് കൂട്ടുകാരനായ മുകേഷ് ചന്ദ് ജംഗിതിനൊപ്പം നീലേശ്വരം പോലീസ് സ്റ്റേഷനില്‍ എത്തി പോലീസ് ഇൻസ്പെക്ടർ എം.എ മാത്യൂവിനാണ് തുക കൈമാറിയത്. അഭയവും മൂന്ന് നേരം വയറ് നിറച്ച് അന്നവും തന്ന നാട്, മഹാമാരിയോട് പൊരുതുമ്പോള്‍ സഹായിക്കേണ്ടത് തൻ്റെ കടമയാണ് എന്നാണ് വിനോദിൻ്റെ അഭിപ്രായം.

30 കാരനായ വിനോദ് ജംഗിത് 18 വയസ്സുള്ളപ്പോഴാണ് കേരളത്തിലേക്ക് ജോലി തേടി വണ്ടികയറിയത്. ജോലി തേടിയെത്തിയ വിനോദിനെ കേരളം ഇരുകയ്യും നീട്ടീ സ്വീകരിച്ചു. കേരളത്തിൻ്റെ പലഭാഗത്തായി ജോലി ചെയ്ത് വിനോദിനെ കേരളക്കരയുടെ സ്‌നേഹവും തൊഴില്‍ സംസ്‌കാരവും ഇവിടെ തന്നെ നിലയുറപ്പിക്കാന്‍ പ്രേരിപ്പിച്ചു. നിലവില്‍ മാര്‍ബിള്‍-ഗ്രാനൈറ്റ് കോണ്‍ട്രാക്റ്റര്‍ ആയ വിനോദിന് കീഴില്‍ സ്വന്തം നാട്ടില്‍ നിന്നുള്ള അഞ്ച് യുവാക്കള്‍ ജോലി ചെയ്യുന്നുണ്ട്. ഭാര്യ ജ്യോതിക്കും മകള്‍ കനകിനുമൊപ്പമാണ് കുട്ടപ്പുന്നയില്‍ താമസിക്കുന്നത്. മഹാമാരിയില്‍ നിന്ന് രക്ഷ നേടാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്നാണ് വിനോദിന് സഹ അതിഥി തൊഴിലാളികളോടും അഭ്യര്‍ത്ഥിക്കാനുള്ളത്. സുവര്‍ണ്ണ ശോഭയോടെ കേരളം ജീവിതത്തിൻ്റെ വസന്തത്തിലേക്ക് തിരിച്ചു വരുന്നത് കാണാന്‍ കാത്തിരിക്കുകയാണ് വിനോദും കുടുംബവും.

0Shares

Leave a Reply

Your email address will not be published. Required fields are marked *