Categories
education Kerala news

ഫോണ്‍ പൊട്ടിത്തെറിക്കും മുമ്പുളള ലക്ഷണങ്ങള്‍ ഇതാണ്; സ്‌മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മണിക്കൂറുകളോളം ഫോണ്‍ ഉപയോഗിക്കുന്ന ശീലം ഒഴിവാക്കുക

ഇലക്‌ട്രോണിക് വസ്തുക്കള്‍ അപകട സാധ്യത ഉള്ളവയാണെങ്കിലും സ്‌മാര്‍ട്ട് ഫോണ്‍ പൊതുവെ സുരക്ഷിതമാണ്. അതുകൊണ്ടാണ് വളരെ അലസമായ രീതിയില്‍ അവ ഉപയോഗിക്കുകയും സൂക്ഷിക്കുകയും ചെയ്യുന്നത്.

ഫോണ്‍ പൊട്ടിത്തെറിച്ച്‌ ഉപയോക്താവിന് പരിക്ക് പറ്റുന്ന സംഭവങ്ങളും പലരുടെയും ജീവന്‍ പോലും നഷ്ടപ്പെടുന്ന സാഹചര്യങ്ങളും കണ്ടിട്ടുണ്ട്. വീഡിയോ കണ്ടുകൊണ്ടിരിക്കെ ഫോണ്‍ പൊട്ടിത്തെറിച്ച്‌ തൃശൂരില്‍ എട്ടുവയസുകാരി മരിച്ച സംഭവം കഴിഞ്ഞ ദിവസമായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്.

സാധാരണഗതിയില്‍ സ്‌മാര്‍ട്ട് ഫോണുകള്‍ വെറുതെ പൊട്ടിത്തെറിക്കുകയില്ല. അത്തരം സംഭവങ്ങള്‍ പലപ്പോഴായി ഉണ്ടാകുന്നു എന്നതിനാല്‍ ഫോണ്‍ പൊട്ടിത്തെറിക്കാൻ ഇടയുണ്ടാകുന്ന സാഹചര്യങ്ങള്‍ മുന്‍കൂട്ടി കണ്ട് ഒഴിവാക്കുക മാത്രമാണ് ചെയ്യാന്‍ സാധിക്കുക.

ഒരു സ്‌മാര്‍ട്ട് ഫോണ്‍ പൊട്ടിത്തെറിക്കാന്‍ നിരവധി കാരണങ്ങളുണ്ടെന്ന് വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു. മിക്കപ്പോഴും ബാറ്ററിയുമായി ബന്ധപ്പെട്ട പ്രശ്‌നമാകാം അതിലേക്ക് നയിക്കുന്നത്. ആധുനിക രീതിയിലുള്ള സ്‌മാര്‍ട്ട് ഫോണുകള്‍ ലിഥിയം- അയേണ്‍ ബാറ്ററികള്‍ ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കുന്നവയാണ്. ചാര്‍ജിങ് ചെയ്യുമ്പോഴുള്ള എന്തെങ്കിലും അബദ്ധങ്ങള്‍ ബാറ്ററിക്കുള്ളിലെ ഘടകങ്ങളെ പ്രതികൂലമായി ബാധിക്കുകയും അത് ഒരു പൊട്ടിത്തെറിയിലേക്ക് നയിക്കുകയും ചെയ്യാം. ഫോണ്‍ പൊതുവേ അമിതമായി ചൂടാകുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുകയോ ചൂടായാല്‍ അതുപയോഗിക്കുന്നത് നിര്‍ത്തുകയോ വേണമെന്നതാണ് ഉപയോക്താക്കള്‍ ചെയ്യേണ്ടത്.

ഫോണ്‍ പൊട്ടിത്തെറിക്കാന്‍ പോകുന്നതിന് മുമ്പ് ഒരിക്കലും ഒരു അപായ സന്ദേശം ലഭിക്കുകയില്ല. പക്ഷെ ചില ലക്ഷണങ്ങള്‍ ഫോണ്‍ പ്രകടിപ്പിച്ചെന്ന് വരാം. തൊട്ടാല്‍ പൊള്ളുന്ന ചൂട് ഫോണില്‍ നിന്ന് ഉത്ഭവിക്കുക, ചെറിയ ചീറ്റലോ പൊട്ടലോ പോലുള്ള ശബ്ദങ്ങള്‍ ഫോണില്‍ നിന്ന് കേള്‍ക്കുക, പ്ലാസ്റ്റിക്കോ മറ്റ് രാസവസ്തുക്കളോ കത്തുമ്പോഴുണ്ടാകുന്ന ഗന്ധം ഉയരുക, ഫോണിൻ്റെ ആകൃതിയില്‍ പെട്ടെന്ന് വ്യത്യാസം സംഭവിക്കുക എന്നീ കാര്യങ്ങളുണ്ടായാല്‍ ഫോണില്‍ നിന്ന് സുരക്ഷിത അകലം പാലിക്കുകയോ പുറത്തേക്ക് ഫോണ്‍ വലിച്ചെറിയുകയോ ചെയ്യേണ്ടതാണ്.

തുടര്‍ച്ചയായി മണിക്കൂറുകളോളം ഫോണ്‍ ഉപയോഗിക്കുന്ന ശീലം ഒഴിവാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഒരിക്കലും ഫോണ്‍ ചാര്‍ജ് ചെയ്ത് കൊണ്ടിരിക്കുമ്പോള്‍ ഉപയോഗിക്കരുത്. ഫോണിൻ്റെ ബാറ്ററിയുടെ ‘ആരോഗ്യം’ കാത്തുസൂക്ഷിക്കുന്നതിനായി ശരിയായ രീതിയില്‍ ഫോണ്‍ ചാര്‍ജ് ചെയ്യുക.

ഫോണ്‍ ചാര്‍ജ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഫോണ്‍ എപ്പോഴും തുറസായ പ്രതലത്തില്‍ സൂക്ഷിക്കുക, സൂര്യപ്രകാശം നേരിട്ട് തട്ടാതെ ശ്രദ്ധിക്കുക, അതുപോലെ അമിതമായ തണുപ്പിലും ഫോണ്‍ സൂക്ഷിക്കാതിരിക്കുക. ഇറുകിയ, ഇടുങ്ങിയ സ്ഥലത്ത് ഫോണ്‍ വയ്‌ക്കാതിരിക്കുക എന്നുള്ളതും സ്‌മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതാണ്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest