Categories
international news

തുർക്കി- സിറിയ ഭൂകമ്പം: രക്ഷാപ്രവർത്തനത്തിനായി കൂടുതൽ രാജ്യങ്ങളിൽ നിന്നുള്ള സംഘം; മരിച്ചവരുടെ എണ്ണം 50,000ന് മുകളിൽ വരുമെന്ന് യു.എൻ റിലീഫ് മേധാവി

പതിനായിരക്കണക്കിന് രക്ഷാപ്രവർത്തകരാണ് തണുപ്പേറിയ കാലാവസ്ഥയെ അവഗണിച്ച് കെട്ടിടങ്ങൾക്കടിയിൽ ആളുകളെ തിരയുന്നത്.

തുർക്കി- സിറിയ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 29000 കടന്നു. തകർന്ന കെട്ടിടങ്ങൾക്കടിയിൽ അകപ്പെട്ടവർക്കായി രക്ഷാപ്രവർത്തകർ തെരച്ചിൽ തുടരുകയാണ്.മരിച്ചവരിൽ 25000ഓളം പേർ തുർക്കിയിലും ബാക്കിയുള്ളവർ സിറിയയിലുമാണ് മരണപ്പെട്ടത്.

രക്ഷാപ്രവർത്തനത്തിനായി കൂടുതൽ രാജ്യങ്ങളിൽ നിന്നുള്ള സംഘം സിറിയയിലേക്ക് എത്തിയിട്ടുണ്ട്.എന്നാൽ മരണത്തിൻ്റെ യഥാർഥ കണക്കുകൾ 50,000ന് മുകളിൽ വരുമെന്ന് യു.എൻ റിലീഫ് മേധാവി മാർട്ടിൻ ​ഗ്രിഫിത്ത്‌സ് പറഞ്ഞു. ശനിയാഴ്ച തുർക്കിയിലെ തെക്കൻ നഗരമായ കഹ്‌റാമൻമാരസിൽ എത്തി സ്ഥിതി​ഗതികൾ വിലയിരുത്തിയ ശേഷമായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.

പതിനായിരക്കണക്കിന് രക്ഷാപ്രവർത്തകരാണ് തണുപ്പേറിയ കാലാവസ്ഥയെ അവഗണിച്ച് കെട്ടിടങ്ങൾക്കടിയിൽ ആളുകളെ തിരയുന്നത്.ദിനംപ്രതി കുഞ്ഞുങ്ങളടക്കം നിരവധി പേരെയാണ് നാലും അഞ്ചും ദിവസങ്ങൾക്കു ശേഷം അത്ഭുതകരമായി രക്ഷപെടുത്തുന്നത്. എന്നാൽ മുതിർന്നവരടക്കം പലരും പിന്നീട് ചികിത്സയിരിക്കെ മരണപ്പെടുന്നു.

തുർക്കിയിൽ രാജ്യത്തിനകത്തെ വിവിധ സന്നദ്ധ സംഘടനകളിൽ നിന്നും തെരച്ചിലിനും രക്ഷാപ്രവർത്തനത്തിനുമായി 32,000ലേറെ പേരാണ് ദുരന്തഭൂമിയിൽ ഉള്ളതെന്ന് ദേശീയ ദുരന്തനിവാരണ ഏജൻസി അറിയിച്ചു. ഇവരെ കൂടാതെ 8294 പേർ ഇതര രാജ്യങ്ങളിൽ നിന്നും രക്ഷാപ്രവർത്തനത്തിന് എത്തിയിട്ടുണ്ട്.

0Shares

Leave a Reply

Your email address will not be published. Required fields are marked *