Categories
entertainment Kerala news trending

മുത്തച്ഛ സങ്കല്‍പ്പത്തിൻ്റെ മുഖശോഭ മായില്ല; ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി സമ്മാനിച്ച ഓര്‍മകളൊന്നും അണഞ്ഞിട്ടില്ല, അണയില്ല

തുലാമാസത്തിലെ തിരുവോണമാണ് ജന്മദിനം.

കണ്ണൂർ: ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി സമ്മാനിച്ച മുത്തച്ഛമുഖം അണഞ്ഞിട്ടില്ല, അണയില്ല. പ്രസിദ്ധമായ പയ്യന്നൂര്‍ കോറോം പുല്ലേരി വാധ്യാരില്ലത്തെ പൂമുഖത്ത് നിറചിരിയുമായി വരവേല്‍ക്കാന്‍ ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി ഇല്ലെങ്കിലും ആ ഓര്‍മകളൊന്നും അണഞ്ഞിട്ടില്ല. മലയാള സിനിമയുടെ മുത്തച്ഛ മുഖപ്രസാദമായ ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി ഇന്നും ജീവിച്ചിരുപ്പ് ഉണ്ടായിരുന്നെങ്കില്‍ കേരളപ്പിറവി ദിനം ആഘോഷ തിമിര്‍പ്പില്‍ അലിയും.

തുലാമാസത്തിലെ തിരുവോണമാണ് ജന്മദിനം. മുത്തച്ഛൻ്റെ ഭാഷയില്‍ പറഞ്ഞാല്‍ സംഗതി കെങ്കേമമാക്കും. ബന്ധുക്കളും സുഹൃത്തുക്കളും പരിചിതരും ആരാധകരും പുല്ലേരിയില്ലത്ത് നിറയും. ഇല്ലത്ത് എത്തിയവരെയെല്ലാം നിറചിരിയോടെ വരവേല്‍ക്കും.

അനുഗ്രഹ വാക്കുകള്‍ ചൊരിയും. ഉലകനായകന്‍ കമലഹാസന്‍, പ്രിയ നേതാവ് പിണറായി വിജയന്‍, സിനിമാരംഗത്തെ പ്രമുഖര്‍ എന്നിങ്ങനെ. പിറന്നാള്‍ ദിനത്തില്‍ വിളി പതിവാണ്. എല്ലാവരും വിളിച്ച്‌ ആശംസകൾ അര്‍പ്പിച്ചതിനെ കുറിച്ച്‌ വാതോരാതെ പറയും. അഭ്രപാളിയില്‍ തിളങ്ങി നില്‍ക്കുമ്പോഴും ജീവിതലാളിത്യം കൈവിടാറേയില്ല. “റെഡ് ഷെല്‍ട്ടറില്‍ ഉണ്ണി’ എന്ന ജീവചരിത്രത്തിൻ്റെ അവതാരികയില്‍ മഹാനടന്‍ മമ്മൂട്ടി കുറിച്ചത് “പച്ച മണ്ണിൻ്റെ ഗന്ധവും പഴച്ചാറിൻ്റെ മാധുര്യവുമാണ് ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി’.

എ.കെ.ജിക്ക് പ്രിയപ്പെട്ട ഉണ്ണിയാണ്. തിരിച്ച്‌ ഗോപാലേട്ടനും. “മൈ ഡിയര്‍ ഡിയര്‍ ഉണ്ണി’ എന്നാണ് കത്തില്‍ എ.കെ.ജി സംബോധന ചെയ്യുക. എ.കെ.ജിയുടെ കത്തുകള്‍ നിധിപോലെ സൂക്ഷിച്ചിരുന്നു. എണ്‍പത്തിയാറാമത്തെ വയസ്സില്‍ സിനിമയില്‍ എത്തി. ദേശാടനത്തിലെ അഭിനയത്തികവ് മലയാളിയുടെ മുത്തച്ഛ സങ്കല്‍പ്പത്തിൻ്റെ മുഖശോഭയായി മാറി. പിന്നീട് തിരക്കുള്ള നടനായി നിറഞ്ഞാടി.

തമിഴ്, തെലുങ്ക് ചിത്രങ്ങളിലടക്കം പതിനാറോളം സിനിമ. കല്യാണരാമനിലെ മുത്തച്ഛൻ്റെ കോമാളിത്തം പ്രേക്ഷകര്‍ അത്ര വേഗത്തില്‍ മറക്കില്ല. അനുഭവങ്ങളുടെ സാഗരമായിരുന്നു അദ്ദേഹം. മുഹമ്മദ് അബ്ദുള്‍ റഹ്മാന്‍ സാഹിബ്, സി.എച്ച്‌ ഗോവിന്ദന്‍ നമ്പ്യാര്‍ അടക്കമുള്ള സ്വാതന്ത്ര്യസമര നേതാക്കളുമായി സൗഹൃദം. എ.കെ.ജി, എ.വി കുഞ്ഞമ്പു, സി.എച്ച്‌ കണാരന്‍, കെ.പി.ആര്‍ ഗോപാലന്‍, കേരളീയന്‍ അടക്കം കമ്യൂണിസ്റ്റ് നേതാക്കള്‍ ഒളിവില്‍ കഴിയുമ്പോള്‍ സംരക്ഷണം നല്‍കി.

ഈശ്വര വിശ്വാസിയായ കമ്യൂണിസ്റ്റാണെന്നാണ് ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി പരിചയപ്പെടുത്തുക. ജീവിതാന്ത്യം വരെ കമ്യൂണിസ്റ്റ് സഹയാത്രികനായി ജീവിച്ചു. പിറന്നാള്‍ ദിനത്തില്‍ കുടുംബാംഗങ്ങള്‍ ഒത്തുകൂടും. മകന്‍ ഭാവദാസൻ്റെ കൊച്ചുമകള്‍ നിഹാരികയുടെ ജന്മദിനവും അന്നാണ്.

0Shares

Leave a Reply

Your email address will not be published. Required fields are marked *