Categories
Kerala local news news

കഞ്ചാവ് കടത്തിയ രണ്ടുപേര്‍ അറസ്‌റ്റിൽ; കാറില്‍ കടത്തുകയായിരുന്ന 14 കിലോ കഞ്ചാവ് പിടിച്ചെടുത്തു

മദ്യം, മയക്കുമരുന്ന് കടത്തിൽ ഏർപ്പെട്ട നിരവധിപേരാണ് അടുത്തിടെ അറസ്റ്റിലായത്

പെര്‍ള / കാസർകോട്: കാറില്‍ കടത്തുകയായിരുന്ന 14 കിലോ കഞ്ചാവുമായി രണ്ടുപേരെ പൊലീസ് അറസ്‌റ്റ്‌ ചെയ്‌തു. ഒരാള്‍ ഓടി രക്ഷപ്പെട്ടു. പൈവളിഗെ ചിപ്പാറിലെ ഫയാസ്(26), ഉപ്പള പത്വാടി സിദ്ദിഖ് മന്‍സിലില്‍ അബൂബക്കര്‍ സിദ്ദിഖ്(24) എന്നിവരെയാണ് ബദിയടുക്ക എസ്.ഐ കെ.പി വിനോദ് കുമാറിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

ബുധനാഴ്‌ച രാത്രിയാണ് സ്‌പെഷ്യല്‍ ഡ്രൈവിൻ്റെ ഭാഗമായി എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പെര്‍ള ടൗണില്‍ വാഹന പരിശോധന നടത്തുന്നതിനിടെ കര്‍ണാടക ഭാഗത്തുനിന്ന് വന്ന കാര്‍ നിര്‍ത്താതെ ഓടിച്ചു പോകുകയായിരുന്നു.

പൊലീസ് കാറിനെ പിന്തുടര്‍ന്നു. പെര്‍ള ഇരിയടുക്ക എന്ന സ്ഥലത്ത് കാര്‍ നിര്‍ത്തിയിട്ടപ്പോള്‍ പൊലീസെത്തി തടഞ്ഞുവെച്ചു. ഇതിനിടെ ഒരാള്‍ കാറില്‍ നിന്നിറങ്ങി ഓടി. ഫയാസിനും അബൂബക്കര്‍ സിദ്ദിഖിനും രക്ഷപ്പെടാനായില്ല. കാറില്‍ പരിശോധന നടത്തിയപ്പോള്‍ പിറകിലെ ഡിക്കിയിലും സീറ്റിലുമായി കഞ്ചാവ് സൂക്ഷിച്ച നിലയില്‍ കണ്ടെത്തി.

കെ.എല്‍.14 ടി 4954 നമ്പര്‍ കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ജില്ലാ പൊലീസ് മേധാവി ഡോ.വൈഭവ് സക്‌സേനയുടെ നേതൃത്വത്തിലുള്ള ക്ലീന്‍ കാസര്‍കോടിൻ്റെ ഭാഗമായുള്ള പൊലീസ് പരിശോധനയില്‍ കഴിഞ്ഞ രണ്ടുമാസത്തിനിടെ വ്യാപകമായ രീതിയിലുള്ള കഞ്ചാവ്, മയക്കുമരുന്ന്, മദ്യക്കടത്താണ് പിടിച്ചത്. മദ്യം, മയക്കുമരുന്ന് കടത്തിൽ ഏർപ്പെട്ട നിരവധിപേരാണ് അടുത്തിടെ അറസ്റ്റിലായത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *