Categories
education entertainment Kerala news

ശരീരഭാഷയുടെ അനന്ത സാധ്യതകളിൽ സൺഡേ തിയറ്ററിൻ്റെ അഭിനയ ശില്പശാല; നാടകത്തിലൂടെ അരങ്ങിൻ്റെ അറിവ് അനുഭവിച്ചറിയാം

സമൂഹത്തിൻ്റെ മുഖ്യധാരയിൽ നിന്നും ഇരുളിലേക്ക് മറഞ്ഞുനിന്നിരുന്ന നാടകകാലത്തെ തിരിച്ചുപിടിക്കുകയാണ് കുട്ടികളുടെ ക്യാമ്പിൻ്റെ ലക്ഷ്യം.

കാസർകോട്: കോവിഡ് കാലത്തിൻ്റെ അടച്ചിടലിൽ നിന്നും നാടകത്തെ കൈവിടാതെ പുതുതലമുറയുടെ നാടക സങ്കല്പങ്ങൾക്ക് വഴികാട്ടിയായി നാടകപഠന കളരി. കാസർകോട് ജില്ലാ പഞ്ചായത്തിൻ്റെ കുട്ടികളുടെ നാടക വീടായ കുറ്റിക്കോലിലെ സൺഡേ തിയറ്ററിലാണ് അഭിനയ ശില്പശാല നടക്കുന്നത്. അരങ്ങിൻ്റെ അറിവ് അനുഭവിച്ചറിയാൻ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി അറുപതോളം കുട്ടികൾ അഭിനയത്തിൻ്റെ അനന്ത സാധ്യതകളിൽ അഭിരമിക്കുകയാണ്. നാടകത്തിലൂടെ വിദ്യാഭ്യാസമെന്ന ആശയത്തിൽ പുതിയ തലമുറയെ വാർഞ്ഞെടുക്കുന്നതിന് ഈ പരിശീലന കളരിയിലൂടെ സാധിക്കുന്നു.

പ്രശസ്ത നാടക സംവിധായകനും തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിലെ പ്രൊഫസറുമായ ശ്രീജിത്ത് രമണനാണ് ക്യാമ്പ് നയിക്കുന്നത്. നാടക, സിനിമ സംവിധായകൻ ഗോപി കുറ്റിക്കോൽ, ഡോ.പ്രശാന്ത് കൃഷ്ണ, മണിപ്രസാദ്‌, പ്രവീൺ കാടകം, അനിത ശ്രീജിത്ത് തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുക്കുന്നു. മൂന്നുദിവസത്തെ പരിശീലന പരിപാടിയിൽ പങ്കെടുത്ത കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ നൽകും.

കൃത്യമായ ഒരു പഠന പദ്ധതിയും ഉള്ളടക്കവുമുള്ള നാടക കളരിയായി സൺഡേ തിയറ്റർ വളർന്നുവന്നത് വലിയൊരു കൂട്ടായ്മയുടെ ശ്രമഫലമായിരുന്നു. സമൂഹത്തിൻ്റെ മുഖ്യധാരയിൽ നിന്നും ഇരുളിലേക്ക് മറഞ്ഞുനിന്നിരുന്ന നാടകകാലത്തെ തിരിച്ചുപിടിക്കുകയാണ് കുട്ടികളുടെ ക്യാമ്പിൻ്റെ ലക്ഷ്യം.

നവീകരണവും ഉദ്ഘാടനവും

സൺഡേ തിയറ്ററിൻ്റെ നവീകരിച്ച കെട്ടിടോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഞായാറാഴ്ച നടന്ന ചടങ്ങിൽ വിദ്യഭ്യാസ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.സരിത എസ്.എൻ അധ്യക്ഷയായി. കാറഡുക്ക ബ്ലോക് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ സവിത ദാമോദരൻ, കുറ്റിക്കോൽ പഞ്ചായത്ത് പ്രസിഡണ്ട് മുരളി പയ്യങ്ങാനം, വാർഡ് മെമ്പർ അശ്വതി അജികുമാർ, മുൻ ജില്ലാ പഞ്ചായത്ത് അംഗം പി.ഗോപാലൻ തുടങ്ങിയവർ സംസാരിച്ചു. സൺഡേ തിയറ്റർ ഡയറക്ടർ ഗോപി കുറ്റിക്കോൽ സ്വാഗതവും സുനിൽ യാദവ് നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *