Categories
local news news obitury

വെള്ളക്കെട്ടില്‍ വീണ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി; അപകടം അമ്മയും ബന്ധുക്കളും നോക്കി നില്‍ക്കെ, ദുഃഖത്താൽ അയല്‍വാസി ഹൃദയാഘാതം മൂലം മരിച്ചു

ആലപ്പുഴ സ്വദേശികളായ സെബാസ്റ്റ്യനും കുടുംബവും പത്തുവര്‍ഷം മുമ്പാണ് ബങ്കളത്തെത്തിയത്

കാഞ്ഞങ്ങാട് / കാസർകോട്: അമ്മയും ബന്ധുക്കളും നോക്കി നില്‍ക്കെ വെള്ളക്കെട്ടില്‍ വീണ് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. കുട്ടി വെള്ളക്കെട്ടില്‍ വീണ സംഭവമറിഞ്ഞ് അയല്‍വാസിയായ വീട്ടമ്മ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ബങ്കളം പാല്‍ സൊസൈറ്റിക്ക് സമീപത്തെ ജമാഅത്ത് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന സെബാന്‍ എന്ന സെബാസ്റ്റ്യൻ്റെ മകന്‍ ആല്‍ബിന്‍ സെബാസ്റ്റ്യ(16)ൻ്റെ മൃതദേഹമാണ് ചൊവാഴ്‌ച രാവിലെ ഒമ്പത് മണിയോടെ കണ്ടെത്തിയത്.

ആല്‍ബിനെ കാണാതായത് മുതല്‍ അസ്വസ്ഥ പ്രകടിപ്പിച്ചിരുന്ന അയല്‍വാസിയും വെള്ളകെട്ടിന് സമീപത്തെ താമസക്കാരിയുമായ വിലാസിനിയാണ് (65) ചൊവാഴ്‌ച രാവിലെയാണ് മരിച്ചത്. പരേതനായ കുഞ്ഞമ്പുവിൻ്റെ ഭാര്യയാണ്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് വിലാസിനിയെ നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. തിങ്കളാഴ്‌ച വൈകിട്ട് അഞ്ചരയോടെയാണ് നീന്തുന്നതിനിടെ ആല്‍ബിനെ വെള്ളക്കെട്ടില്‍ കാണാതായത്.

ഈ സമയം അമ്മ ദീപയും ബന്ധുക്കളും വെള്ളക്കെട്ടിന് സമീപത്ത് ഇരിക്കുകയായിരുന്നു. ഇവരുടെ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ഉടന്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. രാത്രി വൈകുവോളം നാട്ടുകാരും അഗ്‌നിരക്ഷാ സേനയും പൊലീസും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വെളിച്ചക്കുറവ് കാരണം തിരച്ചില്‍ അവസാനിപ്പിക്കുകയായിരുന്നു. രാവിലെ ആറരയോടെയാണ് തിരച്ചില്‍ പുനരാരംഭിച്ചത്.

ജില്ലയിലെ അഗ്‌നിരക്ഷാസേനയിലെ സ്‌കൂബ ടീം അംഗങ്ങള്‍ക്ക് പുറമെ കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള അഗ്‌നിരക്ഷാസേനയുടെ അഞ്ച് സ്‌കൂബാ ഡൈവേഴ്‌സ് ടീമും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. നീലേശ്വരം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയതിന് ശേഷം ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

കോട്ടയത്തുനിന്നും ബന്ധുക്കൾ എത്തേണ്ടതിനാല്‍ ആല്‍ബിൻ്റെ മൃതദേഹം പിന്നീട് മാവുങ്കാല്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. ബുധനാഴ്‌ച രാവിലെ ഒമ്പത് മണിക്ക് ഉപ്പിലിക്കൈ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിലും 10 മണിക്ക് കക്കാട് ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിലും പൊതുദര്‍ശനത്തിന് വെച്ചശേഷം 11 മണിക്ക് വീട്ടിലേക്ക് കൊണ്ടുപോകും. സെബാസ്റ്റ്യന്‍- ദീപ ദമ്പതികളുടെ ഏക മകനാണ് ആല്‍ബിന്‍.

ആലപ്പുഴ സ്വദേശികളായ സെബാസ്റ്റ്യനും കുടുംബവും പത്തുവര്‍ഷം മുമ്പാണ് ബങ്കളത്തെത്തിയത്. എരിക്കുളത്തെ ഓയില്‍കമ്പനിയിലെ ജീവനക്കാരനാണ് സെബാസ്റ്റ്യന്‍. ആല്‍ബിന്‍ കക്കാട്ട് ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നിന്നും പത്താം ക്ലാസ് മുഴുവന്‍ എ പ്ലസോടെ വിജയിച്ച് ഉപ്പിലിക്കൈ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പ്ലസ് വണ്ണിന് പഠിക്കുകയാണ്.

0Shares

Leave a Reply

Your email address will not be published. Required fields are marked *