Categories
entertainment news

റിപോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന നിര്‍ദേശങ്ങളെയും പരിഹാരങ്ങളെയും സര്‍വാത്മനാ സ്വാഗതം ചെയ്യുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു; സിനിമയില്‍ ഒരു ശക്തികേന്ദ്രവുമില്ല; ഒടുവില്‍ മൗനം വെടിഞ്ഞ് മമ്മൂട്ടി

കൊച്ചി: ഹേമ കമ്മിറ്റി റിപോര്‍ട്ടില്‍ വിവാദങ്ങള്‍ തുടരുന്നതിനിടെ മൗനം വെടിഞ്ഞ് മമ്മൂട്ടി. ഹേമ കമ്മിറ്റി റിപോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന നിര്‍ദേശങ്ങളെയും പരിഹാരങ്ങളെയും സ്വാഗതം ചെയ്യുകയും പിന്തുണയ്ക്കുകയും ചെയ്യുന്നതായി സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ മമ്മൂട്ടി വ്യക്തമാക്കി. കുറിപ്പിൽ പറയുന്നത്, മലയാള സിനിമാരംഗം ഇപ്പോള്‍ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളാണ് ഈ കുറിപ്പിന് ആധാരം. അതേക്കുറിച്ച്‌ അഭിനേതാക്കളുടെ സംഘടനയും നേതൃത്വവും ആദ്യം പ്രതികരിക്കുകയെന്നതാണ് സംഘടനാരീതി. അങ്ങനെയുള്ള ഔദ്യോഗിക പ്രതികരണങ്ങള്‍ക്ക് ശേഷമാണ് അംഗമെന്ന നിലയില്‍ അഭിപ്രായം പറയേണ്ടത് എന്ന് വിശ്വസിക്കുന്നതു കൊണ്ടാണ് ഇത്രയും കാത്തത്. സമൂഹത്തിൻ്റെ പരിച്ഛേദം തന്നെയാണ് സിനിമ. സമൂഹത്തിലെ എല്ലാ നന്മതിന്മകളും സിനിമയിലുമുണ്ട്. സിനിമാ മേഖല സമൂഹം സൂക്ഷ്മമായി ശ്രദ്ധിക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ അവിടെ സംഭവിക്കുന്ന ചെറുതും വലുതുമായ എല്ലാ കാര്യങ്ങളും വലിയ ചര്‍ച്ചയ്ക്കിടയാക്കും. ഈ രംഗത്ത് അനഭിലഷണീയമായതൊന്നും സംഭവിക്കാതിരിക്കാന്‍ സിനിമാപ്രവര്‍ത്തകര്‍ ശ്രദ്ധിക്കേണ്ടതും ജാഗരൂകരാകേണ്ടതുമാണ്. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത ചിലത് സംഭവിച്ചതിനെ തുടര്‍ന്ന് സിനിമാ മേഖലയെ കുറിച്ച്‌ പഠിച്ച്‌ റിപ്പോര്‍ട്ട് തയ്യാറാക്കി പരിഹാരങ്ങള്‍ നിര്‍ദേശിക്കാനും നടപടികള്‍ ശുപാർശ ചെയ്യാനും സര്‍ക്കാര്‍ രൂപവത്കരിച്ചതാണ് ജസ്റ്റിസ് ഹേമ കമ്മിറ്റി. ആ റിപോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന നിര്‍ദേശങ്ങളെയും പരിഹാരങ്ങളെയും സര്‍വാത്മനാ സ്വാഗതം ചെയ്യുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു.

അവ നടപ്പാക്കാന്‍ സിനിമാ മേഖലയിലെ എല്ലാ കൂട്ടായ്മകളും വേര്‍തിരിവുകളില്ലാതെ കൈകോര്‍ത്തു നില്‍ക്കേണ്ട സമയമാണിത്. ഇപ്പോള്‍ ഉയര്‍ന്നുവന്ന പരാതികളിന്മേല്‍ പോലീസ് അന്വേഷണം ശക്തമായി മുന്നോട്ടുപോകുന്നു. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിൻ്റെ പൂര്‍ണരൂപം കോടതിയുടെ മുന്നിലുമാണ്. പോലീസ് സത്യസന്ധമായി അന്വേഷിക്കട്ടെ. ശിക്ഷാവിധികള്‍ കോടതി തീരുമാനിക്കട്ടെ. സിനിമയില്‍ ഒരു ‘ശക്തികേന്ദ്ര’വുമില്ല. അങ്ങനെയൊന്നിന് നിലനില്‍ക്കാന്‍ പറ്റുന്ന രംഗവുമല്ല സിനിമ. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപോര്‍ട്ടിലെ പ്രായോഗികമായ ശുപാർശകൾ നടപ്പാക്കണമെന്നും അതിന് നിയമതടസ്സങ്ങളുണ്ടെങ്കില്‍ ആവശ്യമായ നിയമനിര്‍മാണം നടത്തണമെന്നും അഭ്യര്‍ഥിക്കുന്നു. ആത്യന്തികമായി സിനിമ നിലനില്‍ക്കണം.

0Shares

Leave a Reply

Your email address will not be published. Required fields are marked *