Categories
entertainment Kerala news

വിഘ്നങ്ങള്‍ അകറ്റും വിഘ്നേശ്വരന്‍; കേരളത്തിലെ പ്രധാനപ്പെട്ട ഗണപതി ക്ഷേത്രങ്ങള്‍ ഇതാണ്

ഉപദേവനായി ഗണപതിയില്ലാത്ത ക്ഷേത്രങ്ങള്‍ ഇല്ലെന്നുതന്നെ പറയാം

കേരളത്തില്‍ ഗണപതിക്ഷേത്രങ്ങള്‍ കുറവാണ്. എന്നാല്‍ ഉപദേവനായി ഗണപതിയില്ലാത്ത ക്ഷേത്രങ്ങള്‍ ഇല്ലെന്നുതന്നെ പറയാം. മറ്റു ചിലയിടങ്ങളിലാകട്ടെ പ്രധാന പ്രതിഷ്‌ഠയേക്കാള്‍ ഗണപതിക്ക് ആണ് പ്രാമുഖ്യം. കൊട്ടാരക്കര ഗണപതി ക്ഷേത്രം തന്നെ ഉദാഹരണം.

മഹാദേവൻ്റെയും പാര്‍വതി ദേവിയുടെയും പുത്രനാണ് ഗണപതി. വിഘ്നങ്ങള്‍ അകറ്റുന്നവനാണ് വിഘ്നേശ്വരൻ. ഏതൊരു നല്ല കാര്യത്തിന് തുടക്കത്തിലും ഗണപതിയെ പൂജിച്ചാല്‍ തടസ്സങ്ങള്‍ ഒഴിവായിക്കിട്ടുമെന്നാണ് ഹൈന്ദവ വിശ്വാസം. കേരളത്തിലെ പ്രധാനപ്പെട്ട ഗണപതി ക്ഷേത്രങ്ങളെ പരിചയപ്പെടാം

കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം

കൊല്ലം ജില്ലയിലെ കൊട്ടാരക്കര അറിയപ്പെടുന്നത് തന്നെ ഗണപതി ക്ഷേത്രത്തിൻ്റെ പേരിലാണ്. ഇവിടെ പരമശിവനാണ് മുഖ്യപ്രതിഷ്‌ഠ. എന്നാല്‍ ഉപദേവനായി പ്രതിഷ്‌ഠിക്കപ്പെട്ട ബാലഗണപതിയിലൂടെയാണ് ക്ഷേത്രം പ്രസിദ്ധിയാര്‍ജിച്ചത്.

ഇവിടെ ഗണപതിയുടെ വിഗ്രഹം പെരുന്തച്ചനാണ് കൊത്തിയതെന്നാണ് വിശ്വാസം. ഇവിടത്തെ ഉണ്ണിയപ്പവും പ്രസിദ്ധം. ക്ഷേത്രത്തിലെ പ്രധാന വഴിപാടും ഉണ്ണിയപ്പം തന്നെ. ഗണപതി നടയിലെ തിടപ്പള്ളിയിലൊരുക്കിയ അപ്പക്കാരയിലാണ് ഉണ്ണിയപ്പം തയാറാക്കുന്നത്. ഗണേശ ചതുര്‍ത്ഥി ഇവിടുത്തെ പ്രധാന ആഘോഷങ്ങളിൽ ഒന്നാണ്.

മദൂര്‍ ക്ഷേത്രം

കാസര്‍ഗോഡ് ജില്ലയിലാണ് മദൂര്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അനന്തേശ്വര വിനായക ക്ഷേത്രമെന്നും അറിയപ്പെടുന്നു. കൊട്ടാരക്കരയിലേതിന് സമാനമായി ശിവനാണ് മുഖ്യ പ്രതിഷ്‌ഠയെങ്കിലും ഗണപതിയുടെ പേരിലാണ് ക്ഷേത്രം അറിയപ്പെടുന്നത്. പച്ച അപ്പവും ഉണ്ണിയപ്പവുമാണ് ഇവിടുത്തെ പ്രധാന പ്രതിഷ്‌ഠ. ഇവിടത്തെ ഗണപതി വിഗ്രഹം ദിവസം തോറും വലിപ്പം വയ്ക്കുന്നുണ്ടെന്നാണ് വിശ്വാസം. ഗണേശ ചതുര്‍ത്ഥിയും മദൂര്‍ ബെഡി എന്നറിയപ്പെടുന്ന ആഘോഷവുമാണ് ഇവിടുത്തെ പ്രത്യേകത.

പഴവങ്ങാടി ഗണപതി ക്ഷേത്രം

തിരുവനന്തപുരത്ത് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൻ്റെ വടക്ക് ഭാഗത്താണ് പഴവങ്ങാടി ഗണപതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പുഴയില്‍ നിന്നും കിട്ടിയ വിഗ്രഹമാണ് ഇവിടെ പ്രതിഷ്‌ഠിച്ചിരിക്കുന്നത്. ബാലഗണപതിയായാണ് സങ്കല്‍പ്പം. തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളുടെ മാതൃകയിലാണ് നിര്‍മാണം. ധര്‍മശാസ്‌താവ്‌, നാഗം, രക്ഷസ്, ദുര്‍ഗ്ഗ എന്നിവരാണ് ഉപദേവതമാര്‍. വിനായക ചതുര്‍ത്ഥി തന്നെയാണ് ക്ഷേത്രത്തിലെ പ്രധാന ആഘോഷം. നാളികേരം ഉടയ്ക്കുന്നതാണ് പ്രധാന വഴിപാട്. പത്മനാഭൻ്റെ മണ്ണിലെത്തുന്ന വിശ്വാസികള്‍ പഴവങ്ങാടി ഗണപതിയേയും കണ്ടെ മടങ്ങാറുള്ളൂ.

മള്ളിയൂര്‍ ശ്രീ മഹാഗണപതി ക്ഷേത്രം

കോട്ടയം ജില്ലയിലെ കുറുപ്പന്തറയിലാണ് അതിപുരാതനമായ മള്ളിയൂര്‍ ശ്രീമഹാഗണപതി ക്ഷേത്രം. ബീജഗണപതിയുടെ വലംപിരി രൂപത്തിലുള്ള പ്രതിഷ്ഠയാണ് മള്ളിയൂരിലുള്ളത്. വൈഷ്ണവ ഗണപതി സങ്കല്‍പ്പമാണ് ഇവിടുത്തേത്. ഗണപതിയുടെ മടിയില്‍ കഥകേട്ടിരിക്കുന്ന ഉണ്ണിക്കണ്ണൻ. മള്ളിയൂരിലെ മഹാഗണപതി ക്ഷിപ്രപ്രസാദിയാണ്. ഗണപതിഹോമം തന്നെയാണ് മള്ളിയൂരിലേയും പ്രധാന വഴിപാട്. മുക്കുറ്റി പുഷ്‌പാഞ്ജലിയാണ് ക്ഷേത്രത്തിലെ മറ്റൊരു വഴിപാട്. വേരോടെ പിഴുതെടുത്ത 108 മുക്കുറ്റി ഉപയോഗിച്ചാണ് വഴിപാട്.

അഞ്ചുമൂര്‍ത്തിമംഗല ക്ഷേത്രം

പാലക്കാട് ആലത്തൂരിനടുത്താണ് അഞ്ചുമൂര്‍ത്തി മംഗലം ക്ഷേത്രം. പരശുരാമന്‍ പ്രതിഷ്‌ഠ നടത്തിയെന്ന് വിശ്വാസമുള്ള ഈ ക്ഷേത്രത്തില്‍ ശിവനോടൊപ്പം സുദര്‍ശന മൂര്‍ത്തിയ്ക്കും മഹാവിഷ്‌ണുവിനും പാര്‍വ്വതി ദേവിക്കും ഗണപതിക്കും തുല്യ പ്രാധാന്യമാണുള്ളത്. വിനായക ചതുര്‍ത്ഥി ദിവസം ഇവിടെ പൂജകളും ആഘോഷങ്ങളും നടക്കുന്നു.

വാഴപ്പള്ളി മഹാദേവര്‍ ക്ഷേത്രം

ചങ്ങാനാശ്ശേരിയിലെ വാഴപ്പള്ളിയിലാണ് ക്ഷേത്രം. ശിവനോടൊപ്പം ഗണപതിയേയും ആരാധിക്കുന്നു. ശിവപ്രതിഷ്‌ഠയോട് ചേര്‍ന്ന് തന്നെയാണ് ഗണപതിയേയും പ്രതിഷ്‌ഠിച്ചിരിക്കുന്നത്. ആദ്യകാലങ്ങളില്‍ ഈ പ്രതിഷ്‌ഠയായിരുന്നുവത്രെ പ്രധാനം. ഇപ്പോള്‍ കാണുന്ന ഗണപതിയെ പിന്നീട് പ്രതിഷ്‌ഠിച്ചതാണ്. ക്ഷേത്രത്തില്‍ ധാരാളം ഗണപതി പ്രതിഷ്‌ഠകളും ശിലാ വിഗ്രഹങ്ങളും കാണുവാന്‍ സാധിക്കും.

0Shares

Leave a Reply

Your email address will not be published. Required fields are marked *