Categories
ഏറെ നാളത്തെ ആഗ്രഹം; ഒറ്റ ദിവസത്തേക്ക് പോലീസ് ഓഫീസറായി മലയാളി വിദ്യാര്‍ഥി മുഹമ്മദ് സല്‍മാന്‍ ഐ.പി.എസ്
മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ കണ്ടതോടെയാണ് സല്‍മാന് ഐ.പി.എസ് മോഹമുദിച്ചത്.
Trending News


ബെംഗളൂരു: ഒമ്പതാം ക്ലാസുകാരനായ മുഹമ്മദ് സല്‍മാന്‍ ഒറ്റദിവസത്തേക്ക് ബെംഗളൂരുവില്‍ പോലീസ് ഓഫീസറായി. ഡെപ്യൂട്ടി പോലീസ് കമ്മിഷണറുടെ കസേരയിലിരുന്ന് വാക്കിടോക്കിയില്‍ നിര്‍ദേശങ്ങള്‍ നല്‍കിയും പോലീസുകാരോടും ചുറ്റുംകൂടിയ മാധ്യമ പ്രവര്‍ത്തകരോടും കുശലം പറഞ്ഞും സല്‍മാന്‍ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്ന് സഫലമാക്കി. വ്യാഴാഴ്‌ച കുമരകത്തെ ശ്രീകുമാരമംഗലം പബ്ലിക് സ്‌കൂളിലെ അധ്യാപകരും നാട്ടുകാരും സാമൂഹിക മാധ്യമങ്ങളില്‍ പോലീസ് യൂണിഫോമിലുള്ള സല്‍മാൻ്റെ ചിത്രം പങ്കുവെച്ചിരുന്നു. സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ് സല്‍മാന്‍.
Also Read

തലാസീമിയ രോഗബാധിതനായ സല്‍മാന്‍ മജ്ജമാറ്റിവെക്കല്‍ ചികിത്സയ്ക്കാണ് കഴിഞ്ഞമാസം ബെംഗളൂരുവിലെ നാരായണ ഹെല്‍ത്ത് സിറ്റിയിലെത്തിയത്. നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ‘മേയ്ക്ക് എ വിഷ് ഫൗണ്ടേഷന്‍’ എന്ന സംഘടനാ പ്രവര്‍ത്തകരുമായി പരിചയപ്പെടുന്നത് ഇവിടെ വെച്ചാണ്. ഇത്തരം രോഗമുള്ള കുട്ടികളുടെ ആഗ്രഹങ്ങള്‍ സാധിച്ചു കൊടുക്കുന്നതിനായി പ്രയത്‌നിക്കുന്ന സന്നദ്ധ സംഘടനയാണ് ഇത്.
ഭാവിയില്‍ എന്തായിത്തീരണമെന്ന പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഒറ്റ ഉത്തരമേ സല്‍മാനുണ്ടായിരുന്നുള്ളൂ -ഐ.പി.എസ് ഓഫീസറാകണം. ആഗ്രഹം സാധിക്കുമെന്ന് പറഞ്ഞപ്പോള്‍ പതിവ് ആശംസ മാത്രമായേ സല്‍മാന് തോന്നിയുള്ളൂ. എന്നാല്‍, കഴിഞ്ഞദിവസം മേയ്ക്ക് എ വിഷ് പ്രവര്‍ത്തകര്‍ വിളിച്ചതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. വ്യാഴാഴ്‌ച കോറമംഗല പോലീസ് സ്റ്റേഷൻ്റെ ചുമതലയേല്‍ക്കാന്‍ ഒരുങ്ങാനായിരുന്നു നിര്‍ദേശം.

ഐ.പി.എസ്. ഓഫീസറുടെ യൂണിഫോമും തൊപ്പിയുമെല്ലാം സംഘടനതന്നെ സജ്ജമാക്കി. രാവിലെ 11 മണിയോടെയാണ് സല്‍മാന്‍ യൂണിഫോമില്‍ പോലീസ് സ്റ്റേഷനില്‍ ചെന്നിറങ്ങിയത്. ഡി.സി.പി. സി.കെ ബാബയുടെ നേതൃത്വത്തില്‍ പോലീസുകാര്‍ സ്വീകരിച്ചു. സ്റ്റേഷന്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു കൊടുത്തു. കര്‍ണാടകസ്വദേശിയായ 14 -കാരന്‍ മിഥിലേഷിനും സല്‍മാനൊപ്പം ഐ.പി.എസ് ഓഫീസറാകാനുള്ള ഭാഗ്യം ലഭിച്ചു.
സൗദിയില്‍ സ്വകാര്യ സ്ഥാപനത്തിലെ സുരക്ഷാ ജീവനക്കാരനായ കോട്ടയം നാട്ടകം ഇല്ലംപള്ളിയില്‍ മുജീബ് റഹ്മാൻ്റെയും ജാരി മോളുടെയും മകനാണ് സല്‍മാന്‍. മൂന്നുവര്‍ഷം മുമ്പ് വീടിനടുത്തുള്ള ഇല്ലിക്കല്‍ പാലം തകര്‍ന്നപ്പോള്‍ സംഭവസ്ഥലം സന്ദര്‍ശിക്കാനെത്തിയ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ കണ്ടതോടെയാണ് സല്‍മാന് ഐ.പി.എസുകാരൻ ആകണമെന്ന മോഹമുദിച്ചത്. മൂന്നുവര്‍ഷങ്ങള്‍ക്കിപ്പുറം ആഗ്രഹം സഫലമായപ്പോള്‍ സല്‍മാന് ഇരട്ടി സന്തോഷവുമുണ്ട്. സല്‍മാന്‍ ഏകദിന ഡെപ്യൂട്ടി പോലീസ് കമ്മിഷണറായതിൻ്റെ തലേന്നാണ് ഇല്ലിക്കലിലെ പാലം പുനര്‍നിര്‍മാണത്തിന് ശേഷം തുറന്നു കൊടുത്തത്.

Sorry, there was a YouTube error.