Categories
Kerala news trending

അന്ത്യശാസനം; ഫോണില്‍ വിളിച്ചിട്ട് കിട്ടുന്നില്ല, എല്‍ദോസ് കെ.പി.സി.സിയുമായി ഉടനെ ബന്ധപ്പെടണമെന്ന് വി.ഡി സതീശന്‍, യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും

ക്രൈംബ്രാഞ്ച് ചുമത്തിയ 376 (2) എന്‍ വകുപ്പ് പ്രകാരം ചുരുങ്ങിയത് പത്തുവർഷം തടവുശിക്ഷ വരെ ലഭിക്കാം

തിരുവനന്തപുരം: ബലാല്‍സംഗക്കേസില്‍ പ്രതിയായ എൽദൊസ് കുന്നപ്പിള്ളി എം.എൽ.എയെ ഫോണില്‍ വിളിച്ചിട്ട് കിട്ടുന്നില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. എൽദൊസ് എത്രയും പെട്ടന്ന് കെ.പി.സി.സിയുമായി ബന്ധപ്പെടണമെന്നും വി.ഡി സതീശന്‍ ആവശ്യപ്പെട്ടു. പീഡനപരാതിയിൽ മാതൃകാപരമായ തീരുമാനമെടുക്കുമെന്നും ഇരയ്ക്കൊപ്പമാണ് നില്‍ക്കുകയെന്നും സതീശൻ പറഞ്ഞു.

കെ.പി.സി.സി തീരുമാനം എടുക്കുന്നില്ലെന്ന് പറയുന്നത് ശരിയല്ല. എൽദൊസിൽ നിന്നും വിശദീകരണം തേടും. എല്‍ദോസുമായി ബന്ധപ്പെട്ട എല്ലാ ഇടങ്ങളിലും അറിയിച്ചിട്ടുണ്ട്. എത്രയും പെട്ടന്ന് വിശദീകരണം നല്കണമെന്നും സതീശൻ വ്യക്തമാക്കി.

അതേസമയം യുവതിയുടെ പരാതിയിൽ എൽദൊസ് കുന്നപ്പിള്ളിയെ അറസ്റ്റ് ചെയ്യാനുള്ള നടപടികളുമായാണ് ക്രൈബ്രാഞ്ച് സംഘം മുന്നോട്ട് പോകുന്നത്. ജനപ്രതിനിധി ആയതിനാൽ തുടർ നടപടിക്കുള്ള അനുമതി തേടി തിരുവനന്തപുരം സിറ്റി കമ്മീഷണർ സ്പീക്കർക്ക് കത്ത് നൽകിയിട്ടുണ്ട്. എൽദൊസിനെതിരെ ബലാത്സംഗ കേസ് കൂടി രജിസ്റ്റർ ചെയ്ത സാഹചര്യത്തിലാണ് നടപടി വേഗത്തിലാക്കുന്നത്. ക്രൈംബ്രാഞ്ച് ചുമത്തിയ 376 (2) എന്‍ വകുപ്പ് പ്രകാരം ചുരുങ്ങിയത് പത്തുവർഷം തടവുശിക്ഷ വരെ എൽദൊസിന് ലഭിക്കാം. നാളെയാണ് എൽദൊസിൻ്റെ മുൻകൂർ ജാമ്യാപേക്ഷ ജില്ലാ സെഷൻസ് കോടതി പരിഗണിക്കുന്നത്.

യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള അപേക്ഷ വെള്ളിയാഴ്‌ച അന്വേഷണസംഘം കോടതിയിൽ നൽകും. എം.എൽ.എ വിവാഹവാഗ്ദാനം നല്കി പല സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചെന്ന് അധ്യാപിക കൂടിയായ പരാതിക്കാരി ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിട്ടുണ്ട്.

0Shares

Leave a Reply

Your email address will not be published. Required fields are marked *