Categories
local news

പച്ചതുരുത്ത്; വൃക്ഷതൈകൾ നട്ടുപിടിപ്പിച്ച് എട്ടാം ക്ലാസുകാരൻ മാതൃകയായി

തൊഴിലുറപ്പ് തൊഴിലാളികളുടെ സഹകരണത്തോടെ പരിസ്ഥിതി ദിനംമുതൽ പഞ്ചായത്തിന്‍റെ വിവിധ സ്ഥലങ്ങളിൽ ഫലവൃക്ഷ തൈകൾ വച്ചു പിടിപ്പിച്ചു വരികയാണ്.

കുറ്റിക്കോൽ / കാസർകോട്: നഷ്ടമാകുന്ന പച്ചപ്പ്‌ തിരിച്ചുപിടിക്കാനുള്ള കുറ്റിക്കോൽ ഗ്രാമപഞ്ചായത്തിന്‍റെ പച്ചത്തുരുത്ത് പ്രവർത്തന പദ്ധതിയുടെ ഭാഗമായി ഞെരു, കുളിയൻപാറ ദേവസ്ഥാന പരിസരത്ത് വൃക്ഷതൈകൾ നട്ടുപിടിപ്പിച്ചു. കുറ്റിക്കോൽ ഗവ: ഹൈസ്കൂളിലെ എട്ടാംക്ലാസ് വിദ്യാർത്ഥിയായ സുദർശനൻ ആണ് നെല്ലി, ബദാം, തുടങ്ങിയ 25 ഓളം തൈകൾ പച്ചതുരുത്തിലുംസ്വന്തം ഭൂമിയിലും നട്ട് പിടിപ്പിച്ച് മാതൃകയായത്. തൊഴിലുറപ്പ് തൊഴിലാളികളുടെ സഹകരണത്തോടെ പരിസ്ഥിതി ദിനംമുതൽ പഞ്ചായത്തിന്‍റെ വിവിധ സ്ഥലങ്ങളിൽ ഫലവൃക്ഷ തൈകൾ വച്ചു പിടിപ്പിച്ചു വരികയാണ്.

പ്രാദേശിക ജൈവ വൈവിധ്യ സംരക്ഷണം ലക്ഷ്യമിട്ട് ഹരിതാഭ ഭൂപ്രകൃതി സൃഷ്ടിക്കാന്‍ ഹരിതകേരളം മിഷന്‍റെ പച്ചത്തുരുത്ത് പദ്ധതിക്ക് 2019 ലെ ലോക പരിസ്ഥിതി ദിനത്തിലാണ് സംസ്ഥാനത്ത് തുടക്കം കുറിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനാണ് അന്ന് പദ്ധതി ഉദ്ഘാടനം ചെയ്തത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് ഇതിനായി സ്ഥലങ്ങള്‍ കണ്ടെത്തിയത്. സര്‍ക്കാര്‍/സ്വകാര്യ സ്ഥാപനങ്ങളുടെ ഭൂമി, പുറമ്പോക്കുകള്‍, നഗര ഹൃദയങ്ങളിലും മറ്റും ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളെല്ലാം പച്ചത്തുരുത്ത് സ്ഥാപിക്കുന്നതിന് അനുയോജ്യമായ സ്ഥലങ്ങളാണ്. ചുരുങ്ങിയത് അരസെന്‍റ് മുതല്‍ കൂടുതല്‍ വിസ്തൃതിയുള്ള ഭൂമിയില്‍ പച്ചത്തുരുത്തുകള്‍ സ്ഥാപിക്കാം.

കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ദോഷഫലങ്ങള്‍ കുറയ്ക്കുന്നതിനും ഹരിത ഗൃഹവാതകങ്ങളുടെ സാന്നിധ്യം കൊണ്ടുണ്ടാകുന്ന ആഗോള താപനത്തെ ചെറുക്കുന്നതിനും പച്ചത്തുരുത്തുകള്‍ക്ക് നിര്‍ണായക പങ്ക് വഹിക്കാനാകും. അന്തരീക്ഷത്തിലെ അധിക കാര്‍ബണിനെ ആഗിരണം ചെയ്ത് സംഭരിച്ച് സൂക്ഷിക്കുന്ന കാര്‍ബണ്‍ കലവറകളായി വര്‍ത്തിക്കുന്ന പച്ചത്തുരുത്തുകള്‍ പ്രാദേശിക ജൈവവൈവിധ്യ സംരക്ഷണവും ഉറപ്പാക്കുമെന്ന അറിവാണ് സ്കൂൾ കുട്ടികളെയും ഈ ഉദ്യമത്തിലേക്ക് ആകർഷിക്കുന്നത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *