Categories
Kerala news

വന്ദനയുടെ കൊലയാളി ഒന്നും അറിയാതെയല്ല ചെയ്‌തത്; അതിവേഗം നീതി നടപ്പാക്കണമെന്ന് ആശുപത്രിയിലെ സഹപ്രവര്‍ത്തകര്‍

ആക്രമണം നടക്കുന്ന വിവരം വന്ദന നേരത്തെ അറിഞ്ഞിരുന്നില്ല.

കൊട്ടാരക്കര / കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യുട്ടിക്കിടെ കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന് അതി വേഗം നീതി നടപ്പാക്കണമെന്ന് സഹപ്രവര്‍ത്തകര്‍. കേസ് വിചാരണക്ക് അതിവേഗ കോടതി വേണം. കൊലയാളി സന്ദീപ് ഒന്നും അറിയാതെയല്ല ചെയ്‌തത്. അങ്ങനെ സമൂഹത്തില്‍ സംസാരമുണ്ട്. അത് ശരിയല്ല. അയാള്‍ കരുതിക്കൂട്ടി ചെയ്‌ത കൊലയാണ്. ആരും കാണാതെ സര്‍ജിക്കല്‍ കത്രിക ഒളിപ്പിച്ചുവച്ചു. അയാള്‍ മുഷ്ഠി ചുരുട്ടിയാണ് പിടിച്ചിരുന്നത്. ആക്രമണത്തിന് ശേഷം കത്രിക കഴുകിയ ശേഷമാണ് അയാള്‍ വലിച്ചെറിഞ്ഞത്. വന്ദനയെ രക്ഷിച്ചുകൊണ്ടു പോകുമ്പോള്‍ അയാള്‍ പിന്നാലെ വന്ന് കുത്തി. ഒന്നും അറിയാതെ ചെയ്യുന്നവര്‍ ഇങ്ങനെ പെരുമാറുമോ എന്നും സഹപ്രവര്‍ത്തകര്‍ ചോദിക്കുന്നു.

കൊട്ടാരക്കര ആശുപത്രിയിലെ ഒരു ബ്ലോക്കിന് വന്ദനയുടെ പേര് കൊടുക്കുമെന്ന് കേട്ടു. ബ്ലോക്കിന് പേര് കൊടുത്താല്‍ വന്ദനയ്ക്ക് നീതി കിട്ടുമോ? മാതാപിതാക്കള്‍ക്ക് നീതി കിട്ടുമോ?

അറ്റം വളഞ്ഞിരിക്കുന്ന കത്രിക ഉപയോഗിച്ചായിരുന്നു ആക്രമണം. വളരെ ആഴത്തില്‍ മുറിവുണ്ടാക്കുന്ന ആക്രമണമാണത്. വന്ദനയെ മറ്റൊരു ഡോക്ടര്‍ രക്ഷിച്ച്‌ കൊണ്ടുപോകുമ്പോള്‍ ശ്വാസം കിട്ടുന്നില്ല എന്നു പറയുന്നുണ്ടായിരുന്നു. ആശുപത്രിയില്‍ വന്ദനയുടെ ജീവന്‍ രക്ഷിക്കാനുള്ള സംവിധാനമില്ലായിരുന്നു. വെണ്ടിലേറ്റര്‍ ഘടിപ്പിച്ച്‌ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. നിരവധി പേരുടെ ജീവന്‍ രക്ഷിച്ച ഒരു ഡോക്ടറുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

ആംബുലന്‍സ് ഡ്രൈവറാണ് സന്ദീപിനെ ആദ്യം കടന്നുപിടിച്ചത്. പിന്നീട് രണ്ട് പോലീസുകാര്‍ വന്ന് അയാളെ പിടിച്ചുകെട്ടി. നാളെയും മറ്റൊരു വന്ദന ആക്രമിക്കപ്പെടും. പ്രതി സന്ദീപ് രക്ഷപ്പെട്ട് പുറത്തുവരികയും ചെയ്യും. ലഹരിമുക്ത കേന്ദ്രത്തില്‍ ചികിത്സ കഴിഞ്ഞ ഒരു പ്രതി ഏതു നിമിഷവും അക്രമാസക്തനാകും. ഇയാളെ കൈകാര്യം ചെയ്യാനുള്ള പരിശീലനം പോലീസിനില്ല. ഹോം ഗാര്‍ഡിനെ കുത്തുന്നത് കണ്ട് വന്ന എസ്‌.ഐയെ പ്രതി കീഴ്‌പ്പെടുത്തുകയാണ് ചെയ്‌തത്. അയാള്‍ ജീവനും കൊണ്ട് ഓടുകയായിരുന്നു.

‘നിന്നെയൊക്കെ കൊല്ലുമെടീ’ എന്ന് ആക്രോശിച്ചു കൊണ്ടാണ് ആ പ്രതി വരുന്നത്. നമ്മുടെ നീതിന്യായ വ്യവസ്ഥയുടെയും സമൂഹത്തിൻ്റെയും പരാജയമാണിത്. അയാളെ കീഴ്‌പ്പെടുത്തി ഒരു വിലങ്ങ്‌ വച്ച്‌ കൊണ്ടുവന്നിരുന്നുവെങ്കില്‍ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു. പോലീസ് കുറച്ചുകൂടി ജാഗ്രത പാലിക്കേണ്ടതായിരുന്നു.

സെക്യുരിറ്റി ജീവനക്കാരായി ആശുപത്രികളില്‍ നിയമിക്കുന്നത് പ്രായം ചെന്നവരെയാണ്. പേരിന് വേണ്ടി മാത്രം നിയമിക്കുന്നതാണിത്. ആ രീതി മാറ്റണം.

വന്ദന വളരെ സൗമ്യയായിരുന്നു. കാഷ്വാലിറ്റിയില്‍ എത്തിക്കുന്ന രോഗികളുടെ അവസ്ഥയും നിര്‍ദേശിച്ച ചികിത്സയും മെഡിക്കല്‍ ഓഫീസറെ അറിയിക്കേണ്ട ചുമതലയായിരുന്നു വന്ദനയ്ക്ക്. അവിടെ ആക്രമണം നടക്കുന്ന വിവരം വന്ദന നേരത്തെ അറിഞ്ഞിരുന്നില്ല. എം.ഒയുടെ മുറിയിലേക്ക് പോയ വന്ദന തിരിച്ചു വരുമ്പോഴാണ് ഈ സംഭവം കാണുന്നത്. അവിടെ പകച്ചുപോയി. കാരണം, ഇത്തരം സാഹചര്യങ്ങള്‍ നേരിടുന്നവരല്ല ഞങ്ങള്‍. ജീവന്‍ രക്ഷിക്കേണ്ടവരാണ്. കൊല്ലപ്പെടേണ്ടവരല്ല. ഞങ്ങള്‍ക്ക് നല്‍കുന്ന പരിശീലനം രോഗിയുടെ ജീവന്‍ രക്ഷിക്കാനാണ്. അല്ലാതെ രോഗിയില്‍ നിന്ന് ആക്രമണമുണ്ടാകുമ്പോള്‍ അടി തടയാനുള്ളതല്ലെന്നും അവര്‍ പറഞ്ഞു.

വന്ദനയ്ക്ക് നീതി കിട്ടിയേ മതിയാകൂ. നാളെ മറ്റൊരു വിഷയം കിട്ടുമ്പോള്‍ എല്ലാവരും വന്ദനയെ മറക്കും. എന്നാല്‍ ആ മാതാപിതാക്കള്‍ക്ക് ഉണ്ടായ നഷ്ടം ആര് നികത്തുമെന്നൂം അവര്‍ ചോദിക്കുന്നു.

0Shares

Leave a Reply

Your email address will not be published. Required fields are marked *