Categories
local news trending

ലവ് ജിഹാദ് ആരോപണം; ജില്ലയുടെ സമാധാനാന്തരീക്ഷം തകർക്കാൻ പോലീസ് കൂട്ടുനിൽക്കരുത്; കല്ലട്ര മാഹിൻ ഹാജി

കാസർകോട്: ജില്ലയിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനായ യുവാവും അതേ ആശുപത്രിയിലെ നഴ്സിംഗ് വിദ്യാർത്ഥിനി ട്രെയിനിയും ഇതര മതസ്ഥയുമായ യുവതിയും ബൈക്കില്‍ ഒന്നിച്ച് യാത്രചെയ്ത വിഷയത്തെ വിവാദമാക്കി ലവ് ജിഹാദ് ആരോപിക്കുന്ന ബി.ജെ.പിയുടെ വർഗ്ഗീയസ്വരം അതേപടി പോലീസ് ആവർത്തിക്കുകയാണെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ കല്ലട്ര മാഹിൻ ഹാജി കുറ്റപ്പെടുത്തി. നിസ്സാര സംഭവത്തിന്‌ മേൽ പരാതിയില്ലെന്ന് പെണ്‍കുട്ടിയുടെ കുടുംബവും ആശുപത്രി അധികൃതരും ആവർത്തിച്ചു പറഞ്ഞിട്ടും സ്വമേധയാ കേസെടുക്കുകയും പെൺകുട്ടിയെ നിർബന്ധിപ്പിച്ചു വൈദ്യ പരിശോധനക്കയക്കുകയും ചെയ്ത് കാര്യം സംശയകരമാണ്. സംഭവത്തിന് വർഗ്ഗീയ ചിത്രം നൽകാൻ പോലീസ് കിണഞ്ഞു പരിശ്രമിക്കുകയാണ്. കോടതിയിൽ മതിയായ തെളിവുകൾ ഹാജരാക്കാൻ കഴിയാതെ വന്നപ്പോൾ ബി.എൻ.എസ് സെക്ഷൻ 137(2) പ്രകാരം യുവതിയെ തട്ടിക്കൊണ്ടു പോയെന്ന എഫ്.ഐ.ആറാണ് സബ് ഇൻസ്‌പെക്ടർ തയ്യാറാക്കിയത്. യുവാവിന് ജാമ്യം നൽകിയാൽ ജില്ലയിൽ സാമുദായിക സംഘർഷമുണ്ടാകുമെന്ന പോലീസിൻ്റെ വിചിത്ര വാദം തള്ളിയ കാസർകോട് സെഷൻസ് കോടതിയുടെ വിധി സ്വാഗതാർഹമാണെന്നും അദ്ദേഹം പറഞ്ഞു. ഗൂഢാലോചനയുണ്ടെന്ന് സ്ഥാപിക്കാൻ പെൺകുട്ടിയുടെ കുടുംബത്തിന് മേൽ നിരന്തരം സമ്മർദ്ദം ചെലുത്തുന്ന ബി.ജെ.പി നേതാക്കൾക്കെതിരെയായിരുന്നു പോലീസ് കേസെടുക്കേണ്ടിയിരുന്നത്. ക്രമസമാധാന പാലകർ തന്നെ മത സ്പർദ്ധക്ക് നേതൃത്വം നൽകുന്നത് ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുമെന്നും കല്ലട്ര മാഹിൻ ഹാജി കൂട്ടിച്ചേർത്തു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest