Categories
local news news

കാർ ചോദിച്ചിട്ട് നല്‍കാത്ത വിരോധത്തില്‍ അടിച്ചു തകര്‍ത്ത് ഉടമയെ അക്രമിച്ചു; നിരവധി കേസുകളില്‍ പ്രതികളായ രണ്ടുപേര്‍ അറസ്റ്റില്‍

ഗുണ്ടാ സംഘങ്ങള്‍ക്കെതിരെ വിലങ്ങിടാന്‍ പൊലീസ്

കുമ്പള / കാസർകോട്: കാര്‍ ചോദിച്ചിട്ട് നല്‍കാത്തതിൻ്റെ വിരോധത്തില്‍ പത്തംഗ സംഘം കാര്‍ അടിച്ചു തകര്‍ക്കുകയും വീട്ടുടമയെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്‌തു. സംഭവത്തില്‍ നിരവധി കേസുകളില്‍ പ്രതികളായ രണ്ടുപേരെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്‌തു. എട്ടുപേരെ പിടികൂടാൻ അന്വേഷണം തുടങ്ങി. പച്ചമ്പളയിലെ അബ്ദുല്‍ ഇര്‍ഷാദ് എന്ന ലുട്ടാപ്പി ഇര്‍ഷാദ് (33), ഉപ്പളയിലെ സുഹൈല്‍ (23) എന്നിവരെയാണ് കുമ്പള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഇ.അനൂപ് കുമാര്‍, എസ്.ഐ. വി.കെ അനീഷ് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്‌തത്. മിയാപദവിലെ റഹീം, ലത്തീഫ്, അമ്മി എന്നിവരടക്കം എട്ടുപേരെയാണ് അന്വേഷിച്ചു വരുന്നത്.

പിടിയിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി. ഇവരെ റിമാണ്ട് ചെയ്‌തു. അടുക്ക ബൈദലയിലെ മുജീബ് റഹ്മാൻ്റെ പരാതിയിലാണ് കേസ്.

അക്രമി സംഘത്തിലെ ഒരാള്‍ മുജീബ് റഹ്മാനോട് കാര്‍ ചോദിച്ചിരുന്നുവെന്നും നല്‍കാത്തതിൻ്റെ വിരോധത്തില്‍ 12ന് രാത്രി ഇര്‍ഷാദിൻ്റെ നേതൃത്വത്തിലുള്ള സംഘം വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ആള്‍ട്ടോ കാറിൻ്റെ ഗ്ലാസുകള്‍ അടിച്ചു ത്തകര്‍ക്കുകയും ചെയ്‌തുവെന്നാണ് പരാതി. ശബ്ദം കേട്ട് വീട്ടില്‍ നിന്ന് ഇറങ്ങി വന്ന് ചോദ്യം ചെയ്‌തപ്പോള്‍ മുജീബ് റഹ്മാനെ ചവിട്ടി താഴെയിട്ട് മര്‍ദ്ദിക്കുകയായിരുന്നുവെന്നും പരാതിയുണ്ട്.

തട്ടിക്കൊണ്ടു പോകല്‍, കത്തി കാട്ടി ഭീഷണിപ്പെടുത്തി പണം തട്ടല്‍, ഗുണ്ടാ വിളയാട്ടം തുടങ്ങിയ ഏഴ് കേസുകളിലെ പ്രതിയാണ് ഇര്‍ഷാദെന്ന് പൊലീസ് പറഞ്ഞു. സുഹൈല്‍ അഞ്ചോളം കേസുകളില്‍ പ്രതിയാണ്. സംഘത്തില്‍പ്പെട്ട മിയാപ്പദവിലെ റഹീം 20 ലേറെ കേസുകളിലും അമ്മി പത്തോളം കേസുകളിലും മറ്റുള്ളവരും നിരവധി കേസുകളില്‍ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.

പ്രദേശത്ത് അക്രമങ്ങള്‍ വര്‍ധിച്ചതോടെയാണ് ഗുണ്ടാ സംഘങ്ങള്‍ക്കെതിരെ വിലങ്ങിടാന്‍ പൊലീസ് തീരുമാനിച്ചത്. രാത്രി കാലങ്ങളില്‍ പരിശോധന കര്‍ശനമാക്കുകയും അര്‍ധരാത്രി സംശയ സാഹചാര്യത്തില്‍ കാണുന്നവരെയും വാഹനങ്ങളെയും കസ്റ്റഡിയിലെടുക്കുമെന്നും പോലീസ് പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *