Categories
channelrb special education local news news

നാടകം ‘കൂട്ട്’ അവതരിപ്പിച്ചു; പക്ഷി കഥകളിലൂടെ തെറ്റായ വ്യവസ്ഥിതികൾ കുട്ടികൾ ചൂണ്ടിക്കാട്ടി, യു.പി വിഭാഗത്തിൽ ഒന്നാമതെത്തി

നാടക രചന, സംവിധാനം രതീഷ് കാടകമാണ്. കലാസംവിധാനം വിനയൻ കാടകം

ഇരിയണ്ണി / കാസർകോട്: ജാതി- മതങ്ങളുടെയും വർണങ്ങളുടെയും വേർതിരിവുകൾ കാക്കകളുടെയും കുയിലിൻ്റെയും ജീവിതത്തിലൂടെ അവതരിപ്പിച്ച് യു.പി വിഭാഗം നാടക മത്സരം. കാസർകോട് ഉപജില്ലാ സ്‌കൂൾ കലോത്സവത്തിൽ വ്യവസ്ഥിതികളെ ചോദ്യം ചെയ്‌ത്‌ കാനത്തൂർ യു.പി സ്‌കൂളിലെ കുട്ടികൾ അവതരിപ്പിച്ച ‘കൂട്ട്’ എന്ന നാടകം എ- ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി.

കുയിലിന് വെള്ളപുള്ളി നിറമായതിനാൽ കാക്ക കൂട്ടങ്ങൾ അവരെ കൂടെ കൂട്ടാതെ മാറ്റി നിർത്തുന്നു. അതോടെ കുയിലുകൾ മറ്റൊരു പ്രദേശത്ത് അധിവാസം തേടി എത്തുന്നു. അവിടെ യാതൊരു തരത്തിലുള്ള വിവേചനവും ഇല്ലാത്ത ജീവിത രീതികളാണ് ഉണ്ടായിരുന്നത്.

രാജ്യത്ത് നിലനിൽക്കുന്ന തെറ്റായ വ്യവസ്ഥിതികൾ പക്ഷികളുടെ ജീവിത പച്ഛാത്തലത്തിലൂടെ കുട്ടികൾ അവതരിപ്പിക്കുകയായിരുന്നു. ജാതി- വർണ വെറിയുടെ മനുഷ്യ ജീവിതങ്ങൾ ഇന്നും നിലനിൽക്കുന്ന ഇടങ്ങൾ ഉണ്ടെന്ന ബോധം പ്രേക്ഷകരെ നാടകത്തിലൂടെ ഓർമിപ്പിക്കുന്നു. എല്ലാവരെയും ഒന്നിച്ചു കൂട്ടുകയും സമത്വസുന്ദരമായ കേരളത്തിൻ്റെ നമ്പർ വൺ സാമൂഹിക അവസ്ഥയിലേക്ക് നാടകം വിരൽ ചൂണ്ടുന്നു.

‘കാത്തിരി കാക്ക’ ആയി അഭിനയിച്ച ആയില്യ മികച്ച നടിയായി. ‘കാക്ക മൂപ്പൻ’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് അനാമിക മികച്ച നടനുമായി. നാടക രചന, സംവിധാനം രതീഷ് കാടകമാണ്. സംഗീതം ഉണ്ണി മുതിര വളപ്പിൽ. കലാസംവിധാനം വിനയൻ കാടകം. അനാമിക കെ.എം, ആയില്യ എം.ആർ, ലയ രാഘവൻ, സിദ്ധാർത്ഥ്.പി നായർ, കാർത്തിക്.പി, അഭിനവ്.ടി, ശിവാനന്ദ്.കെ, ആദിത്യൻ.ടി, ആരാധ്യ.കെ, സൗപർണിക കെ.ആർ എന്നിവരാണ് കഥാപാത്രങ്ങളായത്.

മൊഗ്രാൽപുത്തൂർ ഗവൺമെണ്ട് ഹയർസെക്കണ്ടറി സ്‌കൂളിലെ കുട്ടികൾ അവതരിപ്പിച്ച യു.പി വിഭാഗത്തിലെ തന്നെ നാടകവും നിലവാരം പുലർത്തി. വൈക്കം മുഹമ്മദ് ബഹീറിൻ്റെ ‘മുച്ചീട്ട് കളിക്കാരൻ’ എന്ന കഥയെ ആസ്‌പദമാക്കി നാടകം അരങ്ങിലെത്തിച്ചു. ‘മണ്ടൻ മൂത്താപ്പ’ ആയി ജസീലും ‘സൈനബ’ ആയി മിന്നത്ത് പി.എയും അവതരണത്തിൽ കാണികളെ ചിരിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്‌തു. ഇരിയണ്ണിയിൽ നാടക വേദിയിൽ നിറഞ്ഞ പ്രേക്ഷകരാണ്.

ഹൈസ്‌കൂൾ വിഭാഗം നാടക മത്സരത്തിൽ ഇരിയണ്ണി ഗവർമെണ്ട് വോക്കഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ കുട്ടികൾ മാധവികുട്ടിയുടെ കഥയെ ആസ്‌പദമാക്കി അവതരിപ്പിച്ച ‘നെയ്‌പായസം’ എന്ന നാടകം എ- ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി. ഹൈസ്‌കൂൾ, ഹയർ സെക്കണ്ടറി വിഭാഗം നാടകങ്ങൾ പൊതുവെ നിലവാരം കുറഞ്ഞുപോയത് നാടക പ്രേക്ഷകരെ നിരാശയിലാക്കി.

0Shares

Leave a Reply

Your email address will not be published. Required fields are marked *