Categories
Kerala news

‘ചില വൈദികരുടെ വാക്കുകൾ തീവ്ര സ്വഭാവമുള്ളത്; വിമോചന സമരമെന്ന പരിപ്പ് ഇനി വേവില്ല’: വി.ജോയ് എം.എൽ.എ

തീവ്രവാദ സ്വഭാവമുള്ള അച്ഛൻമാർ പൊലീസ് സ്റ്റേഷൻ കത്തിക്കണമെന്ന് പ്രസംഗിച്ചു

തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിന് ചിലർ തീവ്രവാദ സ്വഭാവം പകരുന്നുവെന്ന് വി.ജോയ് എം.എൽ.എ പറഞ്ഞു. നിയമസഭയിൽ വിഴിഞ്ഞം വിഷയവുമായി ബന്ധപ്പെട്ട് അടിയന്തര പ്രമേയ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വി.ജോയ്. ആസൂത്രിതമായാണ് എയർപോർട്ടിൽ പോകേണ്ടവരെയും ആംബുലൻസുകളും തടഞ്ഞത്. തീവ്രവാദ സ്വഭാവമുള്ള അച്ഛൻമാർ അഞ്ചുതെങ്ങ് പൊലീസ് സ്റ്റേഷൻ കത്തിക്കണമെന്ന് പ്രസംഗിച്ചു. എം.വിൻസണ്ടിന് ഇരട്ടത്താപ്പാണ്. സമരസമിതി നേതാവായ അച്ഛൻ്റെ ചില സംസാരം തീവ്രവാദത്തിൻ്റെ ലക്ഷണമാണെന്നും വി.ജോയ് പറഞ്ഞു. വിമോചനസമരം സ്വപ്നം കാണുന്നവരുടെ കൂട്ടത്തിലാണ് പ്രമേയാവതാരകൻ എം.വിൻസണ്ട്. ഒരു സബ്മിഷൻ പോലും ഈ വിഷയം കൊണ്ട് വരാത്ത ആളാണ് അദ്ദേഹം എന്നും വി ജോയ് പറഞ്ഞു.

വിഴിഞ്ഞം പദ്ധതി നിർത്തി വയ്ക്കണമെന്ന ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്ന് നേരത്തെ നിലപാടെടുത്തതായി മുഖ്യമന്ത്രി പറഞ്ഞു. പദ്ധതിയുടെ ഭാഗമായി തീരശോഷണം ഉണ്ടായിട്ടില്ലെന്ന് റിപ്പോർട്ടുകൾ ഉണ്ട്. വിഴിഞ്ഞം പദ്ധതിക്കെതിരെ ഏതെങ്കിലും ശക്തികൾ പ്രവർത്തിക്കുന്നുണ്ടോ എന്നായിരുന്നു ചോദ്യം. ഇവർക്ക് പിന്നിൽ മറ്റാരോ ഉണ്ടെന്ന സംശയം 2014ൽ അന്നത്തെ സർക്കാരിന് തന്നെയുണ്ടായിരുന്നു. ഇക്കാര്യം മന്ത്രി കെ.ബാബു സഭയിൽ പറഞ്ഞിരുന്നു. കേന്ദ്രം അന്വേഷിക്കണമെന്നും അദ്ദേഹം വ്യക്തമാക്കിയതാണ്. അവരുടെ ഭാഗത്തുനിന്ന് പങ്കെടുക്കേണ്ട ഉന്നതനായ വ്യക്തിയുമായി ചർച്ച നടത്തിയിരുന്നു. സർക്കാരിന് വേണ്ടിയാണ് മന്ത്രി സഭ ഉപസമിതി ചർച്ച നടത്തിയത്. സർക്കാർ ഒരു അലംഭാവവും കാണിച്ചിട്ടില്ല കൃത്യമായി ചർച്ച നടത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

അദാനിയുമായി ധാരണയായ ശേഷമായിരുന്നു വിഴിഞ്ഞത്ത് പ്രകോപനം ഉണ്ടാക്കിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കുറ്റപ്പെടുത്തി. സൈന്യത്തെ ഇറക്കാനായി അദാനിയുമായി ധാരണയായി. ബി.ജെ.പിയുമായും ധാരണയായിരുന്നു. പറയേണ്ടത് പറയും. ഫാദർ തിയോഡീഷ്യസ് പറഞ്ഞത് തെറ്റാണ്. എന്നാൽ പിൻവലിച്ചിട്ടും അത് ആളിക്കത്തിച്ച് സംഘർഷം ഉണ്ടാക്കരുത്. ഏറ്റവും പ്രധാനപ്പെട്ടത് പുനരധിവാസമാണ്. സിമണ്ട് ഗോഡൗണുകളിൽ നിന്ന് മാറ്റണമെന്നും വി.ഡി സതീശൻ ആവശ്യപ്പെട്ടു.

പ്രകോപനം ഉണ്ടാക്കാൻ വേണ്ടിയാണ് ബിഷപ്പിന് എതിരെയും അന്വേഷിക്കാൻ ചെന്നവർക്ക് എതിരെയും കേസ് എടുത്തതെന്ന് വി.ഡി സതീശൻ പറഞ്ഞു. തീരപ്രദേശത്തെ പ്രകോപിപ്പിച്ചു. തീരപ്രദേശത്തെ രാഷ്ട്രീയക്കാരെക്കാൾ ചേർത്ത് പിടിച്ചത് ലത്തീൻ സഭയാണ്. മത മേലധികാരികളാണ്. അദാനി ഹൈക്കോടതിയിൽ ഹർജി നൽകുന്നതിന് നാല് ദിവസം മുമ്പാണ് ബിഷപ്പിൻ്റെ പേരിൽ കേസ് എടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്താൽ അവർ പ്രതികരിക്കും. സമരം തുടങ്ങുന്നതിന് മുമ്പ് തന്നെ സഭയിൽ വിഷയം കൊണ്ട് വന്നതാണ്. തൊഴിൽ നഷ്ടം, മത്സ്യ ലഭ്യതയുടെ കുറവ് ഇവയെല്ലാം കാരണമാണ്.

കാലാവസ്ഥ മാറ്റം വലിയ തോതിൽ പ്രശ്നങ്ങൾ ഉണ്ടാക്കി. ഈ യാഥാർത്ഥ്യങ്ങൾ കൂടി പരിഗണിച്ച് വേണം സമരത്തെ സമീപിക്കേണ്ടത്. സർക്കാർ ലാഘവത്തോടെയാണ് സമരത്തെ കണ്ടതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഒരു ചായ പോലും കുടിക്കാതെയാണ് അവർ സേവനം ചെയ്തത്. അവർ സ്നേഹിച്ചാൽ എന്തും നൽകും. അവരുടെ തീവ്രത കൂടുമെന്ന് ആർക്കാണ് അറിയാത്തതെന്നും വി.ഡി സതീശൻ ചോദിച്ചു.

അദാനി എന്ത് റിപ്പോർട്ടും എഴുതും. ജീവൻ കൊടുത്തും മത്സ്യത്തൊഴിലാളികൾക്ക് ഒപ്പം നിൽക്കും. മത്സ്യ തൊഴിലാളികളുടെ സമരത്തെ പിന്തുണയ്ക്കുന്നു. 140 ദിവസമായിട്ടും മുഖ്യമന്ത്രി സമരക്കാരുമായി ചർച്ച നടത്താത്തത് ഞങ്ങളെ അതിശയിപ്പിക്കുന്നുവെന്ന് വി.ഡി സതീശൻ പറഞ്ഞു. മന്ത്രിമാർക്ക് പ്രശ്നം തീർക്കാൻ കഴിയണം. അതിനുള്ള മാൻഡേറ്റ് ഉണ്ടാകണം. മുഖ്യമന്ത്രി ചർച്ച നടത്തണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.

തുറമുഖ പദ്ധതി ഒഴിവാക്കാനാവില്ലെന്ന് മുസ്ലീംലീഗ് അംഗം പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. തുറമുഖം ഒഴിവാക്കണമെന്ന് ഇവിടെ ആരും പറയുന്നില്ല. സജി ചെറിയാൻ പറഞ്ഞപ്പോ തീരമാണ് കണ്ണീരൊപ്പിയത്. അബ്ദുറഹിമാനെതിരായല്ല അല്ല ആ പരാമർശം. ജാതീയമാണ്. ഭരണഘടനാ വിരുദ്ധമാണ്. മുസ്ലിം ലീഗിൻ്റെ പേരിൽ അതിനെ അപലപിക്കുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഉമ്മൻചാണ്ടി സർക്കാർ 485 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചെങ്കിലും അത് നടപ്പായില്ലെന്ന് സി.പി.ഐ അംഗം മുഹമ്മദ് മുഹ്സിൻ പറഞ്ഞു. 2450 കോടി രൂപ അനുവദിച്ചു വാടക 3000 ആയിരുന്നത് 5500 ആയി ഉയർത്തിയത് ഈ സർക്കാരാണ്. 128 പേരെ കോസ്റ്റൽ പോലീസിൽ നിയമിച്ചു. മുട്ടത്തറ വില്ലേജിലെ 10 ഏക്കറിൽ സ്ഥലം അനുവദിച്ചതിന് ശേഷം ആണ് സമരം. 500 ഫ്ലാറ്റുകൾ നിർമിക്കാനുള്ള അനുമതിയും നൽകിതായും മുഹ്സിൻ ചൂണ്ടിക്കാട്ടി.

യു.ഡി.എഫ് തുറമുഖത്തിന് എതിരല്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഈ പദ്ധതി കൊണ്ട് വന്നത് തങ്ങളാണ്. മത്സ്യത്തൊഴിലാളികളുടെ പ്രശ്‍നം പരിഹരിക്കണം എന്നാണ് നിലപാട്. ആനാവൂർ നാഗപ്പനും വി.വി രാജേഷും കൈകോർത്ത് നടത്തുന്ന സമരം ഈ മത്സ്യത്തൊഴിലാളികൾക്ക് നേരെ സി.പി.എമ്മും ബി.ജെ.പിയും നടത്തുന്ന സമരമായി കാണുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *