Categories
Kerala news

ഇന്ധന സെസിൽ തീ കൊണ്ടുള്ള പ്രതിഷേധം; യൂത്ത് കോൺഗ്രസ് നിയമസഭാ മാർച്ചിനിടെ ബൈക്ക് കത്തിച്ചു, നാല് എം.എല്‍.എമാർ സത്യഗ്രഹം തുടങ്ങി

പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി

തിരുവനന്തപുരം: ഇന്ധന സെസിനെതിരെ യൂത്ത് കോൺഗ്രസ് നിയമസഭയിലേക്ക് മാർച്ച് നടത്തി. ഇതിനിടെ, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബൈക്ക് കത്തിച്ച് പ്രതിഷേധിച്ചു. ബൈക്ക് കൊണ്ടു വന്ന് നിയമസഭയ്ക്ക് മുന്നിലിട്ട് കത്തിക്കുകയായിരുന്നു. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ജലപീരങ്കി ഉപയോഗിച്ചു.

പ്രതിഷേധക്കാര്‍ നിയമസഭക്ക് മുന്നില്‍ റോഡ് ഉപരോധിച്ചു. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. അക്രമാസക്തരായ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇതിനിടെ, ഇന്ധന സെസിലും നികുതി വര്‍ധനവിലും പ്രതിഷേധിച്ച് നാല് യു.ഡി.എഫ് എം.എൽ.എമാർ സഭാ കവാടത്തിൽ അനിശ്ചിതകാല സത്യഗ്രഹമാരംഭിച്ചു.

ബജറ്റിനെതിരെ പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുകയാണ്. പ്ലക്കാർഡുമായാണ് പ്രതിപക്ഷം അംഗങ്ങൾ സഭയിലെത്തിയത്. ചോദ്യോത്തര വേളയുടെ തുടക്കത്തിൽ തന്നെ പ്രതിപക്ഷം പ്രതിഷേധം ഉയത്തി. വെള്ളക്കരം വർധിപ്പിച്ചത് അടക്കമുള്ള വിഷയങ്ങൾ പറഞ്ഞാണ് പ്രതിപക്ഷ പ്രതിഷേധം. ഷാഫി പറമ്പിൽ, സി.ആർ മഹേഷ്, മാത്യു കുഴൽ നാടൻ, നജീബ് കാന്തപുരം എന്നിവരാണ് സത്യഗ്രഹമിരിക്കുന്നത്. ബജറ്റ് പൊതു ചർച്ചക്ക് മുമ്പേയാണ് പ്രതിപക്ഷം സമരം പ്രഖ്യാപിച്ചത്.

നിയമസഭക്ക് പുറത്തും വലിയ തോതിൽ സമരം നടത്താനാണ് യു.ഡി.എഫ് തീരുമാനം. ചൊവാഴ്‌ച എല്ലാ കലക്ടറേറ്റുകളിലേക്കും സെക്രട്ടറിയേറ്റിലേക്കും കോൺഗ്രസ് മാർച്ച് സംഘടിപ്പിക്കും. 13ന് യു.ഡി.എഫ് ജില്ല കേന്ദ്രങ്ങളിൽ രാപ്പകൽ സമരം നടത്തും. ശക്തമായ സമരത്തിലൂടെ ബജറ്റിൽ പ്രഖ്യാപിച്ച നികുതി വർധനയും സെസും പിൻവലിപ്പിക്കാനാണ് പ്രതിപക്ഷ തീരുമാനം.

0Shares

Leave a Reply

Your email address will not be published. Required fields are marked *