Categories
news

വിചാരണക്കോടതി മുതല്‍ സുപ്രിംകോടതി വരെ നിയമ പോരാട്ടം; 31 വര്‍ഷത്തെ ജയില്‍ വാസം; ഇത് പേരറിവാളൻ്റെ ജീവിതം

പേരറിവാളിനെ അറസ്റ്റ് ചെയ്യുമ്പോള്‍ അദ്ദേഹത്തിന് 20 വയസ് തികയാന്‍ ദിവസങ്ങള്‍ മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ.

രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന്‍ ജയില്‍ മോചിതനായി. 31 വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷമാണ് പേരറിവാളൻ്റെ മോചനം. ഭരണഘടനയുടെ 142-ാം വകുപ്പ് പ്രകാരം പ്രത്യേക അധികാരം ഉപയോഗിച്ചാണ് പേരറിവാളനെ വിട്ടയക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചത്. പേരറിവാളൻ്റെയും അമ്മയുടെയും ഹര്‍ജികളിലാണ് ജസ്റ്റിസ് എല്‍ നാഗേശ്വര റാവു വിധി പ്രസ്താവിച്ചത്.

എത്രയും വേഗം പേരറിവാളനെ മോചിപ്പിക്കണമെന്നാണ് ഉത്തരവ്. ഇക്കാര്യത്തില്‍ നേരത്തെ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. ജയിലില്‍ നല്ല നടപ്പായിരുന്നിട്ടും പേരറിവാളനോട് വിവേചനം കാണിക്കുന്നുവെന്നായിരുന്നു സുപ്രീംകോടതിയുടെ വിമര്‍ശനം. വിചാരണക്കോടതി മുതല്‍ സുപ്രിംകോടതി വരെ പേരറിവാളൻ്റെ അമ്മ നടത്തിയ നിയമപോരാട്ടത്തിൻ്റെ കൂടി ഫലമാണ് ഇപ്പോഴത്തെ വിധി. 1991ലാണ് പേരറിവാളന്‍ അറസ്റ്റിലായത്. രാജീവ് ഗാന്ധി വധക്കേസില്‍ 31 വര്‍ഷമായി ജയില്‍ ശിക്ഷ അനുഭവിച്ചു വരികയാണ് പേരറിവാളന്‍.

1991 ജൂണ്‍ 11 ന് ചെന്നൈയിലെ പെരിയാര്‍ തിടലില്‍ വച്ച് സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍മാര്‍ പേരറിവാളിനെ അറസ്റ്റ് ചെയ്യുമ്പോള്‍ അദ്ദേഹത്തിന് 20 വയസ് തികയാന്‍ ദിവസങ്ങള്‍ മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. അറസ്റ്റിലാകുന്ന സമയത്ത് പേരറിവാളന്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിംഗില്‍ ഡിപ്ലോമ പൂര്‍ത്തിയാക്കിയതേ ഉണ്ടായിരുന്നുള്ളൂ. പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ തമിഴ്‌നാട്ടിലെ ശ്രീപെരുംമ്പത്തൂരില്‍ വച്ച് വധിക്കാന്‍ ഗൂഢാലോചന നടത്തിയ ശിവരാസന് സ്ഫോടക വസ്തുവായി 9 വോള്‍ട്ട് ബാറ്ററി നല്‍കിയെന്നതായിരുന്നു പേരറിവാളന് മേല്‍ ചുമത്തിയ കുറ്റം.

എന്നാല്‍ ബാറ്ററി വാങ്ങി നല്‍കിയത് എന്തിന് വേണ്ടിയാണ് എന്ന് പേരറിവാളന് അറിയില്ലായിരുന്നുവെന്ന് പിന്നീട് അന്വേഷണ സംഘാംഗം തന്നെ വെളിപ്പെടുത്തി. ഇതിനുപിന്നാലെ പേരറിവാളൻ്റെ മോചനത്തിനായി തമിഴ്നാട്ടിലാകമാനം മുറവിളി ഉയരുകയും ചെയ്തു. 1998ല്‍ പേരറിവാളന്‍ അടക്കം 26 പേര്‍ക്ക് വധശിക്ഷയാണ് വിചാരണക്കോടതി വിധിച്ചത്.

1999-ല്‍ സുപ്രീംകോടതി 19 പ്രതികളെ വെറുതെ വിട്ടു. പേരറിവാളനും മറ്റു മൂന്നുപേര്‍ക്ക് വധശിക്ഷയും മൂന്നുപേര്‍ക്ക് ജീവപര്യന്തവും വിധിച്ചു. വധശിക്ഷ ഇളവുചെയ്യുന്നതിന് നല്‍കിയ ദയാഹര്‍ജിയില്‍ തീരുമാനമറിയാന്‍ 2011 -വരെ കാത്തിരിക്കേണ്ടിവന്നു. ദയാഹര്‍ജി രാഷ്ട്രപതി തള്ളി. മറ്റൊരു പ്രതിയായ നളിനിയുടെ വധശിക്ഷ ജീവപര്യന്തമായി കുറച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *