Categories
channelrb special news

ജീവൻ വെടിഞ്ഞും രണ്ടുപേരുടെ ജീവൻ രക്ഷിക്കാൻ കാണിച്ച ധൈര്യം; രക്ഷാപ്രവർത്തനിടയിൽ വിദ്യാർത്ഥി ഉൾപ്പെടെ മൂന്നുപേർ ഒഴുക്കിൽ മരിച്ചത് നാടിനെ ദുഃഖത്തിലാക്കി, വർധിക്കുന്ന വേനലവധിയിലെ മുങ്ങിമരണങ്ങൾ

കർണാടകയിലെ മലനിരകളിൽ നിന്നുമാണ് ചന്ദ്രഗിരി പുഴ ഉത്ഭവിക്കുന്നത്. കാലവർഷത്തിൽ കരകവിഞ്ഞൊഴുകുന്ന പയസ്വിനി ഭയാനകമായി കുത്തിയൊഴുകും

പീതാംബരൻ കുറ്റിക്കോൽ

കാസർകോട്: സ്വന്തം ജീവൻ വെടിഞ്ഞും പുഴയുടെ ആഴങ്ങളിൽ നിന്നും രണ്ട്‌ ജീവനുകളെ രക്ഷിക്കാൻ വെള്ളത്തിലേക്ക് ചാടിയ വിദ്യാർത്ഥിയുടെ ആത്മധൈര്യം എക്കാലത്തും നാട്ടുകാർ ഓർമ്മിക്കും. തിങ്കളാഴ്ച ഉച്ചയോടെയാണ് പയസ്വിനി പുഴയുടെ ചൊട്ട ഭാഗത്തുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചത്. കുണ്ടംകുഴി ഗദ്ദേമൂലയിലെ ചന്ദ്രാജിയുടെ മകന്‍ നിധിൻ, ഭാര്യ ദീക്ഷ, ഇവരുടെ ജ്യേഷ്ടൻ്റെ മകന്‍ മനീഷ് എന്നിവരാണ് ദാരുണമായി മരിച്ചത്. കുണ്ടംകുഴി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ കന്നട വിഭാഗത്തിലെ പത്താംതരം വിദ്യാർത്ഥിയാണ് മനീഷ്. നിധിന്‍- ദീക്ഷ ദമ്പതികള്‍ക്ക് മൂന്നുവയസുള്ള ഒരു കുട്ടിയുണ്ട്.

രക്ഷപ്പെടാനായില്ല, ചതിച്ചുഴിയിൽ നിന്നും

കുട്ടികളുൾപ്പെടെ ഒമ്പതോളം പേരാണ് വീട്ടിൽ നിന്നും പുഴകാണാനും കുളിക്കാനും പോയത്. പ്രവാസിയായ നിതിൻ ഒരുമാസം മുമ്പാണ് അവധിയിൽ നാട്ടിലെത്തിയത്. കുടുംബാംഗങ്ങൾക്കൊപ്പം പുഴ കാണാനെത്തിയ നിധിന്‍ പുഴയില്‍ ഇറങ്ങി കുളിക്കുന്നതിനിടെ നീന്തൽ അറിയാത്ത ഭാര്യ ദീക്ഷ കാൽവഴുതി വീണ് ആഴത്തിലേക്ക് മുങ്ങി. ഉടനെ നിധിന്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഇരുവരും ആഴങ്ങളിലേക്ക് താഴ്ന്നു പോയി. അതിനിടെ 16കാരനായ മനീഷും പുഴയിലേക്ക്‌ എടുത്ത് ചാടി. മൂന്നുപേരും വെള്ളത്തില്‍ മുങ്ങിത്താഴ്ന്നതോടെ കൂടെയുണ്ടായിരുന്നവർ നാട്ടുകാരെ വിളിച്ചു വരുത്തുകയായിരുന്നു. ഫയര്‍ഫോഴ്സും പൊലീസും നാട്ടുകാരുടെ സഹായത്തോടെ ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിൽ സന്ധ്യയോടെ മൂന്നുപേരുടെയും മൃതദേഹങ്ങൾ കരയ്‌ക്കെടുക്കുകയായിരുന്നു. ഒരു കുടുംബത്തിലെ മൂന്നുപേരുടെ മരണം നാടിനെയാകെ ദുഃഖത്തിലാക്കി.

പയസ്വിനിയും കരകവിയും

സ്കൂൾ അവധിക്കാലത്തെ ആഘോഷങ്ങളിലെ അപകടങ്ങള്‍ എല്ലാക്കാലത്തും വേദനയുണ്ടാക്കുന്നതാണ്. പ്രത്യേകിച്ച്‌ സ്കൂൾ കുട്ടികൾ മരിക്കുമ്പോൾ സഹപാഠികളുടെ തേങ്ങലുകളും കണ്ടുനിൽക്കുന്നവർ സഹിക്കണം. കർണാടകയിലും ജില്ലയുടെ കിഴക്കൻ മലനിരകളിലും കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴയുണ്ടായിരുന്നു. പയസ്വിനി പുഴയിൽ ജലനിരപ്പ് ഉയർന്നതും നീരൊഴുക്ക് കൂടിയതും അപകടത്തിന് ആക്കംകൂട്ടി. ജില്ലയിലെ അതിവേഗതയിൽ ഒഴുകുന്ന എറ്റവും വലിയ നദിയാണ് ചന്ദ്രഗിരി പുഴ അഥവാ പയസ്വിനി. കർണാടകയിലെ മലനിരകളിൽ നിന്നുമാണ് ചന്ദ്രഗിരി പുഴ ഉത്ഭവിക്കുന്നത്. കാലവർഷത്തിൽ കരകവിഞ്ഞൊഴുകുന്ന പയസ്വിനി ഭയാനകമായി കുത്തിയൊഴുകും.

മുങ്ങിമരണങ്ങൾ വേനലവധിയിലും


വേനലവധി ആയതോടെ മുങ്ങി മരണങ്ങളുടെ എണ്ണവും സംസ്ഥാനത്ത് വർധിച്ചിട്ടുണ്ട്. ബോധവത്കരണങ്ങൾ ഉണ്ടെങ്കിലും പലപ്പോഴും ഇവ പാഴാവുകയാണ് പതിവ്. ഇത്തരത്തിൽ കേരളത്തിലെ മുങ്ങി മരണങ്ങൾ സംബന്ധിച്ച് ഐക്യരാഷ്ട്രസഭ ജി 20 പദ്ധതി ഡയറക്ടറും ദുരന്ത നിവാരണ വിദഗ്ധനുമായ മുരളി തുമ്മാരുക്കുടി കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിരുന്നത് ഇങ്ങനെ:

ഓരോ വേനലവധിക്കാലവും എനിക്ക് പേടിയുടെ കാലം കൂടിയാണ്. ഒന്നും രണ്ടും മൂന്നുമായി കുട്ടികളുടെ മുങ്ങിമരണങ്ങളുടെ റിപ്പോർട്ടുകൾ വന്നു തുടങ്ങി. ഈ വേനലവധി അവസാനിക്കുന്നതിന് മുൻപേ ഇരുന്നൂറോളം ആളുകൾ മുങ്ങി മരിച്ചിരിക്കും, അതിൽ കൂടുതലും കുട്ടികൾ ആയിരിക്കും. റോഡപകടങ്ങൾ കഴിഞ്ഞാൽ കേരളത്തിൽ ഏറ്റവുമധികം പേർ മരിക്കുന്നത് വെള്ളത്തിൽ മുങ്ങിയാണ്. ഓരോ വർഷവും ആയിരത്തി ഇരുന്നൂറിലധികം ആളുകളാണ് മുങ്ങിമരിക്കുന്നത്. എന്നാൽ റോഡപകടത്തെപ്പറ്റി ഏറെ വിവരങ്ങൾ, അതായത് എത്ര അപകടം ഉണ്ടായി, എത്ര പേർക്ക് പരിക്കു പറ്റി, എത്രപേർ മരിച്ചു, ഏതൊക്കെ മാസങ്ങളിലാണ് കൂടുതൽ അപകടങ്ങൾ ഉണ്ടാകുന്നത് എന്നിങ്ങനെയുള്ള വിവരങ്ങൾ കേരളാ പോലീസിൻ്റെ വെബ് സൈറ്റിലുണ്ട്. എന്നാൽ മുങ്ങിമരണത്തെക്കുറിച്ച് ഇത്തരം വിവരങ്ങളൊന്നും ലഭ്യമല്ല. ഇതിനൊരു കാരണം ഉണ്ട്. മുങ്ങിമരണം എന്നത് കേരളത്തിലെ സുരക്ഷാ നിർവഹണ രംഗത്തെ ഒരു അനാഥ പ്രേതമാണ്. ഇതിനെപ്പറ്റി വിവരങ്ങൾ ശേഖരിക്കുന്നില്ല എന്നതോ പോകട്ടെ, ഇതിനെതിരെ ബോധവൽക്കരണം നടത്താൻ റോഡ് സുരക്ഷാ അതോറിറ്റി പോലെ ഒരു അതോറിറ്റിയോ റോഡ് സുരക്ഷക്കുള്ളത് പോലെ ഒരു ഫണ്ടോ ഇല്ല എന്നതാണ് യാഥാർഥ്യം. തുടങ്ങിയ കാര്യങ്ങളാണ് മുരളി തുമ്മാരുക്കുടി ഫേസ്ബുക്ക് പോസ്റ്റിൽ വിശദീകരിക്കുന്നത്.

ഫോട്ടോ ഷൂട്ടും അപകടങ്ങളും

സെൽഫിയും ഫോട്ടോ ഷൂട്ടും എടുക്കുന്നതിനിടയിൽ ഉണ്ടാകുന്ന അപകടങ്ങൾ സർവ്വസാധാരണമായിരിക്കുന്നു. ഫോട്ടോ വ്യത്യസ്തമാക്കാൻ അപകടകരമായ സ്ഥലങ്ങളും സാഹചര്യങ്ങളുമാണ് പലരും തിരഞ്ഞെടുക്കുന്നത്. ഇതാണ് അപകടങ്ങൾക്ക് ഇടയാക്കുന്നത്. അപകടകരമായ രീതിയിൽ സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടയിൽ മരണം സംഭവിച്ച ചെറുപ്പക്കാരുടെ എണ്ണവും കുറവല്ല. നീന്തലറിയാത്ത വധൂവരന്മാരെ ജലാശയങ്ങളിൽ തോണികളിലും ബോട്ടിൽ കയറ്റി കടലിലും കൊണ്ടുപോയി ഫോട്ടോ ഷൂട്ട് നടത്താറുണ്ട്. കുന്നും മലയും കയറിയുള്ള ഫോട്ടോ ഷൂട്ടുകളും കുറവല്ല. പുഴകളിലെയും തോടുകളിലെയും അപകടങ്ങള്‍ സംഭവിക്കാന്‍ ഇടയുള്ള പ്രദേശങ്ങളിൽ കൂടുതല്‍ ജാഗ്രത എല്ലാവർക്കും ആവശ്യമാണ്.

0Shares

1 reply on “ജീവൻ വെടിഞ്ഞും രണ്ടുപേരുടെ ജീവൻ രക്ഷിക്കാൻ കാണിച്ച ധൈര്യം; രക്ഷാപ്രവർത്തനിടയിൽ വിദ്യാർത്ഥി ഉൾപ്പെടെ മൂന്നുപേർ ഒഴുക്കിൽ മരിച്ചത് നാടിനെ ദുഃഖത്തിലാക്കി, വർധിക്കുന്ന വേനലവധിയിലെ മുങ്ങിമരണങ്ങൾ”

Leave a Reply

Your email address will not be published. Required fields are marked *