Categories
Kerala local news

കേരളത്തിൽ ആദ്യമായി നിർമ്മിച്ച ‘മിയാവാക്കി’ വനവൽക്കരണം; 400 വൃക്ഷതൈകളാണ് നട്ടു സംരക്ഷിച്ചുവരുന്നത്; നാലാം വാർഷികാഘോഷം നടന്നു

കാസർഗോഡ്: പ്രാദേശിക ജൈവ വൈവിധ്യത്തെ അതിൻ്റെ പൂർണതയിൽ നിലനിർത്തി പ്രകൃതി സന്തുലനത്തെ വീണ്ടെടുക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായി തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് ബി.എം.സി, തൃക്കരിപ്പൂർ ഫോക് ലാൻഡ് സഹകരണത്തോടെ നടക്കാവിൽ ഒരുക്കിയ ‘മിയാവാക്കി’ വനവൽകരണം നാല് വർഷം പിന്നിട്ടിരിക്കുകയാണ്. ഗ്രാമപഞ്ചായത്ത് അധീനതയിൽ ഉള്ള രണ്ട് സെൻറ് സ്ഥലത്ത് 46 ഇനങ്ങളിലായി 400 വൃക്ഷതൈകളാണ് നട്ടു സംരക്ഷിച്ചുവരുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ നിബിഡവനമായി വളർന്നുപന്തലിച്ച ‘മിയാവാക്കി’ ഇന്ന് വിവിധ പ്രദേശങ്ങളിലുള്ള വിദ്യാർത്ഥി സമൂഹത്തെയും പരിസ്ഥിതി-പ്രകൃതി സ്നേഹികളെയും ആകർഷിക്കുന്ന കേന്ദ്രമാണ്.

കേരളത്തിൽ ആദ്യമായാണ് ഒരു ഗ്രാമപഞ്ചായത്ത് ‘മിയാവാക്കി’ വനം നിർമ്മിച്ചത്-അതും തനത് ഫണ്ട് വിനിയോഗിച്ചുകൊണ്ട്. നാലാം വാർഷിക പരിപാടി സംസ്ഥാന ജൈവവൈവിധ്യ ബോർഡ് മെമ്പർ സെക്രട്ടറി ഡോ.വി.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജൈവവൈവിധ്യ സംരക്ഷണത്തിലും പരിപാലനത്തിലും തൃക്കരിപ്പൂർ പഞ്ചായത്ത് ബി.എം.സി മാതൃകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും ബി.എം.സി ചെയർമാനുമായ വി.കെ.ബാവയുടെ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ കെ.വി രാധ, എം.രജീഷ്ബാബു, ഇ.ശരിധരൻ, കെ.വി കാർത്ത്യായനി, ഫായിസ് ബീരിച്ചേരി എന്നിവരും ബി.എം സി കൺവീനർ എൻ.സുകുമാരൻ, ഹരിതകേരളം മിഷൻ ആർ.പി ദേവരാജൻ. പി.വി,കണ്ടൽ രാജൻ എന്നിവരും പ്രസംഗിച്ചു. ഡോ.വി.ജയരാജൻ സ്വാഗതവും കെ.വി കൃഷ്ണപ്രസാദ് വൈദ്യർ നന്ദിയും പറഞ്ഞു. തുടർന്ന് ഉദിനൂർ മോഹനൻ രചിച്ച പരിസ്ഥിതി ഗാനാലാപനവും ഉണ്ടായിരുന്നു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest