Categories
channelrb special Kerala local news

വര്‍ഷങ്ങളുടെ കാത്തിരിപ്പിന് വിരാമം; 78 കാരി യു.ബി ആയിഷയ്ക്ക് ഇനി നികുതിയടക്കാം; മകന്‍ ഇസ്മയിൻ്റെ നിയമപോരാട്ടം ഒടുവിൽ അദാലത്തില്‍ ഫലംകണ്ടു

കാസർകോട്: യു.ബി ആയിഷയുടെ വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന് കാസര്‍കോട് താലൂക്ക് കരുതലും കൈത്താങ്ങും അദാലത്തില്‍ വിരാമമായി. തൻ്റെ ഭൂമിക്ക് നികുതിയടക്കാന്‍ കഴിയണം എന്ന ആവശ്യവുമായാണ് യു.ബി ആയിഷയും കുടുംബവും അദാലത്തിലെത്തിയത്. 1960 മുതല്‍ കൈവശം വെച്ച് അനുഭവിക്കുന്ന തെക്കില്‍ വില്ലേജിലെ ഒരു ഏക്കര്‍ ഭൂമിയിന്‍മേലുള്ള സാങ്കേതിക പ്രശ്‌നങ്ങളുമായി ബുദ്ധിമുട്ടുകയായിരുന്നു ആയിഷയും കുടുംബവും. 78 കാരിയായ യു.ബി ആയിഷയ്ക്ക് വേണ്ടി മകന്‍ ഇസ്മയിലാണ് അദാലത്തില്‍ സംസാരിച്ചത്. എല്‍.ആര്‍.സി, ജില്ലാ കോടതി, മജിസ്‌ട്രേറ്റ് കോടതി, ഗവണ്‍മെന്റ് പ്ലീഡറുടെ ലീഗല്‍ ഒപീനിയന്‍, ജില്ലാ കളക്ടറുടെ ഉത്തരവുകള്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവ്, നിയമസഭയില്‍ വകുപ്പ് മന്ത്രി നല്‍കിയ മറുപടി തുടങ്ങി വിവിധ രേഖകള്‍ പരിശോധിച്ച് പഴയ പട്ടയം പ്രകാരമുള്ള ഭൂമി അപേക്ഷകന് സ്വന്തമാണെന്നും അതിനാല്‍ യു.ബി ആയിഷയ്ക്ക് ഭൂമിയിന്‍മേല്‍ പൂര്‍ണ്ണ അവകാശം നല്‍കേണ്ടതുണ്ടെന്നും മന്ത്രി വി.അബ്ദുറഹിമാന്‍ പറഞ്ഞു. പോക്ക് വരവ് നടത്തി രേഖകള്‍ ആയിഷയ്ക്ക് നല്‍കാന്‍ മന്ത്രി ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. നിരവധി വർഷത്തെ കാത്തിരിപ്പിനൊടുവില്‍ ലഭിച്ച നീതിയില്‍ യു.ബി ആയിഷയും മകന്‍ ഇസ്‌മയിലും കുടുംബവും മനസ്സ് നിറഞ്ഞ് ആനന്ദക്കണ്ണീരോടെയാണ് അദാലത്ത് വേദി വിട്ടത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest