Categories
Kerala news

വർക്കല ലീനാമണി കൊലക്കേസ്; ഒളിവിലായിരുന്ന മൂന്നാം പ്രതിയും കീഴടങ്ങി, ആയുധം കണ്ടെടുത്തു

സ്വത്തുക്കൾ കൈക്കലാക്കാനുള്ള ശ്രമമാണ് കൊലപാതകത്തിൽ കലാശിച്ചത്

തിരുവനന്തപുരം: വർക്കല അയിരൂരിൽ വീട്ടമ്മയെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ ആയിരുന്ന മൂന്നാം പ്രതിയും കൊല്ലപ്പെട്ട ലീനാമണിയുടെ ഭർതൃസഹോദരനുമായ മുഹ്സിൻ കീഴടങ്ങി. ശനിയാഴ്‌ച രാത്രിയോടെ അയിരൂര്‍ പൊലീസ് സ്റ്റേഷനിലാണ് പ്രതി കീഴടങ്ങിയത്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് ഇയാളെന്ന് പൊലീസ് അറിയിച്ചു.

കഴിഞ്ഞ ഞായറാഴ്‌ച രാവിലെയാണ് അയിരൂർ കളത്തറ സ്‌കൂളിനു സമീപം എം.എസ് വില്ലയിൽ ലീനാമണി(53) വീടിനുള്ളിൽ ക്രൂരമർദനമേറ്റ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ലീനാമണിയുടെ ഭർത്താവിൻ്റെ സഹോദരങ്ങളായ ഷാജി, അഹദ്, മുഹ്‌സിൻ, അഹദിൻ്റെ ഭാര്യ റഹീന എന്നിവരെ പ്രതികളാക്കി അയിരൂർ പോലീസ് കേസെടുത്തിരുന്നു.

ലീനാമണിയുടെ ഭർത്താവ് സിയാദ് ഒന്നരവർഷം മുമ്പ് മരണപ്പെട്ടിരുന്നു. ഒന്നും രണ്ടും പ്രതികളായ അയിരൂർ കളത്തറ ഷഹാന മൻസിലിൽ ഷാജി(46), അയിരൂർ എസ്.എൻ വില്ലയിൽ അബ്ദുൽ അഹദ് (41) എന്നിവർ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു.

ശനിയാഴ്‌ച പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. കൊലയ്ക്കുപയോഗിച്ച ഇരുമ്പുകമ്പി പൊലീസ് കണ്ടെടുത്തു. കൊലനടന്ന അയിരൂർ കളത്തറ എം.എസ് വില്ലയിൽ ശനിയാഴ്‌ച ഉച്ചയോടെ അയിരൂർ ഇൻസ്പെക്ടർ യു.പി വിപിൻകുമാറിൻ്റെ നേതൃത്വത്തിലാണ് പൊലീസ് പ്രതികളെ തെളിവെടുപ്പിനെത്തിച്ചത്.

കൊലയ്ക്ക് ഉപയോഗിച്ച ഇരുമ്പുകമ്പി കൊലപാതകശേഷം വീട്ടുമുറ്റത്ത് മീനുകളെ വളർത്തുന്ന ടാങ്കിൽ ഉപേക്ഷിച്ചതായി പ്രതികൾ വെളിപ്പെടുത്തി. തുടർന്ന് ടാങ്കിലെ വെള്ളം തുറന്നുവിട്ടശേഷം പ്രതിയായ അഹദിനെ കൊണ്ട് കമ്പി പൊലീസ് എടുപ്പിച്ചു. തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ യാതൊരു കൂസലുമില്ലാതെയായിരുന്നു പ്രതികളുടെ പെരുമാറ്റം. തെളിവെടുപ്പ് നടക്കുന്ന സ്ഥലത്തേക്ക് നാട്ടുകാരാരും എത്തിയിരുന്നില്ല.

സിയാദിൻ്റെ സ്വത്തുക്കൾ കൈക്കലാക്കാനുള്ള ശ്രമമാണ് കൊലപാതകത്തിൽ കലാശിച്ചത്. അറസ്റ്റിലായ ആദ്യ രണ്ട് പ്രതികളെയും റിമാണ്ട് ചെയ്‌തിരുന്നു.

0Shares

Leave a Reply

Your email address will not be published. Required fields are marked *