Categories
Kerala news

എം.എല്‍.എക്ക് എതിരായ പീഢന പരാതി സത്യസന്ധമെന്ന് പരാതിക്കാരി; എല്‍ദോസുമായി പത്ത് വര്‍ഷത്തെ പരിചയം, കേസ് പിന്‍വലിക്കാന്‍ വാഗ്ദാനം നല്‍കിയത് മുപ്പത് ലക്ഷം

എം.എൽ.എ രാജിവെക്കണം എന്നാവശ്യപ്പെട്ട് പ്രതിഷേധം ഉയർന്നു

തിരുവനന്തപുരം: പെരുമ്പാവൂര്‍ എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളിയുമായി പത്ത് വര്‍ഷത്തെ പരിചയമുണ്ടെന്നും കഴിഞ്ഞ ജൂലൈ മുതലാണ് അടുത്ത ബന്ധം തുടങ്ങിയതെന്നും പരാതിക്കാരി.
തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. മോശം പെരുമാറ്റം തുടങ്ങിയതോടെ ബന്ധത്തില്‍ നിന്ന് അകലാന്‍ ശ്രമിച്ചു. ഇതോടെ മദ്യപിച്ച്‌ വീട്ടിലെത്തി ഉപദ്രവം തുടങ്ങി. ആദ്യം പരാതി നല്‍കിയത് വനിത സെല്ലിലായിരുന്നു. പിന്നീടാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണര്‍ക്ക് പരാതി നല്‍കിയതെന്നും അവര്‍ പറഞ്ഞു.

എം.എല്‍.എക്കെതിരായ പീഡന പരാതി സത്യസന്ധമാണ്. കേസ് പിന്‍വലിക്കാന്‍ മുപ്പത് ലക്ഷം രൂപ വാഗ്ദാനം ചെയ്തു. ഇത് വേണ്ടെന്ന് പറഞ്ഞപ്പോള്‍ പെരുമ്പാവൂരിലുള്ള മുന്‍ വാര്‍ഡ് മെമ്പറായ ഒരു സ്ത്രീ വിളിച്ചു ഭീഷണിപ്പെടുത്തി. പൊലീസുകാരനെ കൊണ്ട് വിളിപ്പിച്ചും ഭീഷണിയുണ്ടായി. വീണ്ടും ബുദ്ധിമുട്ടിച്ചപ്പോഴാണ് പരാതി നല്‍കിയത്.

14ാം തീയതി വീട്ടില്‍ വന്ന് കോവളത്തേക്ക് കൂട്ടിക്കൊണ്ടു പോയത് എം.എല്‍.എയാണ്. ഇവിടെവെച്ച്‌ തന്നെ പരസ്യമായി ഉപദ്രവിക്കുന്നത് കണ്ട് നാട്ടുകാര്‍ ഓടിക്കൂടി. പൊലീസും സ്ഥലത്തെത്തി. എന്നാല്‍, ഭാര്യയാണെന്ന് പറഞ്ഞ് എം.എല്‍.എ രക്ഷപ്പെട്ടു. മര്‍ദനത്തില്‍ പരിക്കേറ്റ തന്നെ എം.എല്‍.എ തന്നെയാണ് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ കൊണ്ടുപോയത്.

എം.എല്‍.എയുടെ ഫോണ്‍ തൻ്റെ കൈയിലില്ല. ഫോണ്‍ എൻ്റെ കൈയിലാണെങ്കില്‍ അദ്ദേഹം തനിക്കെതിരെ പരാതി നല്‍കാത്തത് എന്തുകൊണ്ടാണ്? കോടതിയില്‍ നല്‍കിയ മൊഴിയില്‍ താന്‍ ഉറച്ചുനില്‍ക്കും. കേസെടുത്ത ശേഷം മാധ്യമങ്ങളെ വീണ്ടും കാണും. കൂടുതല്‍ കാര്യങ്ങള്‍ പറയാനുണ്ടെന്നും അവര്‍ പറഞ്ഞു.

സെപ്റ്റംബര്‍ 14ന് കോവളത്തുവെച്ച്‌ എം.എല്‍.എ മര്‍ദിച്ചതായി 28നാണ് തിരുവനന്തപുരം പേട്ടയില്‍ താമസിക്കുന്ന ആലുവ സ്വദേശിനിയായ അധ്യാപിക സിറ്റി പൊലീസ് കമീഷണര്‍ക്ക് പരാതി നല്‍കിയത്. കമീഷണര്‍ ഇത് കോവളം പൊലീസിന് കൈമാറി. ‌‌‌

ഡി.വൈ.എഫ്.ഐയുടെ പ്രതിഷേധം

തിങ്കളാഴ്‌ച വൈകീട്ട് സ്റ്റേഷനില്‍ ഹാജരായ യുവതിയെ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. കേസിൻ്റെ വിശദാംശങ്ങള്‍ കോടതി കോവളം പൊലീസിനോട് ആവശ്യപ്പെട്ടു.

എല്‍ദോസിനെതിരെ സ്ത്രീയെ തട്ടിക്കൊണ്ടുപോയി മര്‍ദിക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, വീട്ടില്‍ അതിക്രമിച്ചു കടക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കോവളം പൊലീസ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. കോവളം പൊലീസിനെതിരെയും ആരോപണം ഉള്ളതിനാല്‍ ജില്ല ക്രൈംബ്രാഞ്ചിന് കേസ് കൈമാറും.

0Shares

Leave a Reply

Your email address will not be published. Required fields are marked *