Categories
national news trending

പത്ത് ശതമാനം സാമ്പത്തിക സംവരണം ശരിവെച്ച് സുപ്രീം കോടതി; അനുകൂലിച്ചത് മൂന്ന് ജഡ്ജിമാർസാമ്പത്തിക സംവരണം സാമൂഹ്യ ഘടനയെ ലംഘിക്കുന്നില്ലെന്നും അമ്പത് ശതമാനമാക്കാൻ സാധിക്കില്ലെന്നും ജസ്റ്റിസ് ദിനേശ് മഹേശ്വരി

ചീഫ് ജസ്റ്റിസ് യു.യു ലളിതിൻ്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ച് ഏഴുദിവസമാണ് വാദം കേട്ടത്

സർക്കാർ ജോലികളിലും വി​ദ്യാഭ്യാസ സ്ഥാപനങ്ങളിലും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് (economically weaker sections (EWS) പത്ത് ശതമാനം സംവരണം നല്‍കാനുള്ള തീരുമാനം ശരിവെച്ച് സുപ്രീംകോടതി. ഇത് അടിസ്ഥാന ഘടനയും തുല്യതയും ലംഘിക്കുന്നില്ലെന്നും സുപ്രീംകോടതി വിധിച്ചു.

വിധിയെക്കുറിച്ച് അറിയേണ്ടതെല്ലാം

1.ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിൽ ജസ്റ്റിസുമാരായ ദിനേഷ് മഹേശ്വരി, എസ്.രവീന്ദ്ര ഭട്ട്, ബേല എം.ത്രിവേദി, ജെ.ബി പർദിവാല എന്നിവരാണുള്ളത്. ജസ്റ്റിയ് യു.യു ലളിതും ജസ്റ്റിസ് ഭട്ടും സാമ്പത്തിക സംവരണത്തിന് എതിരെ വിയോജിപ്പ് പ്രകടിപ്പിച്ചപ്പോൾ മറ്റു മൂന്ന് ജഡ്ജിമാർ അനുകൂലമായി വിധി പറഞ്ഞു. അതിനാൽ ഈ വിഷയത്തിൽ 3:2 അനുപാതത്തിലുള്ള വിധിന്യായമാണ് ഉണ്ടായിരിക്കുന്നത്.

2.സാമ്പത്തിക മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയുള്ള സംവരണം സാമൂഹ്യ ഘടനയെ ലംഘിക്കുന്നില്ലെന്നും എന്നാലിത് അമ്പത് ശതമാനം ആക്കാൻ സാധിക്കില്ലെന്നും ജസ്റ്റിസ് ദിനേശ് മഹേശ്വരി പറഞ്ഞു.

3.ജസ്റ്റിസ് ബേല ത്രിവേദി ജസ്റ്റിസ് മഹേശ്വരിയുടെ അഭിപ്രായത്തോട് യോജിച്ചു. 103-ാം ഭേദഗതി ഭരണഘടനയുടെ ലംഘനമല്ലെന്നും സ്വാതന്ത്ര്യം നേടി എഴുപത്തിയഞ്ചു വർഷങ്ങൾക്കിപ്പുറം സംവരണ സമ്പ്രദായം പുനഃപരിശോധിക്കേണ്ടത് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

4.ജസ്റ്റിസുമാരായ മഹേശ്വരി, ത്രിവേദി എന്നിവരുടെ അഭിപ്രായത്തോട് ജസ്റ്റിസ് ജെ.ബി പർദിവാലയും യോജിച്ചു. സംവരണം നിക്ഷിപ്ത താൽപര്യങ്ങൾക്ക് വിധേയമാകാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

5.മേൽപ്പറഞ്ഞ അഭിപ്രായങ്ങളോട് ജസ്റ്റിസ് രവീന്ദ്ര ഭട്ട് തൻ്റെ വിയോജിപ്പ് പ്രകടിപ്പിച്ചു. ആനുകൂല്യങ്ങൾ ലഭിക്കുന്ന പിന്നാക്ക വിഭാഗക്കാർക്ക് മികച്ച അവസരം ലഭിക്കുന്നുവെന്ന തോന്നലാണ് 103-ാം ഭേദഗതിയിലൂടെ ഉണ്ടായിരിക്കുന്നതെന്നും ഈ ഭേദഗതിയിൽ നിന്ന് എസ്‌.സി, എസ്.ടി, ഒ.ബി.സി എന്നിവരെ ഒഴിവാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എസ്എന്‍ഡിപി, ഡി.എം.കെ, വിവിധ പിന്നോക്ക സംഘടനകള്‍ എന്നിവയടക്കം കോടതിയെ സമീപിച്ചിരുന്നു. കേരളത്തില്‍ നിന്ന് മുന്നാക്ക സമുദായ മുന്നണി ഉള്‍പ്പെടെ സംഘടനകളും കേസില്‍ കക്ഷി ചേര്‍ന്നിരുന്നു. ചീഫ് ജസ്റ്റിസ് യു.യു ലളിതിൻ്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ച് ഏഴുദിവസമാണ് വാദം കേട്ടത്. ആദ്യം മൂന്നംഗ ബെഞ്ചാണ് കേസില്‍ വാദം കേട്ടത്.

പിന്നീട് സുപ്രധാന നിയമ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് കണ്ട് ഭരണഘടനാ ബെഞ്ചിന് വിടുകയായിരുന്നു. സാമ്പത്തികം അടിസ്ഥാനമാക്കി സംവരണം ഉള്‍പ്പടെ പ്രത്യേക വകുപ്പുകള്‍ സൃഷ്ടിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കുന്ന 103 ഭേദഗതി, ഭരണഘടനയുടെ അടിസ്ഥാന ഘടനയെ തകര്‍ക്കുന്നത് ആണെന്നാണ് ഹര്‍ജിക്കാര്‍ മുന്നോട്ട് വച്ച പ്രധാനവാദം.

0Shares

Leave a Reply

Your email address will not be published. Required fields are marked *