Categories
local news news obitury

എഴുത്തുകാരനും പ്രഭാഷകനുമായ വാസു ചോറോടിന് അന്ത്യാഞ്ജലി; കേരള സംഗീത നാടക അക്കാദമി അംഗം ആയിരുന്നു

ചര്‍ച്ച ചെയ്യപ്പെട്ട റീസറക്ഷന്‍ നാടകത്തിൻ്റെ രചയിതാവ്

ഉദിനൂര്‍ / കാസർകോട്: സാമൂഹിക, സാംസ്‌കാരിക, സാഹിത്യ രംഗങ്ങളിലെ പ്രമുഖനുമായ അന്തരിച്ച വാസു ചോറോടിന് നാടിൻ്റെ അന്ത്യാഞ്ജലി. എൺപത് വയസായിരുന്നു. പടന്ന എം.ആര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ റിട്ട. പ്രിന്‍സിപ്പലുമായ ഉദിനൂര്‍ തടിയന്‍ കൊവ്വലിലെ വാസു ചോറോട് മാസ്റ്ററിൻ്റെ വിയോഗം സാംസ്‌കാരിക കേരളത്തിന് തീരാനഷ്‌ടം. വടകര, ചോറോട് സ്വദേശിയാണ്. സി.പി.എം കോരംകുളം ബ്രാഞ്ച് അംഗവുമായിരുന്നു.

കേരള സംഗീത നാടക അക്കാദമി അംഗം, കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ ഹോസ്ദുര്‍ഗ്ഗ് താലൂക്ക് പ്രസിഡണ്ട്, ജില്ലാ കൗണ്‍സില്‍ അംഗം, പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗം, ജില്ലാ പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.

കേരള സംഗീത നാടക അക്കാദമിയുടെ സംസ്ഥാന പുരസ്‌കാരത്തിന് അര്‍ഹമായ മെഫിസ്റ്റോ ഫിലസ് നാടകത്തിൻ്റെ രചയിതാവാണ്. നാടകരംഗത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട റീസറക്ഷന്‍ നാടകത്തിൻ്റെ രചയിതാവ് കൂടിയാണ്. മൃതദേഹം കോട്ടച്ചാല്‍ ഇ.എം.എസ് വായനശാലയില്‍ പൊതുദര്‍ശനത്തിന് വെച്ചു.

ഉദിനൂര്‍ എടച്ചാക്കൈ എ.യു.പി സ്‌കൂള്‍ റിട്ട. അധ്യാപിക പി.ചന്ദ്രമതിയാണ് ഭാര്യ. ഡോ: സുരഭീ ചന്ദ്ര (മെഡിക്കല്‍ ഓഫീസര്‍, ഔഷധി, പിലാത്തറ), സുര്‍ജിത്ത് ബസു (ടീച്ചര്‍, കോളേജ് ഓഫ് കൊമേഴ്‌സ് കണ്ണൂര്‍) മക്കളാണ്. കെ.രതീഷ് (ചെറുതാഴം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍), കെ.അശ്വതി (പരിയാരം) മരുമക്കളാണ്. പി.കെ.കൃഷ്ണന്‍ (റിട്ട കോടതി ജീവനക്കാരന്‍, വടകര), കുമാരന്‍ (ബേക്കറി ഉടമ, വടകര), പി.കെ കൗസല്യ (ചെന്നൈ) എന്നിവർ സഹോദരങ്ങളാണ്.

0Shares

Leave a Reply

Your email address will not be published. Required fields are marked *