Categories
news

മത്സരിക്കാൻ വി.മുരളീധരന്‍ കഴക്കൂട്ടത്തേക്ക്; തീരുമാനം കേന്ദ്ര നേതൃത്വത്തിന്‍റെ പരിഗണനയില്‍; ബി.ജെ.പിയുടെ സാധ്യതകള്‍ ഇങ്ങിനെ

കുമ്മനം രാജശേഖരന് നേമം സീറ്റ് നല്‍കണമെന്ന് ആര്‍.എസ്.എസ് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. കാട്ടാക്കടയില്‍ പി.കെ കൃഷ്ണദാസ് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

കേന്ദ്രമന്ത്രി വി.മുരളീധരന്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് സൂചന. കഴക്കൂട്ടം മണ്ഡലമാണ് പരിഗണിക്കുന്നത്. കേന്ദ്ര നേതൃത്വം അന്തിമ തീരുമാനമെടുക്കും. നെടുമങ്ങാട് എ.പത്മകുമാരായിരിക്കും മത്സരിക്കുക. എസ്.സുരേഷിനെ കോവളത്താണ് പരിഗണിക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് നേടണമെന്നാണ് കേന്ദ്ര നേതൃത്വം കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നത്.

വി.മുരളീധരന്‍ മത്സരരംഗത്തുണ്ടാകുന്നത് ബി.ജെ.പിക്ക് നിയമസഭ തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നാണ് നേതൃത്വത്തിന്‍റെ വിലയിരുത്തല്‍. വി.മുരളീധരന്‍ താമസം കഴക്കൂട്ടത്താണ്. ബി.ജെ.പിയിലെ പ്രധാന നേതാക്കള്‍ തിരുവനന്തപുരം ജില്ലയിലെ മണ്ഡലങ്ങളില്‍ മത്സരിക്കുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. നേമത്തെ മുന്‍ സംസ്ഥാന പ്രസിഡന്റും മിസോറാം ഗവര്‍ണറുമായിരുന്ന കുമ്മനം രാജശേഖരനായിരിക്കും സ്ഥാനാര്‍ത്ഥിയാകുക.

കുമ്മനം രാജശേഖരന് നേമം സീറ്റ് നല്‍കണമെന്ന് ആര്‍.എസ്.എസ് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. കാട്ടാക്കടയില്‍ പി.കെ കൃഷ്ണദാസ് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. വട്ടിയൂര്‍ക്കാവില്‍ വി.വി രാജേഷിനെ പരിഗണിക്കാമെന്ന് നേതൃത്വം അറിയിച്ചിട്ടുണ്ട്. കോവളം വേണ്ടെന്നും നഗരത്തിലെ മണ്ഡലം വേണമെന്നുമാണ് എസ്.സുരേഷിന്‍റെ വാദം. ഇത് പരിഗണിക്കാന്‍ സാധ്യതയില്ല.

0Shares

Leave a Reply

Your email address will not be published. Required fields are marked *