Categories
health Kerala news

കീടനാശിനിയിൽ കുളിച്ച് വിപണിയിൽ പച്ചക്കറികൾ; 602 ഭക്ഷ്യവസ്തു സാംപിളുകൾ പരിശോധിച്ചതിൽ 157 എണ്ണത്തിലും കീടനാശിനി സാന്നിധ്യം

പൊതുവിപണി, കൃഷിയിടങ്ങൾ, ജൈവ ഉല്പന്ന കടകൾ, സർക്കാരിൻ്റെ നിയന്ത്രണത്തിലുള്ള ഇക്കോ ഷോ‍പ്പുകൾ എന്നിവിടങ്ങളിലെ സാംപിളുകളാണ് ശേഖരിച്ചത്.

പൊതുവിപണിയിൽ വിൽക്കുന്ന ‌ബ‍ജിമുളക്, കാപ്സികം, സാമ്പാർ മുളക്, പച്ചമുളക് എന്നിവയിൽ കീടനാശിനിയുടെ അംശം നിർദേശിക്കപ്പെട്ട അളവിലും കൂടുതലാണെന്നു കൃഷി വകുപ്പിൻ്റെ റിപ്പോർട്ട്. മല്ലിപ്പൊടി, ജീരക‍പ്പൊടി, മുളകുപൊടി എന്നിവയിലും, ജൈവ പച്ചക്കറികൾ എന്ന ലേബലിൽ വിൽക്കുന്ന പയർ, ചുവന്നചീര, പാവയ്ക്ക, കാബേജ്, കോളിഫ്ലവർ, കറിവേപ്പില, ബീൻസ്, സലാഡ് വെള്ളരി എന്നിവയിലും വിഷാം‍ശത്തിൻ്റെ തോത് ഉയർന്നതായി കണ്ടെത്തി.

വെള്ളായണി കാർഷിക കോളജിലെ കീടനാശിനി അവശിഷ്ട വിഷാംശ ഗവേഷണ പരിശോധന ലബോറട്ടറിയിൽ കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ ‘സേഫ് ടു ഈറ്റ് പദ്ധതി’ പ്രകാരമുള്ള പരിശോധനയിലാണ് കണ്ടെത്തൽ.

പൊതുവിപണി, കൃഷിയിടങ്ങൾ, ജൈവ ഉല്പന്ന കടകൾ, സർക്കാരിൻ്റെ നിയന്ത്രണത്തിലുള്ള ഇക്കോ ഷോ‍പ്പുകൾ എന്നിവിടങ്ങളിലെ സാംപിളുകളാണ് ശേഖരിച്ചത്. 602 ഭക്ഷ്യവസ്തു സാംപിളുകൾ പരിശോധിച്ചതിൽ 157 എണ്ണത്തിൽ കീടനാശിനി സാന്നിധ്യം കണ്ടെത്തി.

പച്ചക്കറികളിൽ 27.92 ശതമാനവും, സുന്ധ‍വ്യഞ്ജനങ്ങളിൽ 11.76 ശതമാനവും കീടനാശിനി സാന്നിധ്യമുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. അതേസമയം, മുൻകാലങ്ങളെ അപേക്ഷിച്ച് പച്ചക്കറികളിൽ മാരക കീടനാശിനികളുടെ പ്രയോഗം നേരിയ തോതിൽ കുറഞ്ഞിട്ടു‍ണ്ടെന്ന് കൃഷിവകുപ്പ് അറിയിച്ചതായി റിപ്പോർട്ടുണ്ട്.

പൊതുവിപണിയിൽ നിന്ന് ശേഖരിച്ച അഞ്ചു ഇനത്തിൽ‍പ്പെടുന്ന പഴവർഗങ്ങളിൽ ഒരെണ്ണത്തിൽ പോലും വിഷാംശം കണ്ടെത്താനായില്ല. പൊതുവിപണിയിലെ പച്ചച്ചീര, നേന്ത്രൻ, ചേമ്പ്, ചേന, ഇഞ്ചി, ചുവ‍ന്നുള്ളി, ഉരുളൻ കിഴങ്ങ്, മാങ്ങ, വെളുത്തുള്ളി, വാ‍ളരി പയർ, മത്തൻ, ശീമ‍ച്ചക്ക, കൈതച്ചക്ക, തണ്ണിമത്തൻ, പഴം, കൂവരക്, സോയ എന്നിവ സുരക്ഷിതമാണെന്നും റിപ്പോർട്ടിലുണ്ട്.

0Shares

Leave a Reply

Your email address will not be published. Required fields are marked *