Categories
Kerala news

ഈ കമ്യൂണിസ്ററ് വിരുദ്ധത കേരളത്തിൽ മാത്രം; ലോക മുസ്ലിം സമൂഹവും കമ്മ്യൂണിസ്റ്റ് പാർട്ടികളും ചങ്ങാത്തത്തിൽ, ലീഗിന് അന്യമാകുന്ന വിവേകം

സാദിഖലി തങ്ങൾ ജില്ലാ ലീഗിൻ്റെ പ്രസിഡണ്ടല്ല. ഇൻഡ്യയിലെ മുസ്ലിംലീഗിൻ്റെ അവസാന വാക്കാണ്

‘കമ്മ്യൂണിസത്തിലേക്ക് നയിക്കുന്നവർക്ക് കൊടുക്കേണ്ട പോലെ കൊടുക്കുന്ന നേതാവാണ് ഡോ. ബഹാവുദ്ദീൻ നദവി’എയെന്ന രീതിയിലുള്ള മുനവെച്ച സംസാരങ്ങളാണ് ലീഗ്- സമസ്‌ത ബന്ധത്തിൽ വിള്ളലുണ്ടാക്കിയത്. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളോ ഹൈദരലി ശിഹാബ് തങ്ങളോ ദ്വയാർഥ പ്രയോഗങ്ങൾ പ്രസംഗങ്ങളിൽ നടത്തിയിരുന്നതായി കേട്ടിട്ടില്ല. അതുകൊണ്ടു തന്നെ ലീഗും സമസ്‌തയും പതിറ്റാണ്ടുകളോളം സൗഹൃദത്തിൽ കഴിഞ്ഞു. പ്രായമുളളവരെയും അറിവുള്ളവരെയും പാണക്കാട്ടെ തങ്ങൻമാർ ബഹുമാനിച്ചു. പ്രായം കുറഞ്ഞവരോട് കരുണ കാണിച്ചു. സമസ്‌തയിലെ ഒരു പണ്ഡിതനും ഏതെങ്കിലും പദവികൾക്ക് വേണ്ടി ലീഗ് നേതാക്കളുടെ വീട്ടുപടിക്കൽ കാത്തുകെട്ടി കിടക്കുന്നവരല്ല. ലീഗിൻ്റെ അധികാര പിൻബലത്തിൽ ഉപജീവനം നടത്തുന്നവരുമല്ല.

1967ലെ ലീഗ്- കമ്മ്യൂണിസ്റ്റ് സഖ്യത്തിൻ്റെ ബൗദ്ധിക പശ്ചാതലം ഒരുക്കുന്നതിൽ വലിയ പങ്കുവഹിച്ച വ്യക്തിയാണ് കൊളത്തൂർ ടി.മുഹമ്മദ് മൗലവി. മുസ്ലിങ്ങളിലെ അവാന്തര കക്ഷിത്വത്തിൽ ഒരിക്കലും അദ്ദേഹം ഭാഗവാക്കായില്ല. പത്തരമാറ്റ് കമ്മ്യൂണിസ്റ്റായിരുന്ന സി.അച്ചുതമേനോനെ ഡൽഹിയിൽ നിന്ന് ക്ഷണിച്ച് കൊണ്ടു വന്ന് കേരളത്തിൻ്റെ മുഖ്യമന്ത്രിയാക്കിയവരുടെ മുന്നിൽ നിന്നത് സമസ്‌ത മുശാവറ അംഗം കൂടിയായിരുന്ന മുസ്ലിംലീഗ് നേതാവ് മഹാനായ ബാഫഖി തങ്ങളാണ്. അന്നില്ലാത്ത ഒന്നും കമ്മ്യൂണിസത്തിൽ ഇപ്പോൾ കൂട്ടിച്ചേർക്കപ്പെട്ടില്ല. എന്നിരിക്കെ ഇത്തരമൊരു പ്രസ്‌താവനയുടെ ഔചിത്യം എന്താണെന്ന് വ്യക്തമാക്കേണ്ടത് സാദിഖലി തങ്ങളാണ്.

കമ്മ്യൂണിസത്തോട് ആശയപരമായി തർക്കിക്കുന്നതിലും സംവദിക്കുന്നതിലും തെറ്റില്ല. എന്നാൽ ഇന്ത്യയെപ്പോലെ ബഹുമത സാമൂഹ്യഘടന നിലനിൽക്കുന്ന ഒരു രാജ്യത്ത് കമ്മ്യൂണിസ്റ്റ് പാർട്ടികളെ മുടിനാരിഴകീറി അപഗ്രഥിച്ച് ‘മതവിധി’ പറയുന്നത് ആശാസ്യമായ പ്രവണതയല്ല. ലീഗ് പ്രസിഡണ്ട് നിരവധി പള്ളികളുടെ ‘ഖാസി’ കൂടിയാണ്. ഇത്തരം സങ്കുചിത വാദങ്ങൾ, സാധാരണക്കാരായ മുസ്ലിങ്ങളെ അതി സങ്കുചിതത്വത്തിലേക്ക് നയിക്കാനേ ഉപകരിക്കൂ.

മത നിരാസത്തെക്കൾ അപകടകരമായി ഇസ്ലാം കാണുന്നത് ‘ഷിർക്ക്’ അഥവാ ബഹുദൈവ ആരാധനയെയാണ്. ബഹുദൈവ ആരാധകരോടും സമാന സമീപനമാണോ സാദിഖലി തങ്ങൾക്കുള്ളത്? കേരളത്തിൽ ലീഗിൻ്റെ രാഷ്ട്രീയ എതിർ ചേരിയിൽ നിൽക്കുന്നു എന്ന ഒറ്റക്കാരണത്താൽ കമ്മ്യൂണിസ്റ്റ് പാർട്ടിയെ വിശിഷ്യാ സി.പി.ഐ.എമ്മിനെ എതിർക്കാനും, കാലഹരണപ്പെട്ട അത്തരം വാദങ്ങൾ പൊടിതട്ടിയെടുത്ത് അന്തരീക്ഷത്തിലേക്ക് ചുഴറ്റി എറിഞ്ഞ് ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാക്കാനും നോക്കുന്ന ലീഗ് അനുകൂല മതപണ്ഡിതരെ ന്യായീകരിക്കാൻ നിലമറന്നാണ് സാദിഖലി തങ്ങൾ സംസാരിച്ചത്. മുന്നും പിന്നും നോക്കാതെ നടത്തുന്ന ഇത്തരം വാക്പ്രയോഗങ്ങൾ എത്രത്തോളം വർത്തമാന കാലത്ത് മുസ്ലിം സമുദായത്തിന് ഗുണം ചെയ്യുമെന്ന് ബന്ധപ്പെട്ടവർ ആലോചിക്കുന്നത് നന്നാകും.

തമിഴ്‌നാട്ടിൽ ‘ഹലാലായ’ (അനുവദനീയം) കമ്യൂണിസം കേരളത്തിൽ ‘ഹറാമാ’ (നിഷിദ്ധം)കുന്നതിൻ്റെ യുക്തി എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. സാദിഖലി തങ്ങൾ ജില്ലാ ലീഗിൻ്റെ പ്രസിഡണ്ടല്ല. ഇൻഡ്യയിലെ മുസ്ലിംലീഗിൻ്റെ അവസാന വാക്കാണ്. ലോകാവസാനം വരെ കമ്മ്യൂണിസ്റ്റ് പാർട്ടികളുമായോ അവർക്ക് ബന്ധമുള്ള സർക്കാരുകളുമായോ ലീഗ് സഖ്യമോ രാഷ്ട്രീയ ബന്ധമോ ഉണ്ടാക്കില്ലെന്നാണോ സാദിഖലി തങ്ങളുടെ പക്ഷം?

ലീഗിൻ്റെ മൂന്നാംകിട നേതാക്കൾ പോലും പറയാൻ നിരവധി വട്ടം ആലോചിക്കുന്ന വാക്കുകൾ ലീഗിൻ്റെ ‘സുപ്രിമോ’ക്ക് പ്രസ്‌താവിക്കാൻ ഒരു മടിയും ഇല്ലെന്നത് അതിശയകരമാണ്. ലോക മുസ്ലിം സമൂഹവും അവിടങ്ങളിലെല്ലാമുള്ള കമ്മ്യൂണിസ്റ്റ് പാർട്ടികളും ചങ്ങാത്തത്തിലാണ് കഴിയുന്നത്. അമേരിക്കയുടെ സാമ്രാജ്യത്വ നിലപാടുകളോട് ആണെങ്കിലും ഇസ്രായേലിൻ്റെ മുസ്ലിം വിരുദ്ധ സമീപനങ്ങളോട് ആണെങ്കിലും, ബി.ജെ.പിയുടെ ഫാഷിസ്റ്റ് അനുകൂല നയങ്ങളോടാണെങ്കിലും, അന്തർദേശീയ ഫ്ലാറ്റ് ഫോമുകളിൽ ശക്തമായി ശബ്‌ദിക്കാൻ ആരെക്കാളും മുമ്പന്തിയിൽ വിവിധ രാഷ്ട്രങ്ങളിലെ കമ്മ്യൂണിസ്റ്റ് പർട്ടികളാണ്. ഈ യാഥാർത്ഥ്യം മനസ്സിലാക്കാതെയുള്ള ഡോ. ബഹാവുദ്ദീൻ നദ്വിയുടെ കണ്ണടച്ച കമ്മ്യൂണിസ്റ്റ് വിരുദ്ധത. ഇത് മുസ്ലിങ്ങൾക്ക് ഗുണത്തെക്കാളേറെ ദോഷമാണ് ചെയ്യുക.

കൊളത്തൂർ ടി.മുഹമ്മദ് മൗലവിയെന്ന ദാർശനികൻ്റെ വിശാലമായ ചിന്തകളോട് യോജിക്കാത്ത വിധമാണ് അവാർഡ് ദാന ചടങ്ങിലെ സാദിഖലി തങ്ങളുടെ പ്രസംഗം. ഇന്ത്യൻ മുസ്ലിങ്ങൾക്ക് സുഹൃത്തുകളെയും സ്വന്തക്കാരെയും അനിവാര്യമായ ഒരു ചരിത്ര സന്ധിയിലാണ് ഇത്തരം നിരുത്തരവാദപരമായ പ്രസ്‌താവന ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ്റേത് ആയി പുറത്തുവന്നിരിക്കുന്നത്. കമ്മ്യൂണിസം അടിസ്ഥാന പ്രമാണമായി അംഗീകരിക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ ഒരു സഹായവും കൈത്താങ്ങും, എത്ര സങ്കീർണ്ണ സാഹചര്യത്തിലും മുസ്ലിംലീഗ് തേടില്ലെന്നാണോ ഇതിൻ്റെയർത്ഥം?

പാണക്കാട്ടെ തങ്ങൻമാർക്ക് വാക്ക് മാറ്റിപ്പറയേണ്ടി വരാതിരുന്നത്, അവർ വൈകാരികമായോ ഉപരിപ്ലവമായോ ഒന്നിനോടും പ്രതികരിക്കാതിരുന്നത് കൊണ്ടാണ്. ആ പാരമ്പര്യത്തിൻ്റെ തുടർകണ്ണിയാണ് ബഹുമാന്യനായ സാദിഖലി തങ്ങൾ. ആരെക്കാളുമധികം അത് മനസ്സിലാക്കേണ്ടത് അദ്ദേഹമാണ്. കൂരിയാട്ടെ നദ്‌വി സാഹിബിനും ഹിറാ സെൻ്റെറിലെ ദാവൂദിനുമൊക്കെ എന്തും പറയാം. അതുപോലെയാണോ പാണക്കാട്ടെ തങ്ങൻമാർ എന്നതാണ് ഇക്കാലത്തെ വിചിന്തനം.

Courtesy:KanalMedia

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest