Categories
national news

17 കാരിയായ കാമുകിയെ നാലാം നിലയില്‍ നിന്ന് തള്ളിയിട്ടു കൊലചെയ്ത പ്രതിയെ വെടിവെച്ചിട്ട് യു.പി പൊലീസ്

പെണ്‍കുട്ടി താഴേക്ക് വീണതിന് പിന്നാലെ വലിയ നിലവിളി കേട്ടു. കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു.

യു.പിയിലെ ലഖ്നൗവില്‍ 17 കാരിയായ കാമുകിയെ കൊലപ്പെടുത്തിയ പ്രതിയെ പൊലീസ് വെടിവെച്ചിട്ടു. കൊലപാതകത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതിയെ കീഴടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം. കാലിന് വെടിയേറ്റ പ്രതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയായ മുഹമ്മദ് സൂഫിയാനെതിരെ കൊലപാതകക്കുറ്റത്തിന് പുറമെ നിയമവിരുദ്ധമായ മതപരിവര്‍ത്തനത്തിനും കേസെടുത്തിരുന്നു.

കഴിഞ്ഞ ദിവസമാണ് വഴക്കിനിടെ ഒരു കെട്ടിടത്തിൻ്റെ നാലാം നിലയില്‍ നിന്ന് നിധി ഗുപ്തയെ തള്ളിയിട്ട് കൊലപ്പെടുത്തിയത്. നിധി ഗുപ്തയെ മുഹമ്മദ് സുഫിയാന്‍ മരണത്തിലേക്ക് തള്ളിവിട്ടെന്നും വിവാഹത്തിനായി മതം മാറാന്‍ അവളുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും കുടുംബം ആരോപിച്ചു. ഒമ്പത് പേരടങ്ങുന്ന പ്രത്യേക സംഘം രൂപീകരിച്ചാണ് കേസില്‍ അന്വേഷണം തുടരുന്നത്.

ഒളിവിലായിരുന്ന പ്രതിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 25,000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. അതേസമയം സുഫിയാന്‍ കുറേക്കാലമായി ശല്യപ്പെടുത്തുന്നുണ്ടെന്നും പ്രണയത്തില്‍ കുടുക്കുകയായിരുന്നുവെന്നും നിധിയുടെ കുടുംബം പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. എന്നാല്‍ നിധിയുമായി സുഫിയാന്‍ സൗഹൃദത്തിലായിരുന്നുവെന്നും ഒരു വര്‍ഷത്തിലേറെ നീണ്ട ബന്ധമായിരുന്നുവെന്നും ജോയിന്റ് കമ്മീഷണര്‍ പിയൂഷ് മോര്‍ദിയ പറഞ്ഞു.

പതിനേഴുകാരിക്ക് ഇയാള്‍ മൊബൈല്‍ ഫോണും സമ്മാനമായി നല്‍കിയിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച ഇവരുടെ ബന്ധമറിഞ്ഞ് പെണ്‍കുട്ടിയുടെ കുടുംബം സുഫിയാൻ്റെ വീട്ടിലെത്തിയിരുന്നു. വാക്കുതര്‍ക്കത്തിനിടെ പെണ്‍കുട്ടി നാലാം നിലയിലേക്ക് ഓടിക്കയറുകയും സൂഫിയാന്‍ പിന്നാലെ വരികയും ചെയ്തു. കുറച്ച് കഴിഞ്ഞ് പെണ്‍കുട്ടി താഴേക്ക് വീണതിന് പിന്നാലെ വലിയ നിലവിളി കേട്ടു. കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. പെണ്‍കുട്ടി മരിച്ചതറിഞ്ഞയുടന്‍ സൂഫിയാന്‍ ഓടി രക്ഷപ്പെട്ടിരുന്നു.

0Shares

Leave a Reply

Your email address will not be published. Required fields are marked *