Categories
news

കഞ്ചാവ് കേസില്‍ ചരിത്രവിധിയുമായി തൃശൂര്‍ കോടതി; പ്രതികള്‍ക്ക് 15 വര്‍ഷം തടവും ഒരു ലക്ഷം രൂപ വീതം പിഴയും

കഞ്ചാവ് കേസില്‍ ഇത്രയും ഉയര്‍ന്ന ശിക്ഷ വിധിക്കുന്നത് ആദ്യമാണ്. പിഴയൊടുക്കിയില്ലെങ്കില്‍ പ്രതികള്‍ ഒരു വര്‍ഷം കൂടി ശിക്ഷ അനുഭവിക്കണം.

കേരളത്തില്‍ കഞ്ചാവ് കേസില്‍ ചരിത്രവിധിയുമായി തൃശൂര്‍ കോടതി. വലപ്പാട് കോതകുളം ബീച്ചില്‍ നിന്ന് 68 കിലോ കഞ്ചാവ് പിടിച്ച കേസിലാണ് കോടതി ശിക്ഷ വിധിച്ചത്. പ്രതികള്‍ക്ക് 15 വര്‍ഷം തടവും ഒരു ലക്ഷം രൂപ വീതം പിഴയുമാണ് ശിക്ഷ. തൃശൂര്‍ ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടെതാണ് വിധി.

ഒന്നാം പ്രതി കൊല്ലം പ്ലാപ്പള്ളിയില്‍ മുട്ടക്കാട്ടില്‍ ഗ്യാസ് രാജേന്ദ്രന്‍ എന്ന രാജേന്ദ്രന്‍ (57), മൂന്നാം പ്രതി ഇടുക്കി മുനിയറ കല്ലേപുളിക്കല്‍ പവിത്രന്‍ (52) എന്നിവരെ 15 വര്‍ഷം തടവിനും ഒരു ലക്ഷം രൂപ പിഴയടക്കുന്നതിനും രണ്ടാം പ്രതി ഇടുക്കി രാജാക്കാട് കാഞ്ഞിരത്തിങ്കല്‍ അനില്‍ എന്ന ലൈലേജ് (47, നാലാം പ്രതി ഇടുക്കി വാത്തിക്കുടിയില്‍ കോണിപ്പാട്ട് ഷിജു എന്ന സിജി (44) എന്നിവരെ 14 വര്‍ഷം തടവിനും ഒരു ലക്ഷം രൂപ പിഴയും അടയ്ക്കുന്നതിനാണ് ജഡ്ജി കെ.ആര്‍. മധുകുമാര്‍ ശിക്ഷിച്ചത്.

കഞ്ചാവ് കേസില്‍ ഇത്രയും ഉയര്‍ന്ന ശിക്ഷ വിധിക്കുന്നത് ആദ്യമാണ്. പിഴയൊടുക്കിയില്ലെങ്കില്‍ പ്രതികള്‍ ഒരു വര്‍ഷം കൂടി ശിക്ഷ അനുഭവിക്കണം. 2017 മെയ് 27നാണ് കേസിനാസ്പദമായ സംഭവം. കോതകുളം ബീച്ചില്‍ വാഹനങ്ങളില്‍ കഞ്ചാവ് വില്പന നടത്തുന്നതിന് ഒരു സംഘമെത്തിയിട്ടുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വലപ്പാട് എസ്ഐ ഇ.ആര്‍. ബൈജുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. പരിശോധനയില്‍ കാറിന്‍റെ ഡിക്കിയില്‍ നിന്നും പിക്കപ്പ് വാനില്‍ പ്രത്യേകമായി നിര്‍മ്മിച്ച രഹസ്യ അറയില്‍ നിന്നുമായി 68.5 കിലോ കഞ്ചാവ് കണ്ടെത്തുകയായിരുന്നു.

0Shares

Leave a Reply

Your email address will not be published. Required fields are marked *