Categories
local news

ഉപയോഗിച്ച പാചക എണ്ണ ഇനി ഇന്ധനമാകും; സംസ്ഥാനത്തെ ആദ്യ ബയോഡീസല്‍ പ്ലാന്റ് കാസര്‍കോട്ട്

പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ബയോഡീസല്‍ പ്ലാന്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ കേരളത്തിലെ ഇതിന്‍റെ സാധ്യതയാണ് പ്രയോജനപ്പെടുത്തുന്നത്.

പാചകത്തിന് ഉപയോഗിച്ച എണ്ണയുടെ പുനരുപയോഗത്തെ കുറിച്ച് ഇനി ആശങ്ക വേണ്ട. പാചക എണ്ണ ബയോ ഡീസലാക്കി മാറ്റുന്ന സംസ്ഥാനത്തെ ആദ്യ പ്ലാന്റ് കാസര്‍കോട്ട് വരുന്നു. കുമ്പള അനന്തപുരത്തെ വ്യവസായ പാര്‍ക്കില്‍ വ്യവസായ വകുപ്പ് അനുവദിച്ച രണ്ടേക്കര്‍ സ്ഥലത്താണ് പ്രതിമാസം 500 ടണ്‍ ബയോ ഡീസല്‍ ഉത്പാദന ശേഷിയുള്ള ഫാക്ടറി നിര്‍മാണം ആരംഭിച്ചത്.

ബ്രീട്ടീഷുകാരനായ കാള്‍ വില്യംസ് ഫീല്‍ഡന്‍റെ ഉടമസ്ഥതയിലുള്ള ന്യൂട്രല്‍ ഫ്യൂവല്‍സും, കോഴിക്കോട് സ്വദേശിയായ ഹക്സര്‍ മാനേജിങ് ഡയരക്ടറായ ഖത്തര്‍ ആസ്ഥാനമായ എര്‍ഗോ ബയോ ഫ്യൂവല്‍സ് പ്രൈവറ്റ് ലിമിറ്റഡിന്‍റെയും സംയുക്ത സംരഭമായാണ് പ്ലാന്റ് കാസര്‍കോട്ട് സ്ഥാപിക്കുന്നത്.

വീടുകള്‍, ഹോട്ടലുകള്‍, ബേക്കറികള്‍, റസ്റ്റോറന്റുകള്‍ എന്നിവിടങ്ങളില്‍ ഭക്ഷ്യവസ്തുക്കള്‍ ഉണ്ടാക്കാന്‍ ഉപയോഗിച്ച എണ്ണ ശേഖരിച്ച് വിവിധ പ്രക്രിയകളിലൂടെ സംസ്‌കരിച്ചാണ് ഡീസല്‍ നിര്‍മാണം. ദൂബായ്, അബുദാബി, ബഹ്റിന്‍, ഒമാന്‍, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ ന്യൂട്രല്‍സ് ഫ്യൂവല്‍സിന്‍റെ ബയോ ഡീസല്‍ പ്ലാന്റ് വിജയകരമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഒമാന്‍, ഖത്തര്‍, ടുണീഷ്യ, മലേഷ്യ, എന്നിവിടങ്ങളില്‍ ബയോ ഡീസല്‍ ഉത്പാദനം നടത്തുന്ന കമ്പനിയാണ് എര്‍ഗോ. ഒമാനില്‍ രണ്ട് കമ്പനിയും ഒന്നിച്ചാണ് പ്ലാന്റ് പ്രവര്‍ത്തിപ്പിക്കുന്നത്. അടുത്ത പ്ലാന്റ് എവിടെയെന്ന അന്വേഷണത്തിനൊടുവിലാണ് കാസര്‍കോട് അനന്തപുരത്തെത്തിയത്.

പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ബയോഡീസല്‍ പ്ലാന്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ കേരളത്തിലെ ഇതിന്‍റെ സാധ്യതയാണ് പ്രയോജനപ്പെടുത്തുന്നത്. നേരത്തെ പദ്ധതിയുമായി സമീപിച്ചപ്പോള്‍ വ്യവസായ വകുപ്പ് മന്ത്രി പി.രാജീവില്‍ നിന്നുള്‍പ്പെടെ മികച്ച പിന്തുണയാണ് ലഭിച്ചത്. 35ലക്ഷം ജനസംഖ്യയുള്ള ഖത്തറില്‍ പ്രതിമാസം 500ടണ്‍ ബയോഡീസല്‍ ഉത്പാദിപ്പിക്കപ്പെടുമ്പോള്‍ അതിന്‍റെ പത്തിരട്ടി ജനസംഖ്യയുള്ള കേരളത്തിലെ അവശിഷ്ട പാചക എണ്ണ ശേഖരിച്ചാല്‍ ഇതിന്‍റെ പത്ത് മടങ്ങ് ബയോ ഡീസല്‍ ഉത്പാദനം സാധ്യമാണെന്ന് എര്‍ഗോ ഫ്യുവല്‍സ് മാനേജിങ് ഡയരക്ടര്‍ ഹക്സര്‍ പറഞ്ഞു.

നിലവില്‍ കേരളത്തില്‍ അനധികൃതമായി എണ്ണ ശേഖരിച്ച് സംസ്‌കരിച്ച ശേഷം പുനരുപയോഗത്തിനായി നമ്മുടെ വീടുകളില്‍ എത്തുന്നുണ്ട്. പ്രാദേശികമായി 60മുതല്‍ 70 രൂപ വരെ നല്‍കി ശേഖരിച്ച ശേഷമാണ് കൂടിയ വിലക്ക് പുതിയ രൂപത്തില്‍ വിവിധ പേരുകളില്‍ പൊതുവിപണിയിലെത്തിക്കുന്നത്. ത്വക് രോഗങ്ങളും കാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരക അസുഖങ്ങള്‍ക്ക് ഇതിന്‍റെ ഉപയോഗം കാരണമാകുമെന്നും ബയോഡീസല്‍ ഉത്പാദനത്തിലൂടെ ഇത്തരം രോഗങ്ങള്‍ ഒരു പരിധി വരെ തടയാന്‍ കഴിയുമെന്നും ഹക്സര്‍ പറഞ്ഞു.

ബയോഡീസല്‍ ഉപയോഗിച്ച് എല്ലാ വിധ ഡീസല്‍ എന്‍ജിനുകളും പ്രവര്‍ത്തിപ്പിക്കാമെന്നും കാള്‍ വില്യം ഫീല്‍ഡന്‍ പറഞ്ഞു. യൂറോപ്യന്‍ രാജ്യങ്ങളില്‍ ബയോ ഡീസല്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. വാഹന എന്‍ജിനുകളുടെ ശേഷി വര്‍ധിപ്പിക്കാന്‍ ബയോ ഡീസലിന് സാധ്യമാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണെന്നും കുറഞ്ഞ നിരക്കില്‍ ഡീസല്‍ വിപണിയില്‍ ലഭ്യമാകുമെന്നും ഫീല്‍ഡന്‍ പറഞ്ഞു.

ഫീല്ഡന്‍റെ നേതൃത്വത്തിലുള്ള കമ്പനി പ്രതിനിധികള്‍ അനന്തപുരത്തെത്തി പ്ലാന്റിന്‍റെ നിര്‍മ്മാണ പുരോഗതി വിലയിരുത്തി. ഡിസംബറോടെ പ്ലാന്റ് പ്രവര്‍ത്തനമാരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്തെ മുഴുവന്‍ ജില്ലകള്‍ക്കൊപ്പം തമിഴ് നാട്ടില്‍ നിന്നും ഉപയോഗിച്ച പാചക എണ്ണ ശേഖരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. കുടുംബശ്രീ പ്രവര്‍ത്തകരെയും ഹരിത കര്‍മ സേനാംഗങ്ങളെയും ഇതിനായി ഉപയോഗപ്പെടുത്തുന്നത് വഴി അവര്‍ക്കും ഈ പ്ലാന്റ് വഴി തൊഴില്‍ ലഭ്യമാകും. ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പ്പറേഷനുമായി കരാറില്‍ ഏര്‍പ്പെട്ടാണ് ബയോ ഡീസല്‍ വിപണിയിലെത്തിക്കുക.

അനന്തപുരത്തെത്തിയ കമ്പനി പ്രതിനിധികള്‍ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദിനെ സന്ദര്‍ശിച്ച് പ്ലാന്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിച്ചു. നൂതനമായ വ്യവസായ സംരംഭത്തിന് എല്ലാ സഹായങ്ങളും ജില്ലാ കളക്ടര്‍ വാഗ്ദാനം ചെയ്തു. ആവശ്യമെങ്കില്‍നടപടികളിലെ കാലതാമസം ഒഴിവാക്കാന്‍ ഇട പെടും
ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ.സജിത് കുമാര്‍, വ്യവസായ വകുപ്പിലെ മറ്റു ഉദ്യോഗസ്ഥര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest