Categories
channelrb special local news news

കോടികൾ ആവശ്യപ്പെട്ട് ബ്ലാക്ക് മെയിൽ ചെയ്‌തെന്ന് സംശയം; പ്രവാസി വ്യാപാരിയുടെ നഗ്ന ചിത്രത്തിന് വയനാട് ബന്ധമെന്ന്, മരണത്തിലെ നിഗൂഢതകൾ നീക്കണമെന്ന് കുടുംബം

ഭർത്താവിൻ്റെ കൂടെ എന്നും ഉണ്ടാകാറുള്ള ഡ്രൈവറുടെ പെരുമാറ്റത്തിൽ പന്തികേട് തോന്നിയ ഭാര്യ

കാഞ്ഞങ്ങാട് / കാസർകോട്: അജാനൂർ പടിഞ്ഞാറേക്കരയിലെ ആത്മഹത്യ ചെയ്‌ത പ്രവാസി വ്യാപാരി അബ്‌ദുൾ ഗഫൂറിൻ്റെ (56) മരണത്തിലുള്ള ദുരൂഹത ഇനിയും നീങ്ങിയില്ല. അബ്‌ദുൾ ഗഫൂറിൻ്റെ നഗ്നചിത്രം അദ്ദേഹത്തിൻ്റെ തന്നെ ഫേസ് ബുക്കിൽ പ്രത്യക്ഷപ്പെട്ടത് മൂന്ന് മാസം മുമ്പാണ്. എട്ട് കോടിയിലധികം രൂപയുടെ ആസ്‌തികളുള്ള ഗഫൂറിനെ പിന്തുടർന്ന് കുടുക്കാൻ ശ്രമിച്ച ആ സുന്ദരി ആരാണ്? ഫേസ് ബുക്ക് നഗ്നചിത്രത്തിന് പിന്നിൽ ഒരു സുന്ദരി ഉൾപ്പെട്ട സംഘത്തിൻ്റെ ഹണി ട്രാപ് സാധ്യതകൾ തെളിഞ്ഞു വരുന്നുണ്ട്.

ഒരു സ്ത്രീയും പുരുഷനും മുറിയിൽ പൂർണ്ണനഗ്നരായി ക്യാമറയിൽ പകർത്തിയ ചിത്രത്തിൽ നിന്ന് സ്ത്രീയുടെ പടം വിദഗ്‌ധമായി മായ്ച്ചാണ് ഗഫൂറിൻ്റെ ഫേസ് ബുക്കിൽ പോസ്റ്റ് വന്നത്. ഹണിട്രാപ്പിൽ പെടുത്തി ചിലർ കോടികൾ ആവശ്യപ്പെട്ട് ബ്ലാക്ക് മെയിൽ ചെയ്‌തതാണ് പ്രവാസിയായ ഗഫൂറിനെ ആത്മഹത്യയിലേക്ക് നയിച്ച കാരണമായി പുറത്തുവരുന്നത്.

ഫേസ് ബുക്കിൽ സ്വന്തം നഗ്നചിത്രം പ്രത്യക്ഷപ്പെട്ടതോടെ, അദ്ദേഹത്തിൻ്റെ സുഹൃത്തുക്കളുടെ പേജുകളിലും ആ ചിത്രം വൈറലായി. ഭാര്യയുടെ ഫേസ് ബുക്കിൽ ഭർത്താവിൻ്റെ പൂർണ്ണകായ നഗ്നചിത്രം പ്രത്യക്ഷപ്പെടുമ്പോൾ, അബ്‌ദുൾ ഗഫൂർ വയനാട്ടിൽ ആയിരുന്നുവെന്നാണ് സൂചന. സംഭവം അറിയിക്കാൻ ഭർത്താവിനെ വിളിച്ചപ്പോൾ, ഫോൺ സ്വിച് ഓഫ് ചെയ്‌ത നിലയിലായിരുന്നു എന്നാണ് ഭാര്യ പറയുന്നത്.

നാലുദിവസം മുമ്പ് ഭർത്താവ് കോഴിക്കോട്ടേക്ക് പോകുന്നുവെന്ന് പറഞ്ഞിട്ടാണ് വീട്ടിൽ നിന്നും പോയത്. പലതവണ വിളിച്ചപ്പോഴും ഫോൺ സ്വിച് ഓഫിലായതിനെ തുടർന്ന് ഗഫൂറിനൊപ്പം പോയിരുന്ന ഡ്രൈവറെ ഭാര്യ വിളിച്ചപ്പോൾ, തങ്ങൾ കോഴിക്കോട്ട് ഉണ്ടെന്ന് പറഞ്ഞതല്ലാതെ കൂടുതലൊന്നും കേൾക്കാനോ പറയാനോ അയാളും തയ്യാറായില്ല.

ഭർത്താവിൻ്റെ കൂടെ എന്നും ഉണ്ടാകാറുള്ള ഡ്രൈവറുടെ പെരുമാറ്റത്തിൽ പന്തികേട് തോന്നിയ ഭാര്യയാണ് തെക്കേപ്പുറത്തെ പൗരപ്രമുഖനും കുടുംബ സുഹൃത്തുമായ ആളെ വിളിച്ച് വിവരം പറയുന്നത്. അപ്പോഴേക്കും അബ്‌ദുൾ ഗഫൂറിൻ്റെ മിക്ക ഫേസ് ബുക്ക് സുഹൃത്തുക്കളുടെ ഫോണിലും നഗ്നചിത്രം കാണാനിടയായി.

കുടുംബ സുഹൃത്ത് നിരന്തരം ഫോണിൽ ബന്ധപ്പെട്ടതിന് ശേഷമാണ് ഗഫൂറിനെ അന്ന് സംസാരിക്കാൻ കിട്ടിയത്. കോഴിക്കോട്ടുണ്ടെന്ന് പറഞ്ഞതനുസരിച്ച് അദ്ദേഹവും, ഗഫൂറിൻ്റെ മറ്റൊരു കുടുംബ സുഹൃത്തായ തെക്കേപ്പുറം സ്വദേശിയും അന്ന് ഉച്ചയ്ക്ക് മംഗളൂരു– കോയമ്പത്തൂർ ഇൻ്റെർസിറ്റി ട്രെയിനിൽ കോഴിക്കോട്ടേക്ക് തിരിച്ചു. യാത്രയിൽ നിരന്തരം ഫോണിൽ വിളിച്ചുവെങ്കിലും കിട്ടിയില്ല. പിന്നീട് കാൾ കിട്ടിയപ്പോൾ കോഴിക്കോട്ടേക്ക് വരുന്നുണ്ടെന്ന് പറഞ്ഞുവെങ്കിലും ഗഫൂർ കൂടുതൽ ഒന്നും മിണ്ടിയിരുന്നില്ല.

എവിടെയാണ് ഇപ്പോഴുള്ളതെന്ന് ചോദിച്ചപ്പോൾ, കോഴിക്കോട്ടുണ്ടെന്ന് മാത്രമാണ് വെളിപ്പെടുത്തിയത്. തങ്ങൾ കോഴിക്കോട്ടേക്കുള്ള ട്രെയിനിൽ ആണുള്ളതെന്ന് പറഞ്ഞപ്പോൾ, നാല് മണിക്ക് എത്താമെന്ന് പറഞ്ഞ അബ്‌ദുൾ ഗഫൂർ അന്ന് കോഴിക്കോട്ടെ ഹോട്ടലിലെത്തിയത് വൈകുന്നേരം 6.30ന് ശേഷമാണ്.

അബ്‌ദുൾ ഗഫൂറിൻ്റെ ഡ്രൈവറും കൂടെ ഉണ്ടായിരുന്നു. അന്ന് രാത്രി മുഴുവനും ഫേസ് ബുക്കിൽ വന്ന ചിത്രത്തെ കുറിച്ച് ചോദിച്ചിട്ടും, ഗഫൂർ കുടുംബ സുഹൃത്തുക്കളോട് ഒന്നും തുറന്നു വെളിപ്പെടുത്തിയില്ല.

ആരാണ് അബ്‌ദുൽ ഗഫൂറിനെ ബ്ലാക്ക് മെയിൽ ചെയ്‌ത്‌ പിന്തുടർന്നത് എന്ന ചോദ്യം ഇനിയും ബാക്കിയാണ്. പിന്നിൽ വൻ ഹണിട്രാപ് സംഘമാണോ എന്നാണ് ബലമായ സംശയം. സംഭവത്തിൽ പോലീസ് അന്വേഷണം നടക്കുന്നുണ്ടെങ്കിലും പുരോഗതികൾ ഒന്നും ഉണ്ടായിട്ടില്ല. മരണത്തിലെ നിഗൂഢതകൾ പുറത്തു വരണമെന്നാണ് കുടുംബത്തിൻ്റെ ആവശ്യം.

ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെല്‍പ് ലൈന്‍ നമ്പറുകള്‍: പ്രതീക്ഷ (കൊച്ചി ) 04842448830, മൈത്രി ( കൊച്ചി ) 04842540530, ആശ്ര (മുംബൈ) 02227546669, സ്നേഹ (ചെന്നൈ ) 04424640050, സുമൈത്രി -(ഡല്‍ഹി ) 01123389090, കൂജ് (ഗോവ ) 0832 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)

0Shares

Leave a Reply

Your email address will not be published. Required fields are marked *