Categories
Kerala news

കൊച്ചി കോര്‍പറേഷനില്‍ വണ്ടിച്ചെക്ക് പ്രളയം; മടങ്ങിയത് 235 ചെക്ക്, കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ മുടങ്ങിയത് 1.31 കോടി രൂപ

റവന്യൂ വരുമാനത്തില്‍ കൂടുതലും ചെക്ക് മുഖേനയാണ് സ്വീകരിക്കുന്നത്

കൊച്ചി: കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ദൈനംദിന പദ്ധതികള്‍ മുടങ്ങുമ്പോഴും കൊച്ചി കോര്‍പറേഷനിലേക്ക് വിവിധ നികുതി ഇനത്തില്‍ ലഭിച്ച ചെക്കുകളിലായി മുടങ്ങി കിടക്കുന്നത് 1.31 കോടി രൂപ. 2011 നവംബര്‍ മുതല്‍ 2019 ഒക്ടോബര്‍ വരെ ബൗണ്‍സായ ചെക്കുകളുടെ കണക്കാണിത്. ആകെ ലഭിച്ച 278 വണ്ടിച്ചെക്കില്‍ 43 എണ്ണത്തില്‍ മാത്രമേ തുക തിരിച്ചുപിടിക്കാന്‍ കഴിഞ്ഞുള്ളൂ. ബാക്കി 235 ചെക്കിലായി മുടങ്ങി കിടക്കുന്നത് 1,31,49,849 രൂപയാണ്. 2020-21 വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് നികുതി പിരിവിലെ ഗുരുതര വീഴ്‌ചകള്‍ ചൂണ്ടിക്കാട്ടുന്നത്.

കോര്‍പറേഷന് ലഭിക്കേണ്ട റവന്യൂ വരുമാനത്തില്‍ കൂടുതലും ചെക്ക് മുഖേനയാണ് സ്വീകരിക്കുന്നത്. ഇതിന് അതത് തുകക്കുള്ള രസീത് നല്‍കി ചെക്ക് സ്വീകരിച്ചതായി രജിസ്റ്ററില്‍ ചേര്‍ത്ത് ബാങ്കില്‍ സമര്‍പ്പിക്കും. എന്നാല്‍, ചെക്ക് ബാങ്കില്‍ നിക്ഷേപിച്ച തീയതി, പണം ലഭിച്ച തീയതി, ചെക്ക് മടങ്ങിയോ ഇല്ലയോ തുടങ്ങിയ രജിസ്റ്ററിലെ കോളങ്ങള്‍ പൂരിപ്പിച്ചിട്ടില്ല. ഇതിലൂടെ ചെക്ക് മുഖേനയുള്ള റവന്യൂ വരവ് പൂര്‍ണമായും നഗരസഭ അക്കൗണ്ടില്‍ മുതല്‍ കൂട്ടിയിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ കഴിഞ്ഞിട്ടില്ല. ചെക്ക് മുഖേന വന്ന തുക മുഴുവനും അക്കൗണ്ടില്‍ വന്നിട്ടുണ്ടെന്ന് ഉറപ്പിക്കാനും സാധിക്കുന്നില്ലെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

നികുതിപിരിവ് കാര്യക്ഷമമാക്കാന്‍ സ്ഥിരം ജീവനക്കാര്‍ക്ക് പുറമെ ദിവസവേതന അടിസ്ഥാനത്തിലും നിയമിച്ചിട്ടുണ്ടെങ്കിലും കാര്യമായി ഫലമുണ്ടായിട്ടില്ല. 2021 വരെ വസ്തുനികുതി, തൊഴില്‍ നികുതി എന്നീ ഇനങ്ങളില്‍ മാത്രം 64.8 കോടിയാണ് പിരിച്ചെടുക്കാനുള്ളത്. 2021-22 വര്‍ഷത്തില്‍ വസ്തുനികുതിയായി ലഭിക്കേണ്ടത് 47.1 കോടിയാണ്. ഇതില്‍ മാത്രം കുടിശ്ശിക 16.06 കോടിയും. വാര്‍ഷിക പദ്ധതിയുടെ ഭാഗമായി പശ്ചാത്തല മേഖലയിലെ പ്രവൃത്തികള്‍ ചെയ്യുന്നതിന് ഏറ്റെടുത്ത 1380 പ്രോജക്ടുകളില്‍ 333 എണ്ണം മാത്രമാണ് ഓഡിറ്റ് പരിശോധനക്ക് ഫയല്‍ ലഭ്യമാക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 1034 പദ്ധതികള്‍ക്ക് ഇതുവരെ പണം ചെലവഴിച്ചിട്ടുണ്ട്.

ഫയല്‍ പരിശോധനക്ക് ലഭ്യമാക്കിയ 333 പ്രോജക്ടുകള്‍ക്കായി 25.25 കോടി ചെലവഴിച്ചു. ഇനിയും ഓഡിറ്റിങ്ങിന് ലഭ്യമാക്കാത്ത 701 പദ്ധതികളിലായി 82.28 കോടിയും വിനിയോഗിച്ചിട്ടുണ്ട്. ഓഡിറ്റിന് രേഖകള്‍ ലഭ്യമാക്കാത്തതിലെ വീഴ്‌ചക്ക് സെക്രട്ടറി ഉള്‍പ്പെടെയുള്ള നഗരസഭയുടെ മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest