Categories
ആദായനികുതിയിൽ ഇളവ് നൽകിയത് നേരിയ ആശ്വാസം; വയനാടിനെ പാടെ അവഗണിച്ചു; കേരളത്തിന് നിരാശ; പ്രതിഷേധം അറിയിച്ച് മുഖ്യമന്ത്രിയും ധനമന്ത്രിയും
Trending News





ദില്ലി/ തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ കേരളത്തിന് വലിയ നേട്ടം ഇല്ല എന്നത് ദുഖകരമായ വസ്തുതയാണ്. നേരിയ ആശ്വാസം ആദായനികുതിയിൽ ഇളവ് നൽകിയതാണ്. ചരിത്രത്തിലെ ഏറ്റവും വലിയ ഇളവ് എന്നാണ് ദേശിയ മാധ്യമങ്ങൾ ഇതിനെ വിശേഷിപ്പിക്കുന്നത്. ആദായ നികുതിയടക്കേണ്ട പരിധി ഉയർത്തിയതാണ് ആശ്വാസം.12 ലക്ഷം വരെ വാർഷിക വരുമാനമുളളവർക്ക് ഇനി ആദായ നികുതിയില്ല. ഇതോടെ ബഹുഭൂരിപക്ഷം മാസ ശമ്പളക്കാരും ഇടത്തരം ചെറുകിട കച്ചവടക്കാരും ആദായനികുതി പരിധിക്ക് പുറത്താകും. പുതിയ പരിഷ്കാരത്തിലൂടെ മധ്യവർഗത്തിൻ്റെ കൈയിലേക്ക് കൂടുതൽ പണം എത്തിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. മധ്യവർഗത്തിൻ്റെ കൈയിലേക്ക് കൂടുതൽ പണം എത്തുന്നതോടെ മാർക്കറ്റിലേക്ക് കൂടുതൽ പണം ഇറങ്ങുമെന്ന് സർക്കാർ കരുതുന്നു. മധ്യവർഗ്ഗം തിങ്ങിപ്പാർക്കുന്ന ദില്ലിയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത് കൂടി മുന്നിൽ കണ്ടാണ് ഈ പ്രഖ്യാപനം എന്നതും ബിജെപിക്ക് നേട്ടമുണ്ടാക്കാനാകും. ഡൽഹിക്ക് ശേഷം അടുത്തതായി തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിന് കൂടുതൽ ആനുകൂല്യം നൽകിയതും രാഷ്ട്രീയ ലക്ഷ്യമാണ്. എന്നാൽ കേരളത്തിന് ഈ ബജറ്റിലും കാര്യമായ പ്രാധാന്യം നൽകിയില്ല എന്ന് മാത്രമല്ല ഉരുൾ പൊട്ടലിൽ ദുരിതമനുഭവിക്കുന്ന വയനാടിനെ പാടെ അവഗണിച്ചു. ബജറ്റിൽ വലിയ സഹായം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്ന വയനാട് ദുരിതബാധിതർക്ക് ഈ ബജറ്റ് നിരാശയാണുണ്ടാക്കിയത്. മുണ്ടക്കൈ ഇന്ത്യയിൽ അല്ലേ എന്ന് സംശയിച്ചു പോവുന്ന ബജറ്റാണ് ഉണ്ടയതെന്ന് ദുരന്തബാധിതരുടെ സംഘടനയായ ജനശബ്ദം ആക്ഷൻ കമ്മിറ്റി പ്രതികരിച്ചു. ദുരന്ത ബാധിതരുടെ കടങ്ങൾ എഴുതിത്തള്ളുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഒരു നടപടിയും ഉണ്ടാകാത്തതിൽ കടുത്ത നിരാശയുണ്ട്. പ്രധാനമന്ത്രി കൂടെയുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത് എന്നും ഭാരവാഹികൾ പറഞ്ഞു.
Also Read
കേരള ധന മന്ത്രിയുടെ പ്രതികരണം: നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ കേരളത്തിന് ന്യായമായ പരിഗണന കിട്ടിയില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. സംസ്ഥാന സർക്കാരുകളോട് കേന്ദ്രത്തിന് തുല്യ നീതി ഇല്ല. വയനാടിന് പാക്കേജ് ഇല്ല. വിഴിഞ്ഞത്തെ പറ്റി ഒന്നു പറഞ്ഞില്ല. വിഴിഞ്ഞത്തിന് വേണ്ടി വകയിരുത്തലും ഉണ്ടായില്ല. സംസ്ഥാനങ്ങൾക്കുള്ള വീതം വയ്പ്പിൽ വലിയ അന്തരം ഉണ്ട്. കേരളത്തിന് ഒരു പരിഗണനയും കിട്ടുന്നില്ല എന്നും വയനാടിനേയും വിഴിഞ്ഞത്തേയും അവഗണിച്ചത് ദുഖകരമാണെന്നും ഇതില്‍ പ്രതിഷേധം അറിയിക്കുന്നതായും മന്ത്രി പറഞ്ഞു. കാർഷിക മേഖലക്ക് വലിയ തിരിച്ചടിയാണ് ബജറ്റ്. ന്യായവില ഉറപ്പിക്കാൻ പോലും സംവിധാനം ഇല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതികരിച്ച് മുഖ്യമന്ത്രി: കേരളത്തിൻ്റെ പ്രധാന ആവശ്യങ്ങളെയാകെ നിരാകരിച്ച കേന്ദ്ര വാര്‍ഷിക പൊതുബജറ്റിലെ സമീപനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളം 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടിരുന്നു. വിഴിഞ്ഞത്തിന ദേശീയ പ്രാധാന്യം കൂടി അംഗീകരിക്കും വിധമുള്ള പരിഗണന വേണമെന്നും വയനാടിൻ്റെ പുനരധിവാസത്തിന് പ്രത്യേക പാക്കേജ് വേണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇവയൊന്നും ബജറ്റ് പരിഗണിച്ചിട്ടില്ല. വന്‍കിട പദ്ധതികളുമില്ല. എയിംസ്, റെയില്‍വേ കോച്ച് നിര്‍മ്മാണശാല തുടങ്ങിയ നിരന്തരമായ ആവശ്യങ്ങളൊക്കെ തന്നെ ഈ ബജറ്റിലും നിരാകരിച്ചിരിക്കുകയാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

Sorry, there was a YouTube error.