Categories
channelrb special Kerala news

കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനിൽ സംഭവിച്ചത് വൻ അപകടം; സംഘത്തിലുണ്ടായിരുന്നത് മുപ്പതോളംപേർ; മൂന്ന് സ്ത്രീകളുടെയും ജീവൻ പൊലിഞ്ഞത് ബന്ധുവീട്ടില്‍ വിവാഹ ചടങ്ങില്‍ പങ്കടുത്ത് മടങ്ങവെ

കാസർകോട്: കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനിൽ പാളം മുറിച്ചുകടക്കവേ ട്രെയിൻ തട്ടി മൂന്ന് സ്ത്രീകള്‍ക്ക് ദാരുണ അന്ത്യം. കോട്ടയം ചിങ്ങവനം സ്വദേശികളായ ചിന്നമ്മ(70), ആലിസ് തോമസ് (62) എയ്ഞ്ചൽ(30) എന്നിവരാണ് മരിച്ചത്. രാജപുരം കള്ളാറിലെ ബന്ധുവീട്ടില്‍ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ സംഘം മടങ്ങവെയാണ് അപകടത്തില്‍പ്പെട്ടത്. കോയമ്പത്തൂർ – ഹിസാർ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ട്രെയിൻ ഇടിച്ചാണ് അപകടം. മലബാർ എക്‌സ്പ്രസില്‍ നാട്ടിലേക്ക് പോകാനായി റെയില്‍വേ സ്റ്റേഷനിലേക്ക് എത്തിയ മുപ്പത് പേരടങ്ങുന്ന സംഘത്തിൽപെട്ട മൂന്നുപേരാണ് അപകടത്തിൽ പെട്ടിരിക്കുന്നത്. പ്രായമായ ചിന്നമ്മയെ പാളം മുറിച്ചുകടക്കാൻ സഹായിച്ചതാകാം മറ്റു രണ്ടുപേരും എന്നാണ് വിവരം. പാളം മുറിച്ചുകടക്കുന്നതിനിടെ കാഞ്ഞങ്ങാട് സ്റ്റോപ്പ് ഇല്ലാത്ത മംഗളുരു ഭാഗത്തേക്ക് പോകുന്ന കോയമ്പത്തൂർ – ഹിസാർ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ട്രെയിനാണ് ഇടിച്ചു തെറിപ്പിച്ചത്. അപകടത്തിൻ്റെ ഭീകരത പറഞ്ഞറിയിക്കുന്നതിലും അപ്പുറമാണ്. മൃതദേഹങ്ങൾ ചിന്നിച്ചിതറിയ നിലയിലായിരുന്നു.

വിവരം അറിഞ്ഞ് ഹൊസ്ദുർഗ് ഇൻസ്‌പെക്ടർ പി അജിത് കുമാറിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തീകരിച്ചു. മൃതദേഹങ്ങൾ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരുടെ സംഘത്തിൽ ഉണ്ടായിരുന്ന മുപ്പതോളം ആളുകളിൽ ചിലർ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ തുടരുകയാണ്. മറ്റുള്ളവർ കോട്ടയത്തേക്ക് മടങ്ങി. അപകടത്തെ തുടർന്ന് ട്രെയിൻ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ നിർത്തിയിട്ടിരുന്നു. അപകടം നടന്ന ഭാഗത്ത് യാത്രക്കാർക്ക് ട്രാക്ക് മുറിച്ചുകടക്കാൻ മേൽപാലം ഇല്ലാത്തതാണ് അപകടത്തിന് കാരണമെന്ന് ആക്ഷേപമുണ്ട്. ഈ ഭാഗത്ത് യാത്രക്കാർ സ്ഥിരമായി പാളം മുറിച്ചുകടക്കാറാണ് പതിവ്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest